തൃശൂര്‍: നവമാധ്യമങ്ങളില്‍ രാജ്യത്തിനെതിരെ നടക്കുന്ന പ്രചാരണങ്ങള്‍ പരാജയപ്പെടുത്തണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന് പറഞ്ഞു.
തൃശൂര്‍ വിവേകോദയം സ്കൂളില്‍ നടന്ന ഫേസ്ബുക്ക് കൂട്ടായ്മയായ ‘സമന്വയം 2014’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ അഖണ്ഡതയും സംസ്കാരവും അപകടത്തിലാക്കുന്ന പ്രചരണം ആസൂത്രിതമായി നവമാധ്യമങ്ങളില്‍ നടന്നുവരുന്നു. ബഹുജനാഭിപ്രായം സ്വരൂപിച്ച് ഇത് അതിജീവിക്കണം. സാമൂഹ്യ പരിവര്‍ത്തനത്തിന് വേണ്ടിയുള്ള സമരായുധമാണ് നവമാധ്യമങ്ങള്‍. ഏത് വിഷയത്തില്‍ ഇടപെടുമ്പോഴും നാടിന്റെ നന്മയായിരിക്കണം ലക്ഷ്യം.
വികാരവും വിവേകവും വിവരവും ഉണ്ടാകണം. നവമാധ്യമങ്ങളുടെ പ്രചാരണത്തിന്റെ ശക്തി ആറന്മുള സമരത്തിന്റെ വിജയത്തില്‍ നിര്‍ണായകമായിട്ടുണ്ട്. ലക്ഷക്കണക്കിന് രൂപമുടക്കി സമരത്തെ എതിര്‍ക്കാന്‍ നവമാധ്യമങ്ങളില്‍ പ്രചരണത്തിന് കെജിഎസ് കമ്പനി പ്രത്യേകം ജീവനക്കാരെ നിയമിക്കുകയുണ്ടായി. എന്നാല്‍ ദേശസ്നേഹികളുടെ ഒത്തൊരുമിച്ചുള്ള പ്രചരണത്തിന് മുന്നില്‍ പിടിച്ചു നില്ക്കാന് അവര്‍ക്കായില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഡോ.പി.കെ.കെ.നായര്‍ അദ്ധ്യക്ഷത വഹിച്ചു. സദാനന്ദന്‍മാസ്റ്റര്‍, ഹരി എസ്.കര്‍ത്ത, കെ.കൃഷ്ണന്‍കുട്ടി എന്നിവര്‍ സംസാരിച്ചു. ബാലു പട്ടാമ്പി സ്വാഗതം പറഞ്ഞു.
സമാപനപരിപാടിയില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് മുഖ്യപ്രഭാഷണം നടത്തി. ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഭാര്‍ഗ്ഗവറാം ആശംസ അര്‍പ്പിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ പരിപാടിയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: