കൃഷ്ണപിള്ള സ്മാരകം കത്തിക്കല്‍ അന്വേഷണ ഉദ്യോഗസ്ഥന് ഭീഷണി; ചോദ്യം ചെയ്യല്‍ വൈകിപ്പിക്കാനും നീക്കം

Monday 15 December 2014 7:13 pm IST

ആലപ്പുഴ: പി. കൃഷ്ണപിള്ള സ്മാരകം കത്തിച്ച കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിലെ പോലീസുകാരന് ഭീഷണി. കള്ളക്കേസില്‍ കുടുക്കുമെന്ന ഭീഷണിയെ തുടര്‍ന്ന് പോലീസുകാരന്‍ എഡിജിപി, ജില്ലാ പോലീസ് മേധാവി എന്നിവര്‍ക്ക് പരാതി നല്‍കി. അന്വേഷണവുമായി ബന്ധപ്പെട്ട് സിപിഎം ജില്ലാ നേതാക്കളെയും ആദ്യം കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യാന്‍ തുടങ്ങിയ ശേഷമാണ് അന്വേഷണസംഘാംഗത്തിനെതിരെ ഒരുവിഭാഗം പോലീസുകാര്‍ തന്നെ സമ്മര്‍ദ്ദ തന്ത്രങ്ങളുമായി രംഗത്തെത്തിയത്. രാഷ്ട്രീയ ഇടപെടലുകളാണോ പോലീസ് ഉദ്യോഗസ്ഥരുടെ സമ്മര്‍ദ്ദമാണോ ഇതിനു പിന്നിലെന്ന് സംശയം ഉയര്‍ന്നിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥന്റെ നാട്ടിലെ പോലീസ് സ്‌റ്റേഷന്‍ കേന്ദ്രീകരിച്ചാണ് ഇത്തരത്തില്‍ ഗൂഢ നീക്കം നടക്കുന്നതെന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ പരാതിയില്‍ സൂചിപ്പിച്ചിട്ടുണ്ട്. കൃഷ്ണപിള്ള സ്മാരകം കത്തിച്ച സംഭവത്തിലെ ഗൂഢാലോചനയെ കുറിച്ച് അന്വേഷണം ആരംഭിച്ചതോടെയാണ് ഒരുവിഭാഗം പോലീസുകാര്‍ തന്നെ അന്വേഷണ ഉദ്യോഗസ്ഥരെ മാനസികമായി പീഡിപ്പിക്കാന്‍ ശ്രമം തുടങ്ങിയതെന്നതും ശ്രദ്ധേയമാണ്. അതിനിടെ കേസിലെ പ്രതികളായ ഡിവൈഎഫ്‌ഐ നേതാവ് ലതീഷ് ബി.ചന്ദ്രന്‍, സിപിഎം കണ്ണര്‍കാട് മുന്‍ ലോക്കല്‍ കമ്മറ്റി സെക്രട്ടറി സാബു, സിപിഎം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ പ്രമോദ്, രാജേഷ് രാജന്‍, ദീപു എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ജില്ലാ സെഷന്‍സ് കോടതി നാളത്തേക്കു മാറ്റി. ഒന്നാംപ്രതി ലതീഷ് ബി.ചന്ദ്രന്‍ നുണപരിശോധന അടക്കമുള്ള ശാസ്ത്രീയ പരിശോധനകള്‍ക്ക് വിധേയനാകാന്‍ സന്നദ്ധനാണെന്ന് കോടതിയെ രേഖാമൂലം അറിയിക്കുകയും ചെയ്തിട്ടുണ്ട്. ജില്ലാ സമ്മേളനം കഴിയുന്നതു വരെയെങ്കിലും ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളെ ചോദ്യം ചെയ്യുന്നത് ഒഴിവാക്കാന്‍ കടുത്ത സമ്മര്‍ദ്ദമാണ് അന്വേഷണ സംഘത്തിനുള്ളത്. ഏരിയ സമ്മേളനങ്ങളില്‍ ജില്ലാ നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് കൃഷ്ണപിള്ള സ്മാരകവുമായി ബന്ധപ്പെട്ടുയരുന്നത്. സ്മാരകം സ്ഥിതി ചെയ്യുന്ന കഞ്ഞിക്കുഴി ഏരിയ സമ്മേളനത്തില്‍ വേദിയിലിരുന്ന ജില്ലാ നേതാക്കളെ ചൂണ്ടി ഇവരാണ് യഥാര്‍ത്ഥ പ്രതികളെന്ന് പ്രതിനിധികള്‍ ആരോപണമുന്നയിക്കുന്ന സ്ഥിതിവിശേഷം വരെയുണ്ടായി. ഈ സാഹചര്യത്തില്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള ഉന്നതരെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചാല്‍ ജില്ലാ സമ്മേളനത്തില്‍ പ്രതിനിധികള്‍ ഈ വിഷയം ഉന്നയിച്ച് ആഞ്ഞടിക്കാനാണ് സാദ്ധ്യത. സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്നവരെ പ്രധാന ചുമതലകളില്‍ തുടരാന്‍ അനുവദിക്കാനാകാത്ത സാഹചര്യവും ഉണ്ടാകും. ഇതൊഴിവാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.