സഞ്ജീവ്‌ ഭട്ടിന്‌ സോപാധിക ജാമ്യം

Monday 17 October 2011 8:35 pm IST

അഹമ്മദാബാദ്‌: ഗുജറാത്തില്‍ മുഖ്യമന്ത്രി നരേന്ദ്രമോഡിക്കെതിരെ കൃത്രിമമായി തെളിവുകള്‍ സൃഷ്ടിച്ചുവെന്ന കേസില്‍ അറസ്റ്റിലായ ഐപിഎസ്‌ ഉദ്യോഗസ്ഥന്‍ സഞ്ജീവ്‌ ഭട്ടിന്‌ 17 ദിവസത്തിനുശേഷം കോടതി ജാമ്യം അനുവദിച്ചു. അന്വേഷണത്തോട്‌ സഹകരിക്കണമെന്നും ആവശ്യപ്പെട്ടാല്‍ ഹാജരാകണമെന്നുമുള്ള ഉപാധികളോടെയാണ്‌ സെഷന്‍സ്‌ ജഡ്ജി വി.കെ. വ്യാസ്‌ ജാമ്യമനുവദിച്ചത്‌.
ഗോധ്ര സംഭവം നടന്ന ശേഷം 2002 ഫെബ്രുവരി 27ന്‌ മുഖ്യമന്ത്രി വിളിച്ചുകൂട്ടിയ യോഗത്തില്‍ സന്നിഹിതനായിരുന്നുവെന്ന വ്യാജരേഖ ഒരു കോണ്‍സ്റ്റബിളിനെ ഭീഷണിപ്പെടുത്തി ഒപ്പിടുവിച്ചു എന്ന കേസിലാണ്‌ സഞ്ജീവ്‌ ഭട്ടിനെ സപ്തംബര്‍ 30ന്‌ പോലീസ്‌ അറസ്റ്റ്‌ ചെയ്തത്‌. കോണ്‍സ്റ്റബിളായ കെ.ഡി. പാന്ത്‌ ആണ്‌ തന്നെ ഭീഷണിപ്പെടുത്തി സഞ്ജീവ്‌ ഭട്ട്‌ വ്യാജരേഖയുണ്ടാക്കാന്‍ ശ്രമിച്ചുവെന്ന്‌ അറിയിച്ചത്‌. ഒക്ടോബര്‍ 30ന്‌ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നുവെങ്കിലും അത്‌ അനുവദിക്കപ്പെട്ടില്ല.