സിപിഎം ജില്ലാ കമ്മറ്റി അംഗത്തെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു

Friday 12 December 2014 11:49 pm IST

ആലപ്പുഴ: കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാപക നേതാവ് പി. കൃഷ്ണപിള്ളയുടെ മുഹമ്മ കണ്ണര്‍കാട്ടെ സ്മാരകം കത്തിച്ച കേസില്‍ സിപിഎം ജില്ലാ കമ്മറ്റി അംഗവും ആലപ്പുഴ നഗരസഭാ മുന്‍ ചെയര്‍മാനുമായ പി.പി. ചിത്തരഞ്ജനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. ജില്ലാ സെക്രട്ടറി സി.ബി. ചന്ദ്രബാബു അടക്കമുള്ള പ്രമുഖ നേതാക്കളെ അടുത്ത ദിവസങ്ങളില്‍ ചോദ്യം ചെയ്യുമെന്നാണ് വിവരം. ക്രൈംബ്രാഞ്ച് എസ്പി: ആര്‍.കെ. ജയരാജന്റെ നേതൃത്വത്തില്‍ ഇന്നലെ തൃശൂരിലെ ഓഫീസില്‍ വച്ചാണ് ചിത്തരഞ്ജനെ ചോദ്യം ചെയ്തത്. സംഘടനാ കാര്യങ്ങളാണ് ലതീഷുമായി സംസാരിച്ചതെന്നാണ് ചിത്തരഞ്ജന്‍ മറുപടി നല്‍കിയത്. കേസ് അന്വേഷണത്തിന് തുടക്കത്തില്‍ നേതൃത്വം നല്‍കിയ മുന്‍ ചേര്‍ത്തല ഡിവൈഎസ്പി: കെ.എം. ലാല്‍, മുന്‍ മാരാരിക്കുളം സിഐ സുഭാഷ് എന്നിവരില്‍ നിന്ന് ഇന്നലെ ക്രൈംബ്രാഞ്ച് മൊഴിയെടുക്കുകയും ചെയ്തു. സിപിഎം ജില്ലാ സെക്രട്ടറി സി.ബി. ചന്ദ്രബാബു, രണ്ട് ജില്ലാ സെക്രട്ടറിയേറ്റംഗങ്ങള്‍ തുടങ്ങി പന്ത്രണ്ടോളം പാര്‍ട്ടി പ്രമുഖരെ അടുത്ത ദിവസങ്ങളില്‍ ചോദ്യം ചെയ്യുമെന്നാണ് അറിയു ന്നത്. സ്മാരകം കത്തിച്ച  ദിവസവും തൊട്ടടുത്ത ദിവസങ്ങളിലും ചിത്തരഞ്ജന്‍ പ്രതികളുമായി പലതവണ മണിക്കൂറുകള്‍ ഫോണില്‍ ബന്ധപ്പെട്ടിരുന്നതായി ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍. സ്മാരകം കത്തിച്ചതും പ്രതിമ തകര്‍ത്തതും അച്യുതാനന്ദന്റെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫംഗവും ഡിവൈഎഫ്‌ഐ ബ്ലോക്ക് കമ്മറ്റി ജോയിന്റ് സെക്രട്ടറിയുമായ ലതീഷ് ബി.ചന്ദ്രന്‍, സിപിഎം മുന്‍ കണ്ണര്‍കാട് ലോക്കല്‍ കമ്മറ്റി സെക്രട്ടറി സാബു, സിപിഎം, ഡിവൈഎഫ്‌ഐ നേതാക്കളായ പ്രമോദ്, രാജേഷ് രാജന്‍, ദീപു എന്നിവരാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഇവരെ പ്രതികളാക്കി കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. സംഭവത്തിനു പിന്നിലെ ഗൂഢാലോചന വെളിച്ചത്ത് കൊണ്ടുവരാനുള്ള അന്വേഷണമാണ് പ്രമുഖ സിപിഎം നേതാക്കളിലേക്ക് നീളുന്നത്. വിഎസ്-ഐസക് പക്ഷത്തിലെ നേതാക്കള്‍ മാത്രമല്ല ഔദ്യോഗിക പക്ഷത്തെ പ്രമുഖരും പ്രതികളുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതായി ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചിട്ടുണ്ട്. ജി ല്ലാ സെക്രട്ടറി സി.ബി. ചന്ദ്രബാബുവുമായി സ്മാരകം തകര്‍ത്ത സംഭവത്തിനു ശേഷം നിരന്തരം ബന്ധപ്പെട്ടിരുന്നതായി കഴിഞ്ഞദിവസം ലതീഷ് ബി.ചന്ദ്രന്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് അയച്ച കത്തില്‍ പരാമര്‍ശിച്ചിരുന്നു. കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമായതോടെ സിപിഎം കടുത്ത പ്രതിസന്ധിയിലായി. അണികള്‍ക്ക് പിന്നാലെ നേതാക്കളും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുമോയെന്ന് മാത്രമാണ് ഇനി അറിയാനുള്ളത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.