കര്‍മത്തിന്‌ ഉയര്‍ന്ന ലക്ഷ്യം വേണം

Monday 17 October 2011 7:21 pm IST

മിക്കവരുടെയും ജീവിതത്തില്‍ ആദര്‍ശമോ ഉന്നതലക്ഷ്യമോ ഒന്നിന്‍രെയും വ്യക്തമായ സങ്കല്‍പമോ ഇല്ലാത്ത ഉദ്ദേശ്യശൂന്യമായ കര്‍മമാണുള്ളതെന്നു കാണാം. അവ്യക്തമായ ആശയങ്ങളുടെയും ആഗ്രഹങ്ങളുടെയും കടലില്‍ ചുറ്റിയലയല്‍മാത്രമാണത്‌.ഇവര്‍ പൊതുവേ കര്‍ത്തവ്യമെന്ന്‌ വിളിക്കുന്നത്‌ വാസ്തവത്തില്‍ ആസ്ക്തിയല്ലാതെ മറ്റൊന്നുമല്ല. മിക്കവരും കര്‍മനിരതരായിരിക്കുന്നത്‌ ആസക്തികൊണ്ടും വിഷയഭോഗേച്ഛകൊണ്ടുമാണ്‌. ആസക്തിയുടെയും തെറ്റായ മൂല്യങ്ങളുടെയും മാര്‍ഗം പിന്തുടര്‍ന്നാല്‍ കര്‍മനിരതനായിരിക്കാന്‍ എളുപ്പമാണ്‌. പലപ്പോഴും ആസക്തികൊണ്ട്‌, ഏതെങ്കിലും തരത്തിലുള്ള ലോഭംകൊണ്ട്‌ നാം ഒരു കാര്യത്തിന്‌ കര്‍ത്തവ്യമെന്ന്‌ പേര്‌ കൊടുക്കുന്നു. എന്നാലത്‌ കര്‍ത്തവ്യമേ അല്ല. നാമതിന്‌ വലിയൊരു പേരുകൊടുത്ത്‌ സംതൃപ്തരാവുന്നുണ്ടെങ്കിലും അത്‌ ആസക്തിയും വിഷയഭോഗച്ഛയും മാത്രമാണ്‌. ശരിയായ കര്‍ത്തവ്യത്തില്‍ വ്യക്തിപരമായാലും സാമൂഹ്യമായാലും ആസക്തിയുടെയും അഹങ്കാരത്തിന്റെയും അംശം ഉണ്ടാവാന്‍ പാടില്ല. ചെയ്യേണ്ടതാണ്‌ എന്ന ബോധം കൊണ്ട്‌ മാത്രം, വ്യക്തിപരമായ സ്വാര്‍ത്ഥമേ ഇല്ലാതെ ഈശ്വരന്‌ പൂര്‍ണമായ ആത്മസമര്‍പ്പണഭാവത്തോടെ കര്‍മം ചെയ്യണം.
സാധാരണയായി ജനങ്ങള്‍ കര്‍മം ചെയ്യുന്നത്‌ ഇന്ദ്രിയങ്ന്‍ഘളുടെയും സ്ഥൂലവും സൂക്ഷ്മവുമായ സ്വാര്‍ത്ഥപരമായ ആഗ്രഹങ്ന്‍ഘളുടെയും അടിമകളായിട്ടാണ്‌. എന്നാല്‍ മഹാത്മാക്കള്‍ കര്‍മം ചെയ്യുന്നത്‌ തങ്ങളുടെ അന്തമായ സ്വാതന്ത്ര്യത്തില്‍ നിന്നുകൊണ്ടാണ്‌-ആസക്തികൊണ്ടല്ല, സാധാരണ ധരിക്കുന്ന മാതിരിയുള്ള കര്‍ത്തവ്യബോധംകൊണ്ടുമല്ല. തങ്ങള്‍ ഈശ്വരന്റെ ഉപകരണങ്ങളാണെന്ന്‌ പൂര്‍ണമായി അറിഞ്ഞുകൊണ്ട്‌ എല്ലാ കര്‍മങ്ങളും സര്‍വാന്തര്യാമിയായ പരമേശ്വരന്നുള്ള പ്രേമപൂര്‍വമായ സേവനമായി ചെയ്യുന്നു.
