റെക്കോര്‍ഡുകളില്‍ ഇടിവ്

Thursday 11 December 2014 11:05 pm IST

തിരുവനന്തപുരം: അന്‍പത്തിയെട്ടാമത് സംസ്ഥാന സ്‌കൂള്‍ അത്‌ലറ്റിക് മീറ്റില്‍ റെക്കോര്‍ഡുകളുടെ എണ്ണത്തില്‍ കുറവ് അനുഭവപ്പെട്ടു. കഴിഞ്ഞ വര്‍ഷം കൊച്ചി യില്‍ 19 റെക്കോര്‍ഡുകള്‍ പിറന്നപ്പോള്‍ ഇത്തവണ ആകെ 15 റെക്കോര്‍ഡുകളാണ് പിറവിയെടുത്തത്. ദേശീയ ഉത്തേജക മരുന്ന് ഏജന്‍സിയുടെ പരിശോധന ഇത്തവണ കര്‍ശനമാക്കിയതിനാല്‍ പല താരങ്ങളും പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം പുറത്തെടുക്കാതിരുന്നതാണ് റെക്കോര്‍ഡുകള്‍ കുറയാന്‍ കാരണമെന്നാണ് അണിയറ സംസാരം. ആദ്യദിനം അഞ്ച് റെക്കോര്‍ഡുകളും രണ്ടാം ദിനം മൂന്നും മൂന്നാം ദിനം അഞ്ചും അവസാന ദിവസമായ ഇന്നലെ മൂന്നും റെക്കോര്‍ഡുകളാണ് മേളയില്‍ പിറവിയെടുത്തത്. ജൂനിയര്‍ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും വിഭാഗത്തില്‍ അമല്‍ പി. രാഘവും അബിത മേരി മാനുവലും സീനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ അബ്ദുള്ള അബൂബക്കറുമാണ് ഇന്നലത്തെ പുതിയ റെക്കോര്‍ഡിന് അവകാശികളായത്. സീനിയര്‍ ആണ്‍കുട്ടികളുടെ ട്രിപ്പിള്‍ ജംബില്‍ പാലക്കാട് കുമരംപുത്തൂര്‍ കെഎച്ച്എസിലെ അബ്ദുള്ള അബൂബക്കര്‍ 15. 28 മീറ്റര്‍ ചാടിയാണ് പുതിയ റെക്കോര്‍ഡ് സ്ഥാപിച്ചത്. കഴിഞ്ഞ വര്‍ഷം കോതമംഗലം മാര്‍ ബേസില്‍ എച്ച്എസ്എസിലെ അബിന്‍. ബി സ്ഥാപിച്ച 14.96 മീറ്ററിന്റെ റെക്കോര്‍ഡാണ് അബ്ദുള്ള അബൂബക്കര്‍ ഇന്നലെ തിരുത്തിക്കുറിച്ചത്. ജൂനിയര്‍ ആണ്‍കുട്ടികളുടെ ഷോട്ട്പുട്ടിലാണ് ഇന്നലെ മറ്റൊരു റെക്കോര്‍ഡ് പിറന്നത്. 15.31 മീറ്റര്‍ എറിഞ്ഞ് മാര്‍ബേസില്‍ എച്ച്എസ്എസിലെ അമല്‍ പി. രാഘവാണ് സ്വന്തം റെക്കോര്‍ഡ് തിരുത്തിയത്. കഴിഞ്ഞ വര്‍ഷം കൊച്ചിയില്‍ സ്ഥാപിച്ച 14.31 മീറ്ററായിരുന്നു മുന്‍ റെക്കോര്‍ഡ്. വെള്ളിമെഡല്‍ നേടിയ മാര്‍ബേസിലിന്റെ തന്നെ ശ്രീഹരി വിഷ്ണുവും 14.44 മീറ്റര്‍ എറിഞ്ഞ് നിലവിലെ റെക്കോര്‍ഡ് കീഴടക്കി. ജൂനിയര്‍ പെണ്‍കുട്ടികളുടെ 800 മീറ്ററില്‍ നെല്ലിപ്പൊയില്‍ സെന്റ് ജോണ്‍സ് എച്ച്എസ്എസിലെ ആതിര കെ.ആറിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി യാണ് ബാലുേശ്ശരി ജിജിഎച്ച്എസ്എസിലെ അബിത മേരി മാനുവല്‍ റെക്കോര്‍ഡ് സ്വന്തമാക്കിയത്. വെള്ളിമെഡല്‍ നേടിയ ബബിത. സി യും നിലവിലെ റെക്കോര്‍ഡ് മറികടന്നു. 2 മിനിറ്റ് 10.82 സെക്കന്റില്‍ പറന്നെത്തിയാണ് അബിത കഴിഞ്ഞ വര്‍ഷം പാലക്കാട് കുമരംപുത്തൂറ കെഎച്ച്എസിലെ ബബിത സ്ഥാപിച്ച രണ്ട് മിനിറ്റ് 11.91 സെക്കന്റിന്റെ റെക്കോര്‍ഡ് പഴങ്കഥയാക്കിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.