ഒരേ തൂവല്‍പ്പക്ഷികള്‍

Monday 17 October 2011 9:23 pm IST

കേരള നിയമസഭയില്‍ കോഴിക്കോട്‌ വെടിവയ്പിനെച്ചൊല്ലി പ്രതിഷേധം ശക്തമാക്കിയിരുന്ന പ്രതിപക്ഷം പക്ഷെ എംഎല്‍എമാരുടെ ശമ്പളവും അലവന്‍സും ഇരട്ടിയാക്കി ഉയര്‍ത്താനുള്ള ബില്ലിന്‌ പൂര്‍ണ പിന്തുണ പ്രഖ്യാപിക്കാന്‍ തയ്യാറാണ്‌. ഭരണ-പ്രതിപക്ഷ ഭേദമന്യേ ഐക്യമുണ്ടാകുന്ന ഏക വിഷയം എംഎല്‍എമാരുടെയും എംപിമാരുടെയും ശമ്പള-അലവന്‍സ്‌ വര്‍ധനവാണ്‌. ഇന്ത്യയില്‍ ലോക്സഭയിലേക്കും നിയമസഭകളിലേക്കും തെരഞ്ഞെടുക്കപ്പെടുന്നവരുടെ ആസ്തി ഓരോ കാലാവധി കഴിയുന്തോറും വര്‍ധിക്കുകയാണെന്ന്‌ 'ഇലക്ഷന്‍ വാച്ച്‌' ചൂണ്ടിക്കാണിച്ച വസ്തുതയാണ്‌. 2004 ലെ ആസ്തിയേക്കാള്‍ നാലോ അഞ്ചോ ശതമാനം വര്‍ധനയാണ്‌ 2009 ലെ തെരഞ്ഞെടുപ്പില്‍ കണ്ടത്‌. ജനപ്രതിനിധികളുടെ ആസ്തി വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്ന ആവശ്യവും അണ്ണാ ഹസാരെ ഉയര്‍ത്തിയിരുന്നു. 'സത്യസന്ധനായ പ്രധാനമന്ത്രി' നേതൃത്വം കൊടുക്കുന്നത്‌ ചരിത്രത്തിലെ ഏറ്റവും അഴിമതിയിലാറാടിയ സര്‍ക്കാരിനാടാണ്‌ എന്നത്‌ പൊതു ധാരണയാണ്‌. ഇന്ത്യയില്‍ വന്‍ അസമത്വം നിലനില്‍ക്കുന്നുവെന്ന സത്യം അംഗീകരിക്കുമ്പോഴും ലോക്സഭയിലും നിയമസഭയിലും എത്തുന്നവരില്‍ നല്ലൊരു ശതമാനം കോടിപതികളാണ്‌.
തൃണമൂല്‍ കോണ്‍ഗ്രസുപോലും ഇതില്‍ വ്യത്യസ്തമല്ലത്രെ. കേരളത്തില്‍പ്പോലും 140 എംഎല്‍എമാരുള്ളതില്‍ 35 പേര്‍ കോടീശ്വരന്മാരാണ്‌. നേരത്തെ എട്ടുപേര്‍ മാത്രമാണുണ്ടായിരുന്നത്‌. ഇവിടെ 175 ശതമാനമാണ്‌ ആസ്തി വര്‍ധന. ഇന്ന്‌ രാഷ്ട്രീയമാണ്‌ സ്വര്‍ണത്തേക്കാള്‍ നല്ല നിക്ഷേപ മാര്‍ഗമെന്ന ധാരണ ശക്തിപ്പെട്ടതും ഇതിനാലാണ്‌. ഇപ്പോള്‍ സ്വത്ത്‌ വിവരം നല്‍കാന്‍ കേരളത്തിലെ പഞ്ചായത്ത്‌ അംഗങ്ങള്‍പോലും വിസ്സമ്മതിക്കുന്നതിന്റെ പിന്നിലെ യാഥാര്‍ത്ഥ്യവും ഇതുതന്നെയാകണം. അഴിമതി ഇന്ന്‌ അംഗീകാരം നേടിയ കര്‍മ്മമായി മാറിക്കഴിഞ്ഞു. അഴിമതിയില്‍ മുങ്ങിയവരെത്തന്നെ ജനം പിന്നെയും തെരഞ്ഞെടുത്തുവിടുകയും ചെയ്യുന്നു. അണ്ണാ ഹസാരെയുടെ സമരവും ബിജെപി നേതാവ്‌ എല്‍.കെ.അദ്വാനിയുടെ രഥയാത്രയും അഴിമതിക്കെതിരെ ശക്തമായ വികാരം ഉണര്‍ത്തുന്നുവെന്നത്‌ യാഥാര്‍ത്ഥ്യമാണ്‌. പക്ഷേ ജനപ്രതിനിധികള്‍ക്ക്‌ അഴിമതി നടത്താന്‍ അവസരമൊരുക്കുന്നതും അവരെ തെരഞ്ഞെടുക്കുന്ന ജനങ്ങള്‍ തന്നെയാണല്ലൊ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.