എണ്ണ ചോരുന്ന കപ്പലില്‍നിന്ന്‌ ഇന്ധനം പമ്പു ചെയ്യുന്നത്‌ പുനരാരംഭിച്ചു

Monday 17 October 2011 8:47 pm IST

വെല്ലിംഗ്ടണ്‍: ന്യൂസിലന്റിനകലെ കടലില്‍ പാറയില്‍ തട്ടി എണ്ണ ചോരുന്ന റീന എന്ന കപ്പലിലെ ഇന്ധനം പമ്പു ചെയ്യുന്ന ജോലി പുനരാരംഭിച്ചു. കാലാവസ്ഥ മോശമായതിനെത്തുടര്‍ന്ന്‌ ഒരാഴ്ചമുമ്പാണ്‌ ശ്രമങ്ങള്‍ നിര്‍ത്തിവെക്കേണ്ടിവന്നത്‌. കപ്പലില്‍നിന്ന്‌ 350 ടണ്‍ ഇന്ധന എണ്ണ ചോര്‍ന്നതുമൂലം ആയിരക്കണക്കിന്‌ പക്ഷികളാണ്‌ കൊല്ലപ്പെട്ടത്‌. ഒക്ടോബര്‍ 5 നാണ്‌ ന്യൂസിലന്റിന്റെ വടക്കന്‍ ദ്വീപായ തുരംഗ തുറമുഖത്തുനിന്ന്‌ 22 കിലോമീറ്റര്‍ അകലെ ഒരു പാറയില്‍ ലൈബീരിയന്‍ കപ്പല്‍ തട്ടിയത്‌. കപ്പലിലുണ്ടായിരുന്ന 1700 ടണ്‍ എണ്ണയും 200 ടണ്‍ ഡീസലും ചോരുന്നത്‌ പരിസ്ഥിതി നാശമുണ്ടാക്കുമെന്ന്‌ ഭയപ്പെട്ടിരുന്നു. 775 അടി നീളമുള്ള കപ്പലില്‍നിന്ന്‌ ഇതുവരെ 34 ടണ്‍ ഇന്ധനമാണ്‌ നീക്കം ചെയ്യാന്‍ കഴിഞ്ഞത്‌. ഞായറാഴ്ച എണ്ണ മാറ്റുന്ന ജോലികള്‍ പുനരാരംഭിച്ചെങ്കിലും വിഷപ്പുകയും കപ്പലിന്റെ അപകടകരമായ അവസ്ഥയും മൂലം അത്‌ വേണ്ടത്ര കാര്യക്ഷമമാക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന്‌ വാര്‍ത്താ ഏജന്‍സി അറിയിച്ചു. കപ്പലില്‍നിന്ന്‌ കഴിയാവുന്നത്ര എണ്ണ ശേഖരിക്കുമെന്നും ഇങ്ങനെ ശേഖരിക്കുന്ന ഓരോ തുള്ളിയും സമുദ്രത്തില്‍ വീണ്‌ പരിസ്ഥിതിയെ പ്രതികൂലമായി ബാധിക്കാതിരിക്കാനാണ്‌ ശ്രമമെന്നും പ്രവര്‍ത്തനത്തിന്‌ നേതൃത്വം നല്‍കുന്ന ആന്‍ഡ്രു ബെറി അറിയിച്ചു. കപ്പല്‍ തകര്‍ന്ന നിലയിലാണെന്നും അത്‌ ഏതു നിമിഷവും പാറയില്‍നിന്ന്‌ തെന്നിപ്പോകാന്‍ സാധ്യതയുണ്ടെന്നും വിദഗ്ദ്ധര്‍ അറിയിച്ചു. ന്യൂസിലന്റിന്റെ വ്യോമസേനയും കപ്പലുകളും പ്രവര്‍ത്തനത്തെ സഹായിക്കുന്നു.
ഇതിനിടെ കപ്പലില്‍നിന്ന്‌ 60 കി.മീറ്റര്‍ നീളത്തിലുള്ള കടല്‍ത്തീരത്ത്‌ അടിഞ്ഞുകൂടിയ എണ്ണ നീക്കം ചെയ്യാനുള്ള തീവ്രശ്രമം തുടരുകയാണ്‌. സൈനികരും വന്യജീവി വിദഗ്ദ്ധരും നാട്ടുകാരും സന്നദ്ധ പ്രവര്‍ത്തകരുമടങ്ങുന്ന 3000 പേര്‍ ഇതിനായുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നു. മുന്‍കൂട്ടി കപ്പല്‍ മാര്‍ഗ്ഗങ്ങളില്‍ അടയാളപ്പെടുത്തിയ ഈ പാറയില്‍ കപ്പല്‍ തട്ടിയതിനെക്കുറിച്ച്‌ അന്വേഷണം പുരോഗമിക്കുകയാണ്‌.