നാടാകെ സ്റ്റാറുകള്‍ നിറയുന്നു; ക്രിസ്മസ് വിപണി സജീവമായി

Monday 15 December 2014 1:26 am IST

ചാത്തന്നൂര്‍: ക്രിസ്തുമസിനെയും പുതുവത്സരത്തെയും വരവേല്‍ക്കാന്‍ നാടും നഗരവും ഉണര്‍ന്നു. കടകളില്‍ നക്ഷത്രക്കൂട്ടങ്ങള്‍ വരവായി. വൈവിധ്യമാര്‍ന്ന നക്ഷത്രങ്ങള്‍, അലങ്കാര ബള്‍ബുകള്‍, സാന്താക്ലോസ് വേഷങ്ങള്‍, ക്രിസ്മസ് ട്രീ, അതില്‍ തൂക്കിയിടുന്ന വിവിധ വര്‍ണത്തിലുള്ള തോരണങ്ങള്‍, ചെറുനക്ഷത്രങ്ങള്‍, ആശംസാ കാര്‍ഡുകള്‍ തുടങ്ങിയവ കടകളില്‍ എത്തി തുടങ്ങി. ഇതോടെ പുതുവത്സര-ക്രിസ്തുമസ് വിപണിയും സജീവമായി. പ്ലാസ്റ്റിക്ക് പേപ്പറുകളാല്‍ നിര്‍മിതമായതും വിവിധ വര്‍ണത്തിലും വലിപ്പത്തിലുള്ളതുമായ നക്ഷത്രങ്ങളാണ് ഇത്തവണ വിപണിയിലുള്ളത്. നക്ഷത്രവിപണിയില്‍ കടലാസ് നക്ഷത്രങ്ങളെക്കാളും പ്ലാസ്റ്റിക് കവചമുള്ള നക്ഷത്രങ്ങള്‍ക്കാണ് പ്രിയം. വില അല്‍പ്പം കൂടിയാലും മഴയത്തും വെയിലത്തും ഉപയോഗിക്കാമെന്നതാണ് പ്രത്യേകത. 150 മുതല്‍ 400 രൂപ വരെയാണ് വില. കൂടാതെ വൈവിധ്യമാര്‍ന്ന രൂപഭംഗിയിലുള്ള അലങ്കാര ബള്‍ബുകളും വിപണിയിലെത്തിയിട്ടുണ്ട്. നൂറു രൂപാ മുതല്‍ ആയിരവും അതിലധികവും വിലയുള്ളവയും ഇക്കൂട്ടത്തിലുണ്ട്. നക്ഷത്രങ്ങളേക്കാള്‍ അലങ്കാര ബള്‍ബുകള്‍ക്കാണ് ഇത്തവണ ആവശ്യക്കാര്‍ ഏറെയെന്ന് കച്ചവടക്കാര്‍ പറയുന്നു. സിനിമയുടേയും നടീനടന്മാരുടേയും പേരിലുള്ള നക്ഷത്രങ്ങളും ഇത്തവണ വിപണിയില്‍ എത്തിയിട്ടുണ്ട്. റെഡിമെയ്ഡ് ക്രിസ്തുമസ് ട്രീയും പുല്‍കൂടുകളും  എത്തിക്കഴിഞ്ഞു. മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്യപ്പെട്ടവയാണ് വില്‍പ്പനക്കെത്തിയവയില്‍ അധികവും. നേരത്തെ കേരളത്തില്‍ നിര്‍മ്മിക്കുന്നതു  കൂടാതെ അന്യസംസ്ഥാനങ്ങളില്‍ നിന്നുമുള്ള സാധനങ്ങള്‍ ധാരാളമായി വില്‍പ്പനക്കെത്തിയിരുന്നു. ഇവയ്‌ക്കൊപ്പം പ്രധാന ആകര്‍ഷണമായ സാന്താക്ലോസ് വസ്ത്രങ്ങള്‍ക്ക് വന്‍വിറ്റുവരവാണുള്ളത്. ഉപഭോക്താക്കള്‍ നല്ലരീതിയില്‍ പ്രതികരിക്കുന്നുണ്ടെന്നാണ് വ്യാപാരികളുടെ പക്ഷം. ബംഗളുരു, മുംബൈ, ബംഗാള്‍ എന്നിവിടങ്ങളില്‍നിന്നുമാണ് സാന്താ വസ്ത്രങ്ങള്‍ എത്തുന്നത്. 