ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തിരിച്ചുവരവിന്റെ പാതയിലുള്ള മുന്‍ ചാമ്പ്യന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് മറ്റൊരു ജയം. കളിയാരാധകര്‍ സാകൂതം വീക്ഷിച്ച അങ്കത്തില്‍ ലിവര്‍പൂളിനെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് മുക്കിയ ചുവന്ന ചെകുത്താന്മാര് ആറാം തുടര്‍ ജയം കുറിച്ചു. ഓള്‍ഡ് ട്രാഫോര്‍ഡില്‍ വെയ്ന്‍ റൂണി (12) യുവാന്‍ മാറ്റ (40), റോബിന് വാന്‍ പെഴ്സി (71) എന്നിവര്‍ മാന്‍.യുവിന്റെ ഗോളുകളുടെ നാഥന്മാരായി.
എതിരാളിയുടെ തട്ടകത്തില്‍ നല്ല ചില അവസരങ്ങള്‍ സൃഷ്ടിക്കാനായെങ്കിലും ലിവര്‍പൂളിന്റെ ശനിദശമാറാന് അതുപോരായിരുന്നു. റഹീം സ്റ്റെര്‍ലിങ്ങിന്റെയും മരിയോ ബെലെട്ടെല്ലിയുടെയും ഫിനിഷിങ് പോരായ്മകള്‍ റെഡ്സിന്റെ പ്രതീക്ഷകളെ പിന്നോട്ടടിച്ചു. മറുവശത്ത് ഗാലറിയുടെ മനസറിഞ്ഞു കളിച്ച മാന്‍.യുവിന്റു തുറപ്പു ചീട്ടുകളെല്ലാം വെടിപൊട്ടിച്ചു. കഴിഞ്ഞ ദിവസം നടന്ന മറ്റുമത്സരങ്ങളില്‍ ചെല്‍സി ഹള്‍ സിറ്റിയെയും (2-0) ആഴ്സണല്‍ ന്യൂകാസിലിനെയും (4-1) മാഞ്ചസ്റ്റര്‍ സിറ്റി ലെയ്സെസ്റ്ററിനെയും കീഴടക്കി.
ഹള്ളിനെതിരെ ചെല്‍സിക്കുവേണ്ടി ഈഡന് ഹസാര്‍ഡും ഡീഗോ കോസ്റ്റയും സ്കോര്‍ ചെയ്തു. ഒളിവര്‍ ജിറോഡിന്റെയും സാന്റി കാസറോളയുടെയും ഇരട്ട സ്ട്രൈക്കുകള്‍ ന്യൂകാസിലിനെതിരെ ഗണ്ണേഴ്സിന്റെ ജയത്തിലെ സവിശേഷത. ലെയ്സെസ്റ്ററിന്റ വലയില്‍ സിറ്റിക്കുവേണ്ടി ഫ്രാങ്ക് ലംപാര്‍ഡ് പന്തെത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: