ശ്രീനഗര്‍ : കാശ്മീരില്‍ ഇരുപത്തൊന്നുകാരിയായ നിയമ വിദ്യാര്‍ത്ഥിനിക്ക് ആസിഡാക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റു. തലസ്ഥാനമായ ശ്രീനഗറില്‍ വച്ചാണ് യുവതിയുടെ മുഖത്തേയ്ക്ക് അജ്ഞാതരായ രണ്ട് യുവാക്കള്‍ ആസിഡൊഴിച്ചത്.
യുവതിയുടെ മുഖത്തിനും കണ്ണുകള്‍ക്കുമാണ് പരിക്കേറ്റത്. യുവതിയെ ഷെരി കാശ്മീര്‍ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. യുവതിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നുവെന്നാണ് ആശുപത്രിവൃത്തങ്ങള്‍ നല്കുന്ന വിവരം. മുഖത്ത് ഗുരുതമായി പൊള്ളലേറ്റ ഇവരുടെ കാഴ്ച നഷ്ടമായേക്കാമെന്നും ഡോക്ടര്‍മാര്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. വലത് കണ്ണിന് ഗുരുതര പരിക്കാണുള്ളത്.
വ്യാഴാഴ്ച രാവിലെ പത്തര മണിയോടെയാണ് സംഭവം. യുവതി കോളേജിലേക്ക് പോകുന്ന വഴി വെളുത്ത മാരുതി 800 കാറിലെത്തിയ രണ്ടു പേരാണ് യുവതിയെ ആക്രമിച്ചതെന്ന് പോലീസ് അറിയിച്ചു. അതേ സമയം അക്രമികള്‍ക്കായി പൊലീസ് തിരച്ചില്‍ തുടരുകയാണ്. പ്രതികളെ കണ്ടുപിടിക്കാന്‍ പൊതുജനത്തിന്റെ സഹായവും തേടിയിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം ഒരു സ്വകാര്യ സ്കൂള്‍ അധ്യാപികയ്ക്ക് നേരെ സമാന രീതിയില്‍ ആസിഡ് ആക്രമണം നടന്നിരുന്നു. ഈ കേസിലെ പ്രതികളെ കോടതി പത്ത് വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: