ജമ്മു-കശ്മീര്‍, ഝാര്‍ഖണ്ഡ് നാലാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു

Sunday 14 December 2014 11:31 am IST

ന്യൂദല്‍ഹി: ജമ്മുകശ്മീര്‍-ഝാര്‍ഖണ്ഡ് നിയമസഭകളിലേക്കുള്ള നാലാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. ജമ്മുകശ്മീരിലെ നാലുജില്ലകളിലെ 18 മണ്ഡലങ്ങളിലും ഝാര്‍ഖണ്ഡിലെ മൂന്നു ജില്ലകളിലെ 15 മണ്ഡലങ്ങളുമാണ് ഇന്ന് പോളിംഗ് ബൂത്തിലേക്കെത്തുന്നത്. മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള, പിഡിപി നേതാവ് മുഫ്തി മുഹമ്മദ് സെയ്ദ്, സെയ്ദ് അല്‍ത്താഫ് ബുഖാരി, നാസി അസ്ലം വാനി, അലി മുഹമ്മദ് സാഗര്‍ എന്നീ പ്രമുഖരാണ് നാലാംഘട്ടത്തില്‍ ജനവിധി തേടുന്നത്. ഒമര്‍ ശ്രീനഗറിലെ സോനാവാറില്‍ നിന്നും മുഫ്തി മുഹമ്മദ് സെയ്ദ് അനന്ത്‌നാഗില്‍ നിന്നും മത്സരിക്കുന്നു. കാശ്മീരി പണ്ഡിറ്റുകള്‍ക്ക് വലിയ വോട്ടിംഗ് സ്വാധീനമുള്ള ഹബകടല്‍,അമീരകടല്‍ മണ്ഡലങ്ങളിലും ഇന്ന് വോട്ടിംഗ് നടക്കും. മുന്നാംഘട്ട തിരഞ്ഞെടുപ്പിനു മുമ്പായി ഭീകരാക്രമണമുണ്ടായ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷാ സന്നാഹമാണ് ജമ്മുവില്‍ ഒരുക്കിയിരിക്കുന്നത്. വിഘടനവാദികള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തിട്ടുണ്ടെങ്കിലും കനത്ത പോളിങുണ്ടാകുമെന്നു തന്നെയാണ് രാഷ്ട്രീയക്കാര്‍ പ്രതീക്ഷിക്കുന്നത്. മൂന്നു മന്ത്രിമാരും പതിനൊന്ന് എം.എല്‍.എമാരുള്‍പ്പെടെ 217 സ്ഥാനാര്‍ത്ഥികളാണ് ജാര്‍ഖണ്ഡില്‍ ജനവിധി തേടുന്നത്. പതിനഞ്ച് മണ്ഡലങ്ങളില്‍ പലതിനും മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇവിടെയും കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്. ഗിരിധി സീറ്റില്‍ നിന്ന് ജനവിധി തേടുന്ന ജാര്‍ഖണ്ഡിന്റെ ആദ്യത്തെ മുഖ്യമന്ത്രിയായ ബാബുലാല്‍ മറാന്‍ഡി സ്ഥാനാര്‍ഥികളില്‍ പ്രമുഖനാണ്. ഡിസംബര്‍ 23നാണ് വോട്ടെണ്ണല്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.