നമ്മുടെ കര്‍മങ്ങള്‍ക്ക്‌ ലക്ഷ്യമായി നമ്മുടെ ക്ഷുദ്രങ്ങളായ ആഗ്രഹങ്ങളുടെ മണ്ഡലത്തിന്നപ്പുറത്ത്‌ ഒരു ലക്ഷ്യം വേണം. ആ ലക്ഷ്യം സാക്ഷാത്കരിക്കുകയും വേണം. കര്‍മം ഒരിക്കലും ഉദ്ദേശ്യശൂന്യമാവരുത്‌. കര്‍മത്തിനുവേണ്ടി കര്‍മം എന്നത്‌ പാടില്ല. തങ്ങള്‍ കര്‍മനിരതാണെന്നഭിമാനിക്കുന്ന പലരുമുണ്ട്‌. അവര്‍ക്ക്‌ വെറുതെ ഇരിക്കാന്‍ വയ്യെന്നേ അതിനര്‍ത്ഥമുള്ളൂ. തനിയെ തങ്ങളുടെ ചിന്തകള്‍മാത്രമായിരിക്കാന്‍ അവര്‍ക്ക്‌ പേടിയാണ്‌. അത്കൊണ്ട്‌ അവര്‍ക്കെന്തെങ്കിലും ചെയ്യതുകൊണ്ടിരിക്കണം. അവരുടെ കര്‍മനിരതത്വം മാര്‍ക്കടന്റേറതിന്ന്‌ തുല്യമാണ്‌. അതും സദാ എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കുന്നു. പക്ഷേ എന്തിനെന്നാര്‍ക്കുമറിയില്ല. ഇതിലഭിമാനിക്കാനൊന്നുമില്ല. അവര്‍ ശാരീരകതലത്തില്‍ സദാ എന്തെങ്കിലും കാണുകയോ കേള്‍ക്കുകയോ പ്രവൃത്തിക്കുകയോ ചെയ്തുകൊണ്ടിരിയ്ക്കുന്നു. അത്‌ സാധിച്ചില്ലങ്കില്‍ അവര്‍ക്ക്‌ വിഷമം തോന്നുന്നു. അവര്‍ക്ക്‌ ചിന്താമണ്ഡലത്തില്‍ വര്‍ത്തിക്കാന്‍ വയ്യ. ഗുരുദേവന്‍ പറഞ്ഞ കാമകാഞ്ചനങ്ങള്‍ക്കായി ആസക്തികൊണ്ടും ശരീരാഭിനിവേശംകൊണ്ടുമാണ്‌ മിക്കവരും കര്‍മം ചെയ്യുന്നത്‌. ഒരാള്‍ക്ക്‌ ശരിയായ കര്‍ത്തവ്യബോധം വന്നിട്ടുണ്ടെങ്കില്‍ അത്‌ നല്ലത്‌ തന്നെ. എന്നാല്‍ അത്‌ ഒരു ചങ്ങലയാണ്‌. അതിനെക്കാള്‍ നല്ലതും ഉയര്‍ന്നതുമായ ഒന്നുണ്ട്‌. പൂര്‍ണമായ ആത്മസമര്‍പണത്തോടെ സര്‍വാന്തര്യമിയായ പരമേശ്വരനെ പ്രേമപൂര്‍വം സേവിക്കുക.
