തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ കായികമേളയില്‍ ഇന്നലെ അബ്ദുള്ള ചരിത്രമെഴുതി. സീനിയര്‍ ആണ്‍കുട്ടികളുടെ ട്രിപ്പിള്‍ ജംബിലാണ് കുമരം പുത്തൂര്‍ കല്ലടി എച്ച്എസ്എസിലെ അബ്ദുള്ള അബൂബക്കര്‍ നിലവിലെ റെക്കോര്‍ഡ് തിരുത്തി സ്വര്‍ണ്ണം കരസ്ഥമാക്കിയത്. 2013 ല്‍ കോതമംഗലം മാര്‍ ബേസില്സിലെ അബിന്‍ ബി സ്ഥാപിച്ച 14.96 മീറ്റര്‍ എന്ന റെക്കോര്‍ഡാണ് അബ്ദുള്ള 15.28 മീറ്റര്‍ ദൂരത്തേക്ക് ഉയര്‍ന്നു ചാടിമാറ്റിയെഴുതിയത്.
കൗമാര കായിക വസന്തത്തിന് കൊടിയിറങ്ങാന്‍ നിമിഷങ്ങള്‍ ബാക്കിനില്‍ക്കെയാണ് അബ്ദുള്ള മീറ്റ് റെക്കോര്‍ഡോടെ സ്വര്‍ണ്ണം നേടിയത്. ആദ്യ ജംബില്‍ തന്നെ 15.28 മീറ്റര്‍ ചാടിക്കടന്ന അബ്ദുള്ളയുടെ മുന്നേറ്റത്തിന് തടയിടാന്‍ ആര്‍ക്കുമായില്ല.
2013 ല്‍ ഏഷ്യന്‍ സ്കൂള്‍ മീറ്റില്‍ ട്രിപ്പിള്‍ ജംബില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കിയ അബ്ദുള്ള കഴിഞ്ഞ സംസ്ഥാന സ്കൂള്‍ കായികോത്സവത്തില്‍ ലോംഗ് ജംബിലാണ് മത്സരിച്ചത്. അന്ന് ലോംഗ് ജംബില്‍ രണ്ടാംസ്ഥാനമാണ് അബ്ദുള്ളയ്ക്ക് ലഭിച്ചത്. നാദാപുരം നരങ്ങോളി അബൂബക്കര്‍- സാറ ദമ്പതികളുടെ മകനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: