മാരാരിക്കുളം ഏരിയകമ്മറ്റി വിഎസ്-ഐസക് വിഭാഗം നിലനിര്‍ത്തി

Thursday 11 December 2014 9:21 pm IST

മണ്ണഞ്ചേരി: സിപിഎം മാരാരിക്കുളം ഏരിയ കമ്മറ്റി പിടിച്ചെടുക്കാനുള്ള ഔദ്യോഗികപക്ഷത്തിന്റെ നീക്കം പരാജയപ്പെട്ടു. വിഎസ്-ഐസക് വിഭാഗം ആധിപത്യം നിലനിര്‍ത്തി. നേതൃത്വത്തെ തെരഞ്ഞെടുക്കാനുള്ള അജന്‍ഡയില്‍ പുതിയ അഞ്ചംഗങ്ങളുടെ പേരുമായി ഔദ്യോഗികപക്ഷം രംഗത്ത് വന്നെങ്കിലും അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാടില്‍ വിഎസ്-ഐസക് പക്ഷം ഉറച്ചുനിന്നു. നിലവിലെ കമ്മറ്റി നന്നായി പ്രവര്‍ത്തിക്കുന്നവരാണെന്നും അവര്‍ക്ക് മാറ്റംവരുത്തേണ്ട കാര്യമില്ലെന്നും വിഎസ്-ഐസക് പക്ഷം ഉറച്ചനിലപാടെടുത്തപ്പോള്‍ പുതുതായി കൊണ്ടുവന്ന അഞ്ചംഗങ്ങളെ ഔദ്യോഗികപക്ഷത്തിന് പിന്‍വലിക്കേണ്ടി വന്നു. ജില്ലാസെക്രട്ടറിയെ നോക്കുകുത്തിയാക്കി സെക്രട്ടറിയേറ്റ് അംഗങ്ങള്‍ പാര്‍ട്ടിയെ ഹൈജാക്ക് ചെയ്യുകയാണെന്ന് ഏരിയ സമ്മേളനത്തില്‍ വിമര്‍ശനമുയര്‍ന്നു. മുഹമ്മ, മണ്ണഞ്ചേരി ലോക്കല്‍ കമ്മറ്റിയില്‍ നിന്നെത്തിയ പ്രതിനിധികളാണ് ഈ അഭിപ്രായപ്രകടനം നടത്തിയത്. പാര്‍ട്ടി നടത്തുന്ന പ്രക്ഷോഭങ്ങളില്‍ ജനപങ്കാളിത്തം കുറയുന്നത് വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടതുകൊണ്ടാണെന്ന് ഒരു വിഭാഗം തുറന്നടിച്ചു. പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കുകയും കമ്മ്യൂണിസ്റ്റുകാരെ ഞെട്ടിക്കുകയും ചെയ്ത പി.കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത സംഭവം നടന്നപ്പോള്‍ ആദ്യം ജില്ലാ നേതൃത്വം രംഗത്തുവന്നെങ്കിലും ചിലനേതാക്കള്‍ ഇതില്‍ നിന്നും നേതൃത്വത്തെ പിന്‍തിരിപ്പിച്ചതായും പ്രതിനിധികള്‍ ആരോപിച്ചു. ഇതുമൂലം പാര്‍ട്ടിക്കുണ്ടായ ക്ഷീണത്തിന് ഈ മൂന്നംഗ സെക്രട്ടറിയേറ്റ് അംഗങ്ങളാണ് ഉത്തരവാദികളെന്നും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ പറഞ്ഞു. 21 അംഗ ഏരിയകമ്മറ്റിയാണ് നിലവിലുണ്ടായിരുന്നതെങ്കിലും സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരം പത്തൊന്‍പതാക്കിച്ചുരുക്കി. ഏരിയ സെക്രട്ടറിയായി കെ.ഡി.മഹീന്ദ്രനെ തെരഞ്ഞെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.