വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാനാവില്ലെന്ന് മറുപടി കത്ത്

Thursday 11 December 2014 9:53 pm IST

കുമരകം: വിവാരാവകാശ നിയമപ്രകാരം പഞ്ചായത്ത് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്ക് നല്‍കിയ മറുപടി കത്ത് വിചിത്രം. വിവരങ്ങള്‍ ശേഖരിച്ച് നല്‍കുക എന്നത് വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുന്നതല്ലെന്നാണ് മറുപടി. വിവരാവകാശ നിയമപ്രകാരം ചോദിച്ച ചോദ്യങ്ങള്‍ ഇവയാണ്: പഞ്ചായത്ത് റിസോര്‍ട്ടുകള്‍ക്ക് ലൈസന്‍സ് നല്‍കുമ്പോള്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍, ലൈസന്‍സുകള്‍ക്ക് അപേക്ഷ നല്‍കുമ്പോള്‍ ഹാജരാക്കേണ്ട രേഖകള്‍, ആയതിന്റെ പകര്‍പ്പുകള്‍, നികുതി ഇനത്തില്‍ കുടിശികയുള്ള ഏതെങ്കിലും റിസോര്‍ട്ടുകള്‍ നിലവിലുണ്ടോ?, ഉണ്ടെങ്കില്‍ കുടിശിക നിലനില്‍ക്കേ ലൈസന്‍സുകള്‍ പുതുക്കി നല്‍കാന്‍ പാടുണ്ടോ?, എതെങ്കിലും റിസോര്‍ട്ടിന് നികുതിയോ മറ്റെന്തെങ്കിലും ബാധ്യതകളോ നിലനില്‍ക്കേ ലൈസന്‍സ് പുതുക്കി നല്‍കിയിട്ടുണ്ടോ? നിര്‍മ്മാണത്തിലിരിക്കേ പ്രവര്‍ത്തനം നടക്കുന്ന ഏതെങ്കിലും റിസോര്‍ട്ട് പഞ്ചായത്തിലുണ്ടോ? ഈ ചോദ്യങ്ങള്‍ക്ക് ഉണ്ട് അല്ലെങ്കില്‍ ഇല്ല എന്നുത്തരം നല്‍കാവുന്നതേയുള്ളു. ഇവയ്ക്ക് നല്‍കിയ മറുപടിയിലാണ് കുമരകം പഞ്ചായത്ത് സെക്രട്ടറി ടി. വേണുഗോപാല്‍ 'ചോദ്യകര്‍ത്താവിനുള്ള മറുപടിയില്‍ ചോദ്യവലിക്ക് വിവരങ്ങള്‍ ശേഖരിച്ച് മറുപടി നല്‍കുക എന്നത് വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുന്നതല്ലെന്ന' മറുപടി നല്‍കി തടിതപ്പാനൊരുങ്ങുന്നത്. നികുതി കുടിശിഖ നിലനില്‍ക്കേ പഞ്ചായത്ത് അധികാരികള്‍ വന്‍തുക കോഴവാങ്ങി ലൈസന്‍സ് പുതുക്കി നല്‍കിയതിനെ ചൊല്ലി വിവാദം നിലനില്‍ക്കേയാണ് പഞ്ചായത്ത് സെക്രട്ടറി ഇതിന് മറുപടി നല്‍കാനാകില്ലെന്ന് ചോദ്യകര്‍ത്താവിനെ രേഖാമൂലം അറിയിച്ചിട്ടുള്ളത്. നിര്‍മ്മാണം പൂര്‍ത്തീകരിക്കാതെ തന്നെ അധികൃതരുടെ മൗനാനുവാദത്തോടെ പ്രവര്‍ത്തിക്കുന്ന അനധികൃത റിസോര്‍ട്ടുകളും പ്രവര്‍ത്തിക്കുന്നതായി ശക്തമായ ആരോപണമാണ് ജനങ്ങള്‍ക്കിടയിലുള്ളത്. ഇത്തരം ആരോപണങ്ങള്‍ നിലനില്‍ക്കേ അത് ദൂരീകരിക്കുന്നതിന് വിവരാവകാശ നിയമപ്രകാരം ഒരു പൗരന് അവകാശമുണ്ട്. ആ അവകാശത്തെയാണ് പഞ്ചായത്ത് സെക്രട്ടറി തന്റെ മറുപടി കത്തിലൂടെ ഹനിച്ചിരിക്കുന്നത്. പഞ്ചായത്ത് സെക്രട്ടറിയുടെ കത്ത് ദുരൂഹത വര്‍ദ്ധിപ്പിക്കുകയും ആരോപണങ്ങള്‍ ശരിവയ്ക്കുന്നതുമാണെന്നാണ് ജനാഭിപ്രായം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.