റണ്‍ കേരള റണ്‍; പ്രാദേശിക സംഘാടക സമിതികള്‍ രൂപീകരിക്കും

Monday 15 December 2014 9:43 pm IST

ആലപ്പുഴ: ദേശീയ കായികമേളയുടെ പ്രചാരണത്തിന്റെ ഭാഗമായി അടുത്ത വര്‍ഷം ജനുവരി 21ന് രാവിലെ 10.30ന് നടത്തുന്ന റണ്‍ കേരള റണ്‍ എന്ന കൂട്ടയോട്ടം വിജയിപ്പിക്കാന്‍ ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും പ്രാദേശികസംഘാടകസമിതികള്‍ രൂപീകരിക്കാന്‍ തീരുമാനമായി. തദ്ദേശസ്വയംഭരണസ്ഥാപനതലത്തിലുള്ള സമിതിയുടെ നേതൃത്വം അതതു പഞ്ചായത്ത് പ്രസിഡന്റിന്/നഗരസഭാധ്യക്ഷനായിരിക്കും. എല്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും ഏഴു കേന്ദ്രങ്ങള്‍ വീതം നിശ്ചയിച്ച് അവിടെ കൂട്ടയോട്ടം നടത്തത്തക്കവിധമായിരിക്കും ആസൂത്രണം. ഓരോ പഞ്ചായത്തില്‍/നഗരസഭയിലും ഒരു പ്രധാനകേന്ദ്രവും ആറ് ഉപകേന്ദ്രങ്ങളും ഉണ്ടാകും. എല്ലാ കേന്ദ്രത്തിലും സംഘാടകസമിതി രൂപീകരിക്കണം. കൂട്ടയോട്ടം നടക്കുന്ന മേഖലകളില്‍ ഗതാഗതക്രമീകരണവും ആവശ്യമായ വൈദ്യസഹായവും മറ്റു സുരക്ഷാസജ്ജീകരണങ്ങളും ഏര്‍പ്പെടുത്തും. ഗെയിംസിനോടനുബന്ധിച്ച് കനാലുകളിലെ പോള നീക്കം ചെയ്യാനും അടിയന്തര നടപടിയുണ്ടാകും. പരിപാടിയില്‍ ജനപ്രതിനിധികള്‍, പൗരപ്രമുഖര്‍, കായികതാരങ്ങള്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍, കലാകാരന്മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍, അദ്ധ്യാപകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവരുടെ സാന്നിധ്യം ഉറപ്പാക്കും. ഇതുമായി ബന്ധപ്പെട്ട് കുടുംബശ്രീയുടെ പ്രത്യേകയോഗം വിളിച്ചു ചേര്‍ക്കും. കൂട്ടയോട്ടത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ഓരേ ഡിസൈനിലുള്ള തൊപ്പി നല്‍കണമെന്ന ശുപാര്‍ശ ഗെയിംസ് സെക്രട്ടറിയേറ്റിന്റെ പരിഗണനയ്ക്കു നല്‍കും. കൂട്ടയോട്ടം നടക്കുന്ന ട്രാക്കിന് അതതു സ്ഥലത്തെ പ്രമുഖരുടെ പേരു നല്‍കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.