എല്ലാം കര്‍മ്മഫലം

Monday 15 December 2014 7:19 pm IST

ഭൗതികമായ അറിവും വിദ്യാഭ്യാസവും ജീവിതാനുഭവവുംകൊണ്ട് പ്രകാശമാനമായ ഒരുതരം ബുദ്ധിശക്തി കൈവരും. അത്തരം ബുദ്ധിവികാസം ആധുനികയുഗത്തിലെ പ്രധാനമായ ഒരു സവിശേഷതയാണ്. പക്ഷേ സത്യവസ്തുവിനെ കണ്ടെത്താന്‍ യോഗ്യമായ ബുദ്ധിയുടെ വികാസം ഇതില്‍നിന്ന് വിഭിന്നമാണ്. ആദ്യം സൂചിപ്പിച്ച ബുദ്ധി അഹന്തയുമായി ബന്ധപ്പെട്ടതാണ്. തന്മൂലം അത് സന്ദേഹത്തിനും വ്യാമോഹത്തിനും വിധേയമായിരിക്കും. എന്നാല്‍ രണ്ടാമത് സൂചിപ്പിച്ച ബുദ്ധിയാകട്ടെ അഹന്തയറ്റതാണ്. ശ്രദ്ധയാല്‍ അനുഗൃഹീതമാണ്. ശരണാഗതികൊണ്ട് മനനമുദ്രിതമാണ്. വിശുദ്ധവും കുശാഗ്രവും അചഞ്ചലവുമായ ഒരു ബുദ്ധിക്ക് മാത്രമേ അപാരതയില്‍ നിന്നുള്ള അനുഭൂതികള്‍ ഉള്‍ക്കൊള്ളാന്‍ കഴിയൂ.ഭക്തന് ഉല്‍കൃഷ്ടമായ ബുദ്ധിയാണുള്ളത്. നിജമായ വിവേകവുമുണ്ട്. ഈശ്വരന്‍ മാത്രമാണു സത്യമായിട്ടുള്ളതെന്നും ഭക്തനറിയാം. അയാള്‍ സ്വധര്‍മ്മനിരതനായിരിക്കും. എന്തെന്നാല്‍ മറ്റ് നിക്ഷിപ്ത താല്‍പര്യങ്ങളോ, സ്വാര്‍ത്ഥ ഉദ്ദേശങ്ങളോ അയാള്‍ക്കില്ല. ഭക്തന്റെ അനേ്വഷണം എപ്പോഴും അന്തര്‍മുഖമായിരിക്കും. ആരാധനയും ഭക്തിപരമായ മറ്റ് സാധനാനുഷ്ഠാനങ്ങളും ധര്‍മ്മാചരണവും കുലീന ഗുണങ്ങളുടെ പരിപോഷണവും ഗുരുസേവയുംകൊണ്ട് ബുദ്ധി വിശുദ്ധവും സൂക്ഷ്മവും വിവേചനാസമര്‍ത്ഥവും ഈശ്വരാധിഷ്ഠിതവുമായിരിക്കും. അത്തരത്തിലുള്ള ബുദ്ധികൊണ്ടാണ് ധ്യാനത്തിനോ അല്ലെങ്കില്‍ ഗാഢമായ തത്വവിചാരത്തിനോ കഴിവുണ്ടാകുന്നത്. ബുദ്ധി പ്രജ്ഞാസ്വരൂപമായി പരിവര്‍ത്തനം ചെയ്യപ്പെടണം. എങ്കില്‍മാത്രമേ ഈശ്വരസാക്ഷാത്ക്കാരം എളുപ്പമാവൂ. ഭക്തിയെ വളര്‍ത്തി വികസിപ്പിക്കുന്നതിന് ഈശ്വര വിശ്വാസവും ധര്‍മ്മാചരണത്തില്‍ ഏകാഗ്രതയും മോഹങ്ങളില്‍നിന്ന് നിര്‍മുക്തതയും അനുഷ്ഠാനത്തില്‍ നിഷ്ഠയും ഉണ്ടായിരിക്കണം. ഈശ്വരവിശ്വാസം നിരുപാധികം സുസ്ഥിരവുമാകണം. നിരുപാധികമെന്നാല്‍ നിങ്ങളുടെ വിശ്വാസം ബാഹ്യമായ സാഹചര്യങ്ങള്‍ക്ക് വിധേയമാക്കരുതെന്നു സാരം. ജീവിതത്തില്‍ എന്തും സംഭവിക്കാം. അതെല്ലാം കര്‍മ്മഫലങ്ങളാണ്.സുഖദുഃഖങ്ങള്‍ നിങ്ങളുടെ പുണ്യപാപങ്ങള്‍ക്കുള്ള പ്രതിഫലങ്ങളാണ്. വിതച്ചതേ കൊയ്യുകയുള്ളൂ. ജീവിതത്തിലെ സംഭവങ്ങളും അനുഭവങ്ങളും ലൗകികമാണ്. എന്നാല്‍ വിശ്വാസത്തിന്റെ ആശ്രയമാകട്ടെ അലൗകികമായ സത്യവസ്തുവിലാണു സ്ഥിതിചെയ്യുന്നത്. ശ്രീ രമാദേവി

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.