പെട്രോള്‍, ഡീസല്‍ വില വീണ്ടും വെട്ടിക്കുറച്ചു

Monday 15 December 2014 10:56 pm IST

ന്യൂദല്‍ഹി :ന്യൂദല്‍ഹി: പെട്രോള്‍, ഡീസല്‍ വില വീണ്ടും വെട്ടിക്കുറച്ചു. ലിറ്ററിന് രണ്ടുരൂപ വീതമാണ് കുറച്ചത്. ആഗസ്റ്റിനുശേഷം പെട്രോള്‍വില ഇത് എട്ടാംവട്ടവും ഡീസല്‍വില ഒക്‌ടോബറിനുശേഷം നാലാമതു തവണയുമാണ് കുറയ്ക്കുന്നത്. പുതിയവില ഇന്നലെ അര്‍ധരാത്രി മുതല്‍ നിലവില്‍ വന്നു. ദല്‍ഹിയില്‍ ഇനി പെട്രോളിന് 61.33 രൂപയും ഡീസലിന് 50.51 രൂപയും നല്‍കിയാല്‍ മതിയാവും. നേരത്തെ ഇത് യഥാക്രമം 63.33 രൂപയും 52.51 രൂപയുമായിരുന്നു. മൂല്യവര്‍ധിതനികുതി വ്യത്യസ്തമായതിനാല്‍ സംസ്ഥാനങ്ങളിലെ വിലയില്‍ ചെറിയ വ്യതിയാനങ്ങളുണ്ടാവും. ഇക്കുറി പെട്രോളിന് 4.25 രൂപയും ഡീസലിന് മൂന്നുരൂപയും കുറവുവരുത്തി. എന്നാല്‍ ഇവയുടെ എക്‌സൈസ് തീരുവയില്‍ നേരിയ വര്‍ധന വരുത്തിയതിനാല്‍ വിലക്കിഴിവ് രണ്ടു രൂപയായി മാറി. ഡിസംബര്‍ ഒന്നിന് പെട്രോള്‍ വില 91 പൈസയും ഡീസല്‍ വില 84 പൈസയും കുറച്ചതാണ് ഒടുവില്‍ വരുത്തിയ വിലക്കിഴിവ്. ആഗസ്റ്റിനുശേഷം ഇതുവരെയായി പെട്രോള്‍ വില 12.27 രൂപയും ഒക്‌ടോബര്‍ 19നു ശേഷം ഡീസല്‍വില 8.46രൂപയും കുറച്ചു. ഒക്‌ടോബര്‍ 19ന് ഡീസല്‍ വില 3.37 രൂപയും നവംബര്‍ ഒന്നിന് 2.25 രൂപയും ഡിസംബര്‍ ഒന്നിന് 84 പൈസയും കുറച്ചിരുന്നു. അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില ഇടിഞ്ഞതാണ് പെട്രോള്‍, ഡീസല്‍വില കുറയ്ക്കാന്‍ ഒരുകാരണം. വിലക്കുറവിന്റെ പരമാവധി പ്രയോജനം ജനങ്ങള്‍ക്ക് ലഭ്യമാക്കാനാണ് ഇവയുടെ വില്‍പ്പനവില വെട്ടിക്കുറച്ചത്. മാത്രമല്ല, എണ്ണവില കുറയ്ക്കുന്നതുവഴി വിലക്കയറ്റം പിടിച്ചുനിര്‍ത്താനും കേന്ദ്രസര്‍ക്കാരിന് കഴിയുന്നുണ്ട്. മോദി സര്‍ക്കാര്‍ അധികാരമേറ്റശേഷം വിലക്കയറ്റം ക്രമാനുഗതമായി കുറയുന്നത് പൊതുജനത്തിന് ഏറെ ആശ്വാസമായിക്കഴിഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.