കോട്ടയത്ത് സിപിഎം സമ്മേളനങ്ങള്‍ പൊളിയുന്നു; ജനശ്രദ്ധ തിരിക്കാന്‍ കലാപത്തിന് നീക്കം

Friday 12 December 2014 10:06 pm IST

കോട്ടയം: സിപിഎം ബ്രാഞ്ച്, ലോക്കല്‍ സമ്മേളനങ്ങള്‍ പൊളിഞ്ഞു. അണികളുടെയും പൊതുജനങ്ങളുടെയും ശ്രദ്ധതിരിക്കാന്‍ ജില്ലയില്‍ വ്യാപക കലാപത്തിന് നേതൃത്വത്തിന്റെ രഹസ്യനീക്കം. ലോക്കല്‍ സമ്മേളനങ്ങള്‍ക്ക് സമാപനം കുറിച്ചുനടന്ന പൊതുസമ്മേളനം ഭൂരിപക്ഷം അംഗങ്ങളും അനുഭാവികളും ബഹിഷ്‌കരിച്ചു. പ്രതിനിധിസമ്മേളനങ്ങളാകട്ടെ അനിയന്ത്രിതമായ ഗ്രൂപ്പ് പോരാട്ടത്തിന്റെ വേദിയായിമാറി. മൂന്ന് ടേം പൂര്‍ത്തിയാക്കിയ സെക്രട്ടറിമാര്‍ മാറണമെന്ന നിര്‍ദ്ദേശത്തെ തുടര്‍ന്ന് സെക്രട്ടറിമാര്‍ മാറേണ്ടിവന്ന ലോക്കല്‍ കമ്മറ്റികളില്‍ എല്ലാംതന്നെ മത്സരം നടന്നു. ചില ലോക്കല്‍ സമ്മേളനങ്ങളില്‍ സെക്രട്ടറി സ്ഥാനത്തേക്ക് മൂന്ന്‌പേര്‍വരെ രംഗത്തുണ്ടായിരുന്നു. പതിവിന് വിപരീതമായി പ്രതിനിധികള്‍ ജില്ലാ-സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനമുയര്‍ത്തി. ചിലയിടങ്ങളില്‍ അംഗങ്ങള്‍ പരസ്പരം വ്യക്തിഹത്യ നടത്തിയത് കൈയ്യാങ്കളിയിലും കലാശിച്ചു. ഇതിനെതുടര്‍ന്ന് ജില്ലാ നേതൃത്വം ഏറെ കരുതലോടെയാണ് ഏരിയസമ്മേളനങ്ങള്‍ക്ക് തയ്യാറെടുത്തത്.പൂര്‍ത്തിയായ ഏരിയാകളില്‍നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സിപിഎം നേതൃത്വത്തിന് ആശ്വാസം പകരുന്നതല്ല. പാര്‍ട്ടിയുടെ ജില്ലയിലെ ഏറ്റവും ശക്തികേന്ദ്രമായ വൈക്കം ഏരിയാ സെക്രട്ടറി മൂന്ന് ടേം പൂര്‍ത്തിയാക്കാത്തതുകൊണ്ട് സെക്രട്ടറിയായി തുടരാന്‍ തീരുമാനിക്കുകയായിരുന്നു. ഏരിയ കമ്മറ്റിയിലേക്കും ജില്ലാസമ്മേളന പ്രതിനിധിയാകാനും കടുത്ത മത്സരമായിരുന്നു. തലയോലപ്പറമ്പ് ഏരിയ സമ്മേളനത്തിലാകട്ടെ വോട്ട് കാശുകൊടുത്തുവാങ്ങി എന്നുവരെയാണ് പ്രതിനിധികള്‍ പ്രചാരണം നടത്തുന്നത്. പുതുതായി തെരഞ്ഞെടുക്കപ്പെട്ട സെക്രട്ടറി വൈക്കത്തെ കരമണല്‍ ലോബിയുടെ പ്രതിനിധിയാണെന്നും സമ്മേളനത്തില്‍ ഇവരുടെ പണകൊഴുപ്പാണ് വിജയിച്ചതെന്നുമാണ് ഒരുവിഭാഗത്തിന്റെ ആരോപണം. ഇദ്ദേഹം പഞ്ചായത്ത് പ്രസിഡന്റായിരുന്നപ്പോഴാണ് ആലപ്പുഴ ജില്ലയിലേക്കുള്ള ശുദ്ധജലവിതരണ പദ്ധതിയായ ജപ്പാന്‍കുടിവെള്ള പദ്ധതിയുടെ പേരില്‍ കരാറുകാരനില്‍നിന്നും 97 ലക്ഷം രൂപയുടെ തിരിമറി നടന്നതായി ആരോപണമുണ്ടായത്. കടുത്തുരുത്തി ഏരിയസമ്മേളനം വരുന്നതേയുള്ളു. മുന്‍ ഡിവൈഎഫ്‌ഐ നേതാവ് ജയകൃഷ്ണന്‍, സിഐറ്റിയു നേതാവായ കെ.യു വര്‍ഗ്ഗീസ്, അഡ്വ. ശശികുമാര്‍ എന്നിവരാണ് സെക്രട്ടറി സ്ഥാനത്തേക്ക് രംഗത്തുള്ളത്. നേതാക്കള്‍ പരസ്പരം ആരോപണമുന്നയിച്ച് പ്രതിനിധികളെ സ്വാധീനിക്കുവാനുള്ള ശ്രമത്തിലാണ്. കോട്ടയം ഏരിയ സമ്മേളനമാണ് പാര്‍ട്ടി നേതൃത്വത്തെ കൂടുതല്‍ വെട്ടിലാക്കിയത്. അടുത്തകാലംവരെ സിപിഐ അടക്കമുള്ള ഇതര രാഷ്ട്രീയകക്ഷികളെ പ്രവര്‍ത്തിക്കുവാന്‍പോലും അനുവദിക്കാത്ത സിപിഎം ശക്തികേന്ദ്രമായ കുമരകത്ത് നടക്കുന്ന സമ്മേളനം ഇന്നാണ് സമാപിക്കുന്നത്. സമ്മേളനത്തിന് തുടക്കം കുറിച്ചുകൊണ്ട് നടന്ന പതാക, ബാനര്‍, കൊടിമരജാഥകളില്‍ കുമരകത്തുനിന്നും പത്തില്‍താഴെ മാത്രമാളുകളാണ് പങ്കെടുത്തത്. പ്രതിനിധി സമ്മേളനത്തില്‍ പങ്കെടുക്കേണ്ട 135 തെരഞ്ഞെടുക്കപ്പെട്ട സമ്മേളന പ്രതിനിധികളും 16 ഏരിയാകമ്മറ്റിയംഗങ്ങളുമടക്കം 151 പേര്‍ പങ്കെടുക്കേണ്ടതില്‍ 70ഓളം പോര്‍മാത്രമാണ് ആദ്യദിനം പങ്കെടുത്തത്. ഇന്ന് നടക്കുന്ന ചുവപ്പുസേന മാര്‍ച്ചില്‍ ആളെ കൂട്ടുന്നതിന് ആലപ്പുഴ അടക്കമുള്ള സമീപപ്രദേശത്തുനിന്നും പ്രവര്‍ത്തകരെ എത്തിക്കുന്നതിനുള്ള ശ്രമത്തിലാണ് നേതൃത്വം. സമ്മേളനപരാജയം മറച്ചുവയ്ക്കാന്‍ ജില്ലയില്‍ വ്യാപക കലാപം അഴിച്ചുവിടുന്നതിനുള്ള ശ്രമവും നടക്കുന്നുണ്ട്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ സിപിഎം പ്രവര്‍ത്തകര്‍ സംഘപരിവാര്‍ സംഘടനകളിലേക്ക് എത്തിയത് കുമരകത്താണ്. അവിടെ നിരന്തരമായ സംഘര്‍ഷമാണ് സൃഷ്ടിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.