സിപിഎം പറവൂര്‍ ഏരിയാകമ്മറ്റി വിഎസ് പക്ഷത്തിലേയ്ക്ക്

Wednesday 10 December 2014 10:58 pm IST

പറവൂര്‍: സിപിഎം പറവൂര്‍ ഏരിയാ കമ്മറ്റിയില്‍ വരുന്ന 8 ലോക്കല്‍ സമ്മേളനങ്ങള്‍ കഴിഞ്ഞപ്പോള്‍ വിഎസ് പക്ഷം വ്യക്തമായ ഭൂരിപക്ഷത്തിലേക്ക്. മൂത്തകുന്നം, വടക്കേക്കര, ചിറ്റാറ്റുകര വെസ്റ്റ്, ഏഴിക്കര, ചേന്ദമംഗലം ലോക്കല്‍ കമ്മറ്റികളാണ് വിഎസ് പക്ഷം നിലനിര്‍ത്തിയത്. ചിറ്റാറ്റുകര ഈസ്റ്റ്, ടൗണ്‍ ഈസ്റ്റ്, വെസ്റ്റ് എന്നീ ലോക്കല്‍ കമ്മറ്റികള്‍ പിണറായി പക്ഷവും നിലനിര്‍ത്തി. 123 പ്രതിനിധികളാണ് ഏരിയസമ്മേളനത്തില്‍ പങ്കെടുക്കുന്നത്. ഇതില്‍ 68 പേര്‍ വിഎസ് പക്ഷത്തും 55 പേര്‍ ഔദ്യോഗിക പക്ഷത്തും ആണ്. 19,20,21,22 തീയ്യതികളില്‍ പുല്ലംകുളം എസ്എന്‍വിഎച്ച്എസില്‍ വച്ചാണ് ഏരിയാ സമ്മേളനം നടക്കുന്നത്. ഏത് വിധേനയും ഏരിയാ കമ്മിറ്റി പിടിക്കാനുള്ള അണിയറനീക്കങ്ങളാണ് ഔദ്യോഗിക പക്ഷം നീക്കുന്നത്. പ്രലോഭനങ്ങളും ഓഫറുകളുമായി നേതാക്കള്‍ രംഗത്തിറങ്ങിക്കഴിഞ്ഞു. എന്‍.എ.അലിയെ സെക്രട്ടറിസ്ഥാനത്ത് നിന്ന് മാറ്റി പിണറായി പക്ഷക്കാരനായ ടി. ആര്‍. ബോസിനെ ഇടക്കാലത്ത് സെക്രട്ടറിയായി അവരോധിച്ചത് അംഗങ്ങള്‍ക്കിടയില്‍ വലിയ എതിര്‍പ്പിന് ഇടയാക്കിയിരുന്നു. ഈ സംഭവവും ടി.ആര്‍.ബോസിനെതിരെ ഇദ്ദേഹം സെക്രട്ടറിയായിരുന്ന സത്താര്‍ ഐലന്റിലെ കയര്‍സൊസൈറ്റി വക സ്ഥലം വില്‍പ്പന നടത്തിയതില്‍ അഴിമതി നടത്തി എന്ന ആരോപണവും ബ്രാഞ്ച്, ലോക്കല്‍ സമ്മേളനങ്ങളില്‍ സജീവ ചര്‍ച്ചയാക്കുന്നതില്‍ വി.എസ്.പക്ഷം വിജയിക്കുകയായിരിന്നു. 2011ല്‍ ഒരു വോട്ടിനാണ് വിജയിച്ചതെങ്കില്‍ ഇക്കുറിവ്യക്തമായ ഭൂരിപക്ഷത്തില്‍ വിജയിക്കാം എന്ന പ്രതീക്ഷയിലാണ് വിഎസ്പക്ഷം. ഏരിയാസെക്രട്ടറി സ്ഥാനത്തേക്ക് എന്‍.എ.അലിതന്നെ വരണമെന്ന അഭിപ്രായമാണ് ഭൂരിപക്ഷം അംഗങ്ങള്‍ക്കും. വടക്കേക്കര ലോക്കല്‍ സെക്രട്ടറി കെ.എം.അംബ്രോസിനെയും സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്. ഔദ്യോഗിക പക്ഷം ടി.ആര്‍.ബോസിനെതന്നെയാണ് പരിഗണിക്കുന്നത്. ബോസ് തന്നെയാണ് സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നതെങ്കില്‍ തങ്ങള്‍ക്ക് വിജയം സുനിശ്ചിതമാണെന്നാണ് വിഎസ് പക്ഷത്തെ ഒരു പ്രമുഖ നേതാവ് പറഞ്ഞത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.