എസ്‌ഐയെ അക്രമിച്ച പ്രതികളെ റിമാന്‍ഡ് ചെയ്തു

Friday 12 December 2014 9:12 pm IST

പോലീസുകാരെ അക്രമിച്ച കേസില്‍ പിടിയിലായ പ്രതികള്‍

ഹരിപ്പാട്: തൃക്കുന്നപ്പുഴ എസ്‌ഐയെയും പോലീസുകാരനെയും അക്രമിച്ച കേസില്‍ പോലീസ് പിടികൂടിയ പ്രധാന പ്രതിയും സഹായികളും ഉള്‍പ്പെടെ എഴുപേരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പ്രധാന പ്രതി പല്ലന പാനൂര്‍ പൂത്തറ വീട്ടില്‍ മുജീബ് റഹ്മാന്‍ (37), പല്ലന കൊച്ചുതറയില്‍ സിയാദ് (33), ആലുവ പാനായിക്കുളം പണിക്കരുപറമ്പില്‍ റിസാല്‍ (23), പല്ലന തൈവപ്പില്‍ അബ്ദുള്‍ലത്തീഫ് (മോറീസ്-43), തോട്ടപ്പള്ളി പുതുവല്‍ വീട്ടില്‍ നിധിന്‍ (ഉണ്ണി-27), ഏരുമേലി പനച്ചേവീട്ടില്‍ ഷാജി (36), ചെങ്ങന്നൂര്‍ വെണ്ണുക്കര തുണ്ടില്‍ വില്ലയില്‍ സജിമാത്യൂ (52) എന്നിവരെയാണ് ഹരിപ്പാട് സിഐ ടി.മനോജിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

ഹരിപ്പാട് ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.  തോട്ടപ്പള്ളി തൃക്കുന്നപ്പുഴ റോഡില്‍ പല്ലന തോപ്പില്‍ മുക്ക് ഭാഗത്ത് ചൊവ്വാഴ്ച വൈകിട്ട് 6.30നായിരുന്നു അക്രമം. അക്രമത്തിന് ശേഷം ഒളിവില്‍ കഴിഞ്ഞ സംഘത്തെ വ്യാഴാഴ്ച രാത്രി എട്ടോടെയാണ് അടൂര്‍ കെഎസ്ആര്‍ടിസി ബസ് സ്‌റ്റേഷന് സമീപത്ത് നിന്ന് പിടികൂടിയത്. സംഭവ ശേഷം പ്രതികള്‍ നിരന്തരം ബന്ധപ്പെട്ടിരുന്ന നമ്പരുകള്‍ സൈബര്‍സെല്ലിന്റെ സഹായത്തോടെ നടത്തിയ നിരീക്ഷണത്തില്‍ പ്രതികളെ കുറിച്ച് വ്യക്തമായ വിവരം കിട്ടിയത്. നിധിന്‍, ഷാജി, സജി മാത്യൂ എന്നിവരാണ് പ്രതികള്‍ക്ക് ഒളിവില്‍ താമസിക്കുവാന്‍ സൗകര്യം  ഒരുക്കിയത്. അക്രമത്തിന് എത്തിയ സംഘം സഞ്ചരിച്ച കാര്‍  ചേര്‍ത്തലയില്‍ നിന്ന് വാടകക്കെടുത്തതാണെന്ന് ചോദ്യം ചെയ്യലില്‍ റിസാല്‍ സമ്മതിച്ചു.

എസ്‌ഐ: കെ.ടി സന്ദീപ്, സിപിഒ: വിനോദ് എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. വിനോദ് ഇപ്പോഴും വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഗൂഢാലോചന, കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍, ഗതാഗതം തടസപ്പെടുത്തല്‍, കൊലപാതകശ്രമം, സംഘം ചേരല്‍ തുടങ്ങിയ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് പോലീസ് പ്രതികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. മുജീബ് നിരവധികേസുകളിലും നിധിന്‍ അമ്പലപ്പുഴ പോലീസെടുത്ത രണ്ടു കേസിലെയും പ്രതിയാണ്. മറ്റുള്ളവരുടെ വിവരങ്ങള്‍ ശേഖരിച്ചുവരുകയാണ്.

പ്രതികളെ അക്രമം നടത്തിയ സ്ഥലത്ത് കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തി. കായംകുളം ഡിവൈഎസ്പി: ദേവമനോഹര്‍, സിഐ: ടി. മനോജ്, എസ്‌ഐ: കെ.ടി. സന്ദീപ് എന്നിവര്‍ വിവരങ്ങള്‍ വിശദീകരിച്ചു.സിഐ: മനോജിനോടൊപ്പം എസ്‌ഐ: കെ.ടി സന്ദീപ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ സന്തോഷ്, ജയചന്ദ്രന്‍, നൗഷാദ്, ശരത്, വിജയകുമാര്‍, ജയറാം എന്നിവര്‍ സംഘത്തില്‍ ഉണ്ടായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.