150 രൂപമുതല്‍ 450 രൂപവരെയാണ് വില. കൂടാതെ അന്യസംസ്ഥാനങ്ങളില്‍ നിന്നും വര്‍ണപേപ്പറുകളുമായി എത്തി  അലങ്കാരപൂക്കളുകള്‍ നിര്‍മ്മിച്ച്  വില്‍പ്പന നടത്തുന്നവരും എത്തിക്കഴിഞ്ഞു. അഞ്ചുരൂപാ മുതല്‍ അന്‍പതുരൂപ വരെയുള്ള ഇത്തരം അലങ്കാര മാലകളും പൂക്കളും സാധാരണക്കാരായവര്‍ക്കു ക്രിസ്തുമസിനെയും നവവത്സരത്തേയും വരവേല്‍ക്കാനായി വീടുകള്‍ മോടി പിടിപ്പിക്കാന്‍ ഉപകാരമാണ്. മുന്‍കാലങ്ങളില്‍ ആശംസാ കാര്‍ഡുകള്‍ക്ക് മുഖ്യസ്ഥാനമായിരുന്നു. എന്നാല്‍ മൊബൈലിന്റെയും ഇ-മെയിലിന്റെയും വരവോടെ കാര്‍ഡുകളുടെ കച്ചവടം നാലിലൊന്നായി കുറഞ്ഞു. അതേസമയം നക്ഷത്രങ്ങളും ലൈറ്റുകളും കടകള്‍ക്കു മുമ്പില്‍ പ്രദര്‍ശിപ്പിച്ച് പരമാവധി ഉപഭോക്താക്കളെ ആകര്‍ഷിക്കാനുള്ള തയ്യാറെടുപ്പിലാണ് കച്ചവടക്കാര്‍. കൂടാതെ വ്യത്യസ്തതയുള്ള നിറങ്ങളിലും രുചികളിലുമുള്ള ക്രിസ്മസ് കേക്കുകളുടെ വിപണിയും  സജീവമായി. 100 മുതല്‍ 200 രൂപ വരെയാണ് കേക്കുകളുടെ വില. പ്ലം, മാര്‍ബിള്‍ കേക്കുകള്‍ മാത്രമായിരുന്നു മുമ്പ് ഉണ്ടായിരുന്നത്. എന്നാല്‍ ഓരോ വര്‍ഷം കഴിയുന്തോറും വൈവിധ്യമാര്‍ന്ന ഇനങ്ങള്‍ വിപണിയില്‍ എത്തിയിട്ടുണ്ട്. വിദേശരാജ്യങ്ങളിലുള്ള കേക്കുകള്‍ മുതല്‍ വിവിധ രൂപത്തിലും രുചികളിലുമുള്ള ബ്രാന്‍ഡഡ് കേക്കുകള്‍ വരെ എത്തിയിട്ടുണ്ട്. വില കൂടുതലുള്ള പുതിയ ഇനം കേക്കുകളായ റിച്ച് ഫ്രൂട്ട്‌സ്, സ്‌നോമാന്‍, റെഡ്‌വെല്‍വെറ്റ്, ബോണ്‍ട് ബ്ലാക്ക്, മക്കാറൂണ്‍സ്, ക്രീം പീസ് എന്നിവയും വിപണിയിലുണ്ട്. കാരറ്റ്, വാഴപ്പഴം, പൈനാപ്പിള്‍, ബദാം, ഈന്തപ്പഴം എന്നിവയുടെ കേക്കുകളും ആളുകള്‍ക്ക് പ്രിയപ്പെട്ടവയാണ്. വിവിധ രൂപത്തിലും വലുപ്പത്തിലും വര്‍ണാഭമായ ഐസിംഗ് കേക്കുകളും കൗതുകമാകുന്നു. കരവിരുതുകള്‍ മുഴുവന്‍ ഉപയോഗപ്പെടുത്തിയാണ് കേക്ക് നിര്‍മാതാക്കള്‍ പുതിയ വിഭവങ്ങള്‍ വിപണിയിലെത്തിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.