കോണ്‍ഗ്രസും കയ്യൊഴിഞ്ഞു: മാണി രാജിവയ്ക്കും

Friday 12 December 2014 11:46 pm IST

തിരുവനന്തപുരം: ധനമന്ത്രി കെ.എം. മാണി രാജിക്കൊരുങ്ങുന്നു. ബാര്‍കോഴക്കേസില്‍ നിന്ന് തലയൂരാന്‍  പറ്റാത്ത അവസ്ഥയിലെത്തിയ മാണിയുടെ മുന്നിലുള്ള   മാര്‍ഗം രാജിമാത്രമാണ്. കേസില്‍ കോണ്‍ഗ്രസ് തന്നെ ചതിക്കുകയായിരുന്നുവെന്ന കടുത്തനിലപാടിലാണ് ഇപ്പോള്‍ മാണി. ഇന്നലെ ചേര്‍ന്ന കേരള കോണ്‍ഗ്രസ് ഉന്നതതല യോഗത്തിന്റെ പൊതുവികാരവും ഇതായിരുന്നു. യോഗത്തില്‍ പങ്കെടുത്തവരെല്ലാം കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തിയാണ് സംസാരിച്ചത്. കോണ്‍ഗ്രസിലെ പൊട്ടിത്തെറി ഒഴിവാക്കാന്‍ മാണിയെ ബലിയാടാക്കി എന്നും യോഗത്തില്‍ ഒരു നേതാവ് പറഞ്ഞു. രാഷ്ട്രീയമായി പ്രശ്‌നം നേരിടുമെന്നാണ് നേതൃയോഗത്തിന് ശേഷം മാണി പറഞ്ഞതെങ്കിലും രാജിവയ്ക്കാന്‍ തന്നെയാണ് മാണിയുടെ തീരുമാനം. പാര്‍ട്ടിനിയോഗിച്ച അന്വേഷണ സമിതി കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തി റിപ്പോര്‍ട്ട് നല്‍കും.  അതിന്റെ പേരില്‍ രാജിവയ്ക്കാനാണ് നീക്കം. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തയുടന്‍ രാജിവയ്ക്കുന്നതിനെ സംബന്ധിച്ച് മാണി സഭാനേതൃത്വവുമായി ചര്‍ച്ച ചെയ്തിരുന്നു. എടുത്തുചാടി ഒന്നുംചെയ്യരുതെന്ന നിര്‍ദ്ദേശമാണ് കിട്ടിയത്. ആരോപണത്തിന്റെപേരില്‍ രാജിവക്കേണ്ടതില്ലെന്ന് ഒരു ബിഷപ്പ് പരസ്യമായി പറയുകയും ചെയ്തു. എന്നാല്‍ നിയമ വകുപ്പിനെ അറിയിക്കാതെ നിയമോപദേശം തേടിയതും  എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിനെക്കുറിച്ച് സൂചനപോലും നല്‍കാതിരുന്നതും മാണിയെ ചൊടിപ്പിച്ചിട്ടുണ്ട്. പോകാനുള്ള തന്റെ ശ്രമത്തിന് പൂര്‍ണ്ണവിരാമമിടാന്‍ ഉമ്മന്‍ചാണ്ടി ആവിഷ്‌ക്കരിച്ച  തന്ത്രമാണ് കോഴആരോപണവും കേസുമെന്നാണ്  മാണിയുടെ നിലപാട്. മുഖ്യമന്ത്രിയാവാന്‍ ശ്രമിച്ചിട്ട് മുഖ്യപ്രതിയായി മാറിയ സാഹചര്യത്തില്‍ മന്ത്രിസ്ഥാനം രാജിവയ്ക്കുന്നതാണ് മുഖംരക്ഷിക്കാന്‍ നല്ലതെന്ന നിലപാടിലാണ് മാണി. രാജി ഒഴിവാക്കാന്‍ കേരള കോണ്‍ഗ്രസിലെ ഒരുവിഭാഗം ശക്തമായ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. മാണി രാജിവച്ചാല്‍ കേരളകോണ്‍ഗ്രസ് പിളരുമെന്നും ഒരു വിഭാഗം  യുഡിഎഫില്‍തന്നെ നിലകൊള്ളുമെന്നുമാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. മാണിയെ രക്ഷിക്കാന്‍ മന്ത്രിമാര്‍ക്കോ ഘടകകക്ഷികള്‍ക്കോ പറ്റാത്ത സാഹചര്യമാണ്. കോണ്‍ഗ്രസ് മാണിയെ കയ്യൊഴിഞ്ഞ മട്ടാണ്. ബാര്‍കോഴക്കേസ് സര്‍ക്കാരിന്റെ പ്രതിച്ഛായ നഷ്ടപ്പെടുത്തിയെന്നും മുഖംരക്ഷിക്കാന്‍ രാജിയല്ലാതെ വഴിയില്ലെന്നുമാണ് കോണ്‍ഗ്രസിലെ ഭൂരിപക്ഷത്തിന്റെയും അഭിപ്രായം. രാജിവയ്ക്കാതെ മുന്നോട്ടുപോയാല്‍ ബാര്‍കോഴ കേസ് കൂടുതല്‍ വഷളാകും. വരുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ വന്‍തിരിച്ചടി നേരിടും. കോണ്‍ഗ്രസിന് വലിയ തോല്‍വി നേരിടേണ്ടിവരും. ബാര്‍ കോഴ കോണ്‍ഗ്രസിന്റെ നിലനില്‍പ്പ്  തന്നെ അപകടത്തിലാക്കും. കേസെടുത്ത് അന്വേഷണം തുടങ്ങിയാല്‍ ബാര്‍കോഴ കൂടുതല്‍ വികൃതമാകുമെന്നും അതിനുമുമ്പ് മാണി രാജിവയ്ക്കുന്നതാണ് നല്ലതെന്നുമുള്ള അഭിപ്രായത്തിനാണ് കോണ്‍ഗ്രസില്‍ മുന്‍തൂക്കം. മാണിക്കെതിരെ കേസ് കൂടി വന്നതോടെ പരസ്പര വിശ്വാസം നഷ്ടപ്പെട്ട് യുഡിഎഫ് കലങ്ങി മറിഞ്ഞുകഴിഞ്ഞു. ഘടകകക്ഷി തന്നെ മന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ ഓഫീസിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചതോടെ ലീഗില്‍ രോഷം പുകയുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.