ൈഹദരാബാദ്: ആന്ധ്രാപ്രദേശിനെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തില്‍ കേരളത്തിന് ഒന്നാം ഇന്നിംഗ്സ് ലീഡ്. കേരളത്തിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 229 റണ്‍സിനെതിരെ ആന്ധ്രാപ്രദേശ് ഒന്നാം ഇന്നിംഗ്സില്‍ 141 റണ്‍സിന് ഓള് ഔട്ടായി. ഇതോടെ 88 റണ്‍സിന്റെ ലീഡാണ് കേരളത്തിന് സ്വന്തമാക്കാന്‍ കഴിഞ്ഞത്.
ആന്ധ്രനിരയില് ആകെ മൂന്നുപേര്‍ മാത്രമാണ് രണ്ടക്കം കടന്നത്. 53 റണ്‍സെടുത്ത എ.ജി. പ്രദീപാണ് ടോപ് സ്കോറര്‍. ക്യാപ്റ്റന്‍ മുഹമ്മദ് കൈഫ് (44), കെ.എസ്. ഭരത് (11) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍. മൂന്നുപേര്‍ പൂജ്യത്തിന് പുറത്തായി. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ നിസാര്‍ നിയാസ്, മനുകൃഷ്ണന്, രണ്ട് വിക്കറ്റ് വീഴ്ത്തിയ റൈഫി വിന്‍സന്റ് ഗോമസ് എന്നിവരുടെ തകര്‍പ്പന്‍ ബൗളിംഗാണ് കേരളത്തിന് ഒന്നാം ഇന്നിംഗ്സ് ലീഡ് സമ്മാനിച്ചത്.
നേരത്തെ 7ന് 206 എന്ന നിലയില്‍ ഒന്നാം ഇന്നിംഗ്സ് ആരംഭിച്ച കേരളത്തിന് 23 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കാനേ കഴിഞ്ഞുള്ളൂ. 74 റണ്‍സുമായി ബാറ്റിംഗ്സ് ആരംഭിച്ച റൈഫി വിന്‍സന്റ് ഗോമസ് 81 റണ്‍സെടുത്ത് റണ്ണൗട്ടായി. മനുകൃഷ്ണന് 32 റണ്‍സുമെടുത്തു. റണ്ണൊന്നുമെടുക്കാതെ ബാസില്‍ തമ്പി പുറത്താകാതെ നിന്നു. ആന്ധ്രക്ക് വേണ്ടി ശിവ്കുമാറും സി. സ്റ്റീഫനും മൂന്നുവിക്കറ്റുകള്‍ വീതം വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: