പക്ഷിപ്പനി ഭീതിയകറ്റാന്‍ ഇറച്ചിയും മുട്ടയും കഴിച്ച് താറാവു കര്‍ഷക സംഗമം

Monday 15 December 2014 4:36 pm IST

ഹരിപ്പാട്: പക്ഷിപനിയുടെ മറവില്‍ താറാവു കര്‍ഷകരെ സമൂഹത്തില്‍ ഒറ്റപ്പെടുത്തുന്ന പ്രവണതയ്‌ക്കെതിരെയും ജനങ്ങളുടെ തെറ്റിദ്ധാരണ അകറ്റുന്നതിനുമായി കേരള ഐക്യതാറാവ് കര്‍ഷക സംഘത്തിന്റെ നേതൃത്വത്തില്‍ പാകം ചെയ്ത താറാവ് ഇറച്ചിയും മുട്ടയും വിതരണം ചെയ്ത് താറാവ് കര്‍ഷകര്‍ കുടുംബ സംഗമവും സെമിനാറും നടത്തി. ആയിരത്തിലധികം പേര്‍ക്കാണ് മുട്ടയും ഇടച്ചിയും അപ്പവും വിതരണം ചെയ്തത്. ജില്ലയിലെ കുട്ടനാട്, അപ്പര്‍കുട്ടനാട് മേഖലകളില്‍ പക്ഷിപ്പനി പൂര്‍ണമായും നിയന്ത്രണ വിധേയമാണെന്നും ജനങ്ങള്‍ക്ക് ഒരുതരത്തിലുള്ള ആശങ്കയും വേണ്ടെന്ന് സെമിനാര്‍ ഉദ്ഘാടനം ചെയ്ത മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. താറവുകളെ ശാസ്ത്രീയമായി വളര്‍ത്തുവാന്‍ ജില്ലയില്‍ മാതൃകാ ഫാം നിര്‍മ്മിക്കും. ഇതിന് സ്ഥലം ഉടന്‍ കണ്ടെത്തും. ഡിസംബര്‍ 16ന് തിരുവനന്തപുരത്ത് വിവിധ വകുപ്പുകളുടെ മന്ത്രിമാരും ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗത്തില്‍ താറാവ് കര്‍ഷകരെ രക്ഷിക്കുവാന്‍ ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കും. ഇതിനോടകം രോഗം ബാധിച്ച താറാവുകളുടെ ഉടമകള്‍ക്ക് ജില്ലയില്‍ 3.71 കോടി രൂപ വിതരണം ചെയ്തായി മന്ത്രി പറഞ്ഞു. കേരളാ ഐക്യതാറാവ് കര്‍ഷക സംഘം സംസ്ഥാന പ്രസിഡന്റ് അഡ്വ. ബി. രാജശേഖരന്‍ അദ്ധ്യക്ഷത വഹിച്ചു. മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഡോ. ബ്രഹ്മാനന്ദന്‍ കര്‍ഷകര്‍ക്കുള്ള സംശയങ്ങള്‍ക്ക് മറുപടി പറഞ്ഞു. സെമിനാറില്‍ വിവിധ വിഷയങ്ങളില്‍ ഡോ. അനിത, ഡോ. സി.സി. ഫിലിപ്പ്, ലിസി പി.സ്‌കറിയ എന്നിവര്‍ വിഷയാവതരണം നടത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.