പാമോയില്‍ കേസില്‍ കക്ഷി ചേരാന്‍ വി.എസ് അപേക്ഷ നല്‍കി

Monday 17 October 2011 4:47 pm IST

കൊച്ചി: പാമോയില്‍ കേസില്‍ മുഖ്യമന്ത്രിക്കെതിരായ തുടരന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് ജിജി തോംസണ്‍ നല്‍കിയ ഹര്‍ജിയില്‍ കക്ഷി ചേരാന്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ അപേക്ഷ നല്‍കി. ജിജി തോംസണെ സഹായിക്കുന്ന നിലപാട് ഹൈക്കോടതിയില്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ സ്വീകരിച്ചുവെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. പാമോയില്‍ കേസിന്റെ തുടക്കം മുതല്‍ തന്നെ കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും ഇതിനെതിരെ താന്‍ ദീര്‍ഘകാലമായി പ്രവര്‍ത്തിച്ചുവരികയാണെന്നും വിവിധി കോടതികളെ താന്‍ ഇതിനകം സമീപിച്ചിട്ടുണ്ടെന്നും ജി തോംസണിന്റെ ഹര്‍ജിയില്‍ തന്റെ വാദം കൂടി കേള്‍ക്കേണ്ടത് ആവശ്യമാണെന്നും വി.എസ് അപേക്ഷയില്‍ ചൂണ്ടിക്കാണിക്കുന്നു. കേസിലെ അഞ്ചാം പ്രതിയായ ജിജി തോസണിന്റെ അവശ്യപ്രകാരം മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടിക്കെതിരെ തുടരന്വേഷണം നടത്താനുള്ള തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവ് ഹൈക്കോടതി ഒരു മാസത്തേയ്ക്ക് സ്റ്റേ ചെയ്തിരുന്നു. കേസില്‍ പ്രാരംഭ വാദം നടന്നപ്പോള്‍ തന്നെ സ്റ്റേ വേണമെന്ന ജിജി തോസന്റെ ആവശ്യത്തെ സര്‍ക്കാര്‍ അഭിഭാഷകന്‍ എതിര്‍ത്തില്ലെന്നും കോടതിയുടെ ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം നല്‍കാതെ അഭിഭാഷകന്‍ ഒഴിഞ്ഞുമാറിയെന്നും വി.എസ് നിയമസഭയിലടക്കം ആരോപണം ഉന്നയിച്ചിരുന്നു. അഴിമതി നിരോധന നിയമത്തില്‍ കേസില്‍ തുടരന്വേഷണം തടയുന്നത് അനുവദിക്കുന്നില്ലെന്നും ഇത് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നുവെങ്കില്‍ ഉമ്മന്‍‌ചാണ്ടിക്കെതിരായ അന്വേഷണം സ്റ്റേ ചെയ്യില്ലായിരുന്നുവെന്ന് നിയമവിദഗ്ദ്ധരും ചൂ‍ണ്ടിക്കാട്ടിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.