പ്രതിപക്ഷ ബഹളം : നിയമസഭ ഇന്നത്തേയ്ക്ക് പിരിഞ്ഞു

Friday 12 December 2014 11:49 am IST

തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ വിജിലന്‍സ് പ്രതി ചേര്‍ക്കപ്പെട്ട ധന മന്ത്രി കെ.എം മാണിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നിയമസഭ നടപടികള്‍ വെട്ടിച്ചുരുക്കി ഇന്നത്തേയ്ക്ക് പിരിഞ്ഞു. രാവിലെ ചോദ്യോത്തരവേള ആരംഭിക്കാന്‍ തുടങ്ങുമ്പോഴായിരുന്നു പ്രതിപക്ഷം ബഹളം ഉയര്‍ത്തിയത്. ബഹളം നിയന്ത്രിക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് സ്പീക്കര്‍ സഭാ നടപടികള്‍ നിര്‍ത്തിവച്ചു. തുടര്‍ന്ന് ശൂന്യവേള തുടങ്ങിയപ്പോള്‍ മാണിയുടെ രാജി ആവശ്യം അടിയന്തര പ്രമേയമായി ഉന്നയിക്കാന്‍ സുരേഷ് കുറുപ്പ് നോട്ടീസ് നല്‍കി. നിയമം നിയമത്തിന്റെ വഴിക്കും മാണി മാണിയുടെ വഴിക്കുമാണെന്ന് സുരേഷ് കുറുപ്പ് പറഞ്ഞു. മാണി രാജിവയ്ക്കണമെന്നും ബാര്‍ കോഴകേസില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തില്‍ല്‍ മാണിയെ അറസ്റ്റു ചെയ്ത് ചോദ്യം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വിജിലന്‍സ് സംഘവുമായി സംസാരിച്ചു എന്നായിരുന്നു പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്റെ ആരോപണം. കോഴപ്പണം കണ്ടെത്താന്‍ മന്ത്രി മാണിയുടെ ഓഫീസും വീടും പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിജിലന്‍സിനെ കൂട്ടിലടച്ച തത്തയാക്കിയെന്ന് വിഎസ് പറഞ്ഞു. ഈ സാഹചര്യത്തിലാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടതെന്നും വിഎസ് പറഞ്ഞു . മാണിയെ ആരും രക്ഷിക്കാന്‍ ശ്രമിക്കേണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. എന്നാല്‍ മാണി രാജിവയ്ക്കേണ്ടതില്ലെന്ന് അടിയന്തര പ്രമേയ നോട്ടീസ് മറുപടി പറഞ്ഞ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പറഞ്ഞു. മാണി കുറ്റക്കാരനാണെന്ന് വിജിലന്‍സ് കണ്ടെത്തിയിട്ടില്ല. മാണിക്കെതിരായ ആരോപണങ്ങളുടെ നിജസ്ഥിതി അന്വേഷിച്ചിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥരോട് ഒരു കാര്യവും ചര്‍ച്ച ചെയ്തിട്ടില്ല. എഫ്ഐആറില്‍ വിജിലന്‍സ് പറഞ്ഞ കാര്യങ്ങളാണ് സഭയില്‍ താന്‍ പറ‌ഞ്ഞതെന്നും ചെന്നിത്തല വിശദീകരിച്ചു. സര്‍ക്കാരിനെതിരെ ഉപയോഗിക്കാന്‍ പ്രതിപക്ഷത്തിന് ആയുധമൊന്നും ഇല്ലാത്തതിനാല്‍ ബാര്‍ കോഴ ഉന്നയിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു. തനിക്കെതിരായ ആരോപണങ്ങള്‍ നിഷേധിക്കുന്നുവെന്ന് കെഎം മാണി പ്രതികരിച്ചു. തുടര്‍ന്ന് ചെയറിലുണ്ടായിരുന്ന ഡപ്യൂട്ടി സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. ഇതോടെ പ്രതിപക്ഷം ബഹളവുമായി രംഗത്ത് എത്തുകയായിരുന്നു. മാണി രാജിവയ്ക്കുക, മാണിയെ പുറത്താക്കുക തുടങ്ങിയ ബാനറുകളും പ്ളക്കാര്‍ഡുകളുമായിട്ടായിരുന്നു പ്രതിപക്ഷം സഭയിലെത്തിയത്. ചോദ്യോത്തരവേളയിലെ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തരുതെന്ന് മാധ്യമങ്ങളെ സ്പീക്കര്‍ വാക്കാല്‍ വിലക്കി. മാണിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭക്കകത്തും പുറത്തും ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് പ്രതിപക്ഷം വ്യാഴാഴ്ച പ്രഖ്യാപിച്ചിരുന്നു. ഇന്നലെയാണ് മാണിയെ ഒന്നാം പ്രതിയാക്കി വിജിലന്‍സ്, കോടതിയില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.