സബ്‌ രജിസ്ട്രാര്‍ ഓഫീസില്‍ കൈക്കൂലി വ്യാപകമെന്ന്‌ ആക്ഷേപം

Monday 17 October 2011 11:30 pm IST

അങ്കമാലി: അങ്കമാലി സബ്‌ രജിസ്റ്റര്‍ ഓഫീസ്‌ കൈക്കൂലിയുടെ കൂത്തരങ്ങായി മാറിയിരിക