തീര്‍ച്ചായായും ഈ ഉയര്‍ന്ന ആദര്‍ശം അതിന്റെകൂടെ ചില പരിമിതികള്‍ കൊണ്ടുവരും. അതുള്ള ഒരാള്‍ക്ക്‌ പിന്നെ ഇഷ്ടംപോലെ ആലോചനാരഹിതമായി കര്‍ത്തവ്യങ്ങളെന്നു പറയുന്നതും മറ്റുവിധത്തിലുള്ള പലവിധ കര്‍മങ്ങള്‍ ചെയ്തുകൊണ്ടിരിക്കാന്‍ പറ്റില്ല. ആത്മാര്‍ത്ഥതയും തത്ത്വദീക്ഷയുമുള്ള ഒരാള്‍ക്ക്‌ എന്തായാലും ഇതൊന്നും പാടില്ല. തത്ത്വദീക്ഷയുള്ളവര്‍ക്ക്‌ അതില്ലാത്വരെക്കാള്‍ പരിമിതികളുണ്ട്‌. എന്നാല്‍ ഈ പരിമിതി കൂടുതലുയര്‍ന്ന ഒന്നാണ്‌. ഉന്നതാദര്‍ശത്തെ ആത്മാര്‍ത്ഥമായി അനുസരിക്കുകയാണെങ്കില്‍ ചില കര്‍മങ്ങളും കര്‍ത്തവ്യങ്ങളും അതിനോട്‌ യോജിക്കുന്നില്ലെന്ന്‌ കാണാം. അവയെല്ലാം ഉപേക്ഷിക്കാതെ വേറെ വഴിയില്ല.
ആദര്‍ശം പൂര്‍ണമായി അനുഷ്ഠിക്കുന്നില്ലെങ്കില്‍ നാം ബലഹീനരാണെന്ന്‌ അറിയുകയും പറയുകയും ചെയ്യണം. എന്തെങ്കിലും കുറവ്‌ വരുത്തുകയാണെങ്കില്‍ത്തന്നെ എന്നെങ്കിലും എല്ലാ കുറവുകള്‍ക്കുമുപരി ഉയരാന്‍വേണ്ടി ആയിരിക്കണമത്‌. ന്യായീകരണത്തിന്‌ ശ്രമിക്കുകയോ ആദര്‍ശത്തെ താഴ്ത്തുകയോ ചെയ്യരുത്‌. കര്‍ത്തവ്യം വിഷമം പിടിച്ചപ്രശ്നമാണ്‌. നമ്മെ പുരോഗമിക്കുവാന്‍ സഹായിക്കുന്നതാണ്‌ കര്‍ത്തവ്യം. പുരോഗമനം തടയുന്നതും കുറയ്ക്കുന്നതും അകര്‍ത്തവ്യം.
ഇതെല്ലാം പൊതുവായ നിര്‍വചനങ്ങള്‍ മാത്രമാണ്‌. എപ്പോഴും വലുതിന്‌ വേണ്ടി ചെറുതിനെ ത്യജിക്കണം. ആത്മാവിനുവേണ്ടി അഹങ്കാത്തെ ത്യജിക്കണം. ഇങ്ങനെ ചെയ്യുമ്പോള്‍ നാം സാവാധാനം കൂടുതലയര്‍ന്ന കര്‍ത്തവ്യങ്ങളിലേയക്ക്‌ ഉയരുന്നു. അങ്ങനെ ലക്ഷ്യത്തിലെത്തുന്നതോടെ എല്ലാ കര്‍ത്തവ്യങ്ങളും വിട്ടുപോകുന്നു. പിന്നെ ബാക്കിയുള്ളത്‌ പൂര്‍ണമായ ആത്മസമര്‍പണത്തോടും സ്വാര്‍ത്ഥവിസ്മൃതിയോടുകൂടി സര്‍വാന്തര്യാമിയായ ഈശ്വരനെ പ്രേമപൂര്‍വം സേവിക്കുകമാത്രം. എല്ലാ മഹാത്മാക്കളും കാണിച്ചുതന്ന ആദര്‍ശമിതാണ്‌.
- യതീശ്വരാനന്ദസ്വാമികള്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.