ഭരണിക്കാവ് ജംഗ്ഷനില്‍ ട്രാഫിക് സിഗ്നലുകള്‍ നോക്കുകുത്തി

Monday 15 December 2014 10:34 pm IST

കുന്നത്തൂര്‍: താലൂക്കിന്റെ സിരാകേന്ദ്രമായ ഭരണിക്കാവ് ജംഗ്ഷന്‍ ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടുന്നു. ഗതാഗതക്കുരുക്ക് പരിഹരിക്കാനായി സ്ഥാപിച്ച സിഗ്നല്‍ ലൈറ്റുകള്‍ ഒരു മാസമായി നോക്കുകുത്തിയായി തുടരുകയാണ്. ഏറെ നാളത്തെ ആവശ്യങ്ങള്‍ക്ക് ഒടുവില്‍ ഗതാഗതക്കുരുക്കിന് പരിഹാരം കാണാനായി സ്ഥലം എംഎല്‍എ കോവൂര്‍ കുഞ്ഞുമോന്റെ ഫണ്ടില്‍ നിന്നും അഞ്ച് ലക്ഷം രൂപ ചെലവഴിച്ചാണ് കെല്‍ട്രോണിന്റെ സഹായത്തോടെ ഭരണിക്കാവ് ടൗണില്‍ സിഗ്നല്‍ ലൈറ്റുകള്‍ സ്ഥാപിച്ചത്. എന്നാല്‍ എംഎല്‍എയുടെ സൗകര്യത്തിനായി സിഗ്നല്‍ ലൈറ്റുകളുടെ ഉദ്ഘാടനം നീട്ടികൊണ്ട് പോവുകയാണ്. ലൈറ്റുകള്‍ സ്ഥാപിക്കുന്നതിന് മുന്നോടിയായി ടൗണിലെ വിവിധ വാഹനങ്ങളുടെ സ്റ്റോപ്പുകളും സ്റ്റാന്റുകളും പുനക്രമീകരിക്കാനും ബസ് ബേകള്‍ രൂപീകരിക്കാനും ഉപയോഗശൂന്യമായ താലൂക്ക് ജംഗ്ഷനിലെ ട്രാഫിക് ഐലന്റ് പൊളിച്ചുനീക്കാനും താലൂക്ക് വികസനസമിതിയില്‍ തീരുമാനമെടുത്തിരുന്നു. എന്നാല്‍ ഇവയൊന്നും നടപ്പാക്കാതെയാണ് ടൗണില്‍ ഇപ്പോള്‍ സിഗ്നല്‍ ലൈറ്റുകള്‍ സ്ഥാപിച്ചിരിക്കുന്നത്. ടൗണില്‍ നിന്നും ഇവ നീക്കം ചെയ്യാതെ സിഗ്നല്‍ ലൈറ്റുകള്‍ പ്രവര്‍ത്തിപ്പിച്ചാല്‍ ഗതാഗതക്കുരുക്ക് കൂടുതല്‍ രൂക്ഷമാകും. വര്‍ഷങ്ങള്‍ക്ക് മുമ്പ് പൊളിച്ചുമാറ്റിയ കടകളുടെ റോഡിലേക്കുള്ള അനധികൃത ഇറക്കുകള്‍ വീണ്ടും സ്ഥാപിച്ചതും അനധികൃത വാഹനപാര്‍ക്കിംഗും ഗതാഗതക്കുരുക്കിന് പ്രധാന കാരണമാണ്. നാല് പ്രധാന റോഡുകള്‍ ചേരുന്നഭരണിക്കാവില്‍ ബസുകള്‍ തോന്നിയതുപോലെയാണ് നിര്‍ത്തി യാത്രക്കാരെ കയറ്റുന്നതും ഇറക്കുന്നതും. ജംഗ്ഷനില്‍ നിന്നും നൂറ് മീറ്റര്‍ മാറിയേ ബസുകള്‍ നിര്‍ത്താവു എതീരുമാനമെങ്കിലും അതൊന്നും നടപ്പാക്കാന്‍ അധികൃതര്‍ക്ക് സാധിക്കുന്നില്ല. ടൗണില്‍ ഗതാഗത നിയന്ത്രണത്തിനായി രണ്ട് പോലീസുകാരെയാണ് നിയോഗിച്ചിട്ടുള്ളതെങ്കിലും മിക്കവാറും ഒരു വനിതാ വാര്‍ഡന്റെ സേവനം മാത്രമാണ് ലഭിക്കുന്നത്. തിരക്കേറെയുള്ള സമയങ്ങളില്‍ ഗതാഗതനിയന്ത്രണം താറുമാറാകുന്നു. കടപുഴ റോഡിന്റെ ഒറു വശത്താണ് അംഗീകൃത ടെമ്പോ സ്റ്റാന്റ് എങ്കിലും വാഹനങ്ങളുടെ ആധിക്യം മൂലം റോഡിന് ഇരുവശത്തും പാര്‍ക്കിംഗ് ചെയ്തിരിക്കുകയാണ്. ഇതും ഗതാഗതത്തെ സങ്കീര്‍ണമാക്കുന്നതാണ്. ഭരണിക്കാവിലെ ഗതാഗതസംവിധാനത്തിലെ അപാകതകള്‍ പരിഹരിച്ച് സിഗ്നല്‍ ലൈറ്റുകള്‍ എത്രയും വേഗം പ്രവര്‍ത്തിപ്പിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.