ഹിറ്റ്ലര്‍ ആത്മഹത്യ ചെയ്തില്ല; അന്ത്യം അര്‍ജന്റീനയില്‍!

Monday 17 October 2011 8:41 pm IST

ലണ്ടന്‍: അഡോല്‍ഫ്‌ ഹിറ്റ്ലര്‍ 1945 ല്‍ ആത്മഹത്യ ചെയ്യുകയായിരുന്നില്ല അര്‍ജന്റീനയില്‍ തന്റെ അന്ത്യനാളുകള്‍ ചെലവിടുകയായിരുന്നുവെന്ന്‌ പുതിയ വെളിപ്പെടുത്തല്‍. ബ്രിട്ടീഷ്‌ പത്രപ്രവര്‍ത്തകരായ ഗീറാഡ്‌ വില്യംസും, സൈമണ്‍ ഡണ്‍സ്റ്റാണുമാണ്‌ ഗ്രേ വൂള്‍ഫ്‌, ദ എസ്ക്കേപ്പ്‌ ഓഫ്‌ അഡോല്‍ഫ്‌ ഹിറ്റ്ലര്‍ എന്ന പുതിയ പുസ്തകത്തില്‍ ഹിറ്റ്ലര്‍ പ്രായാധിക്യം മൂലം അര്‍ജന്റീനയില്‍ അന്തരിച്ചതായി വെളിപ്പെടുത്തുന്നത്‌. ചില ചരിത്രകാരന്മാരും ഹിറ്റ്ലര്‍ 1945 ല്‍ ബങ്കറില്‍ മരിച്ചുവെന്നാണ്‌ കരുതുന്നത്‌. ഫോറന്‍സിക്‌ പരിശോധനകളും മറ്റ്‌ രേഖകള്‍ ആധികാരികമായി അപഗ്രഥിക്കുകയും ചെയ്തതിനുശേഷമാണ്‌ തങ്ങള്‍ ഈ നിഗമനത്തിലെത്തിയതെന്ന്‌ ഗ്രന്ഥകര്‍ത്താക്കള്‍ അറിയിച്ചു. അര്‍ജന്റീനയില്‍ അവര്‍ താമസിച്ചതായി ദൃക്‌സാക്ഷികളുടെ സത്യവാങ്മൂലങ്ങളുണ്ട്‌. 1962 ല്‍ തന്റെ മരണംവരെ ഹിറ്റ്ലര്‍ അര്‍ജന്റീനയില്‍ 17 വര്‍ഷം ജീവിച്ചുവെന്നും തന്റെ കുട്ടികളെ വളര്‍ത്തിയെന്നും ഗ്രന്ഥത്തിലുണ്ട്‌. ബങ്കറില്‍ ഹിറ്റ്ലര്‍ മരിച്ചുവെന്നതിന്‌ സ്റ്റാലിനോ ഐസന്‍ ഹോവര്‍ക്കോ അമേരിക്കന്‍ അന്വേഷണസംഘടനയായ എഫ്ബിഐക്കോ തെളിവുണ്ടായിരുന്നില്ലെന്ന്‌ ഒരു വാര്‍ത്താ സമ്മേളനത്തില്‍ ഗ്രന്ഥകാരന്മാര്‍ അവകാശപ്പെട്ടു. ഹിറ്റ്ലറുടേതെന്ന്‌ അവകാശപ്പെട്ട്‌ റഷ്യയില്‍ സൂക്ഷിച്ചിരിക്കുന്ന തലയോടിന്റെ ഭാഗങ്ങള്‍ മറ്റൊരു ചെറുപ്പക്കാരന്റേതാണെന്ന കണ്ടെത്തലും പുസ്തകത്തിലുണ്ട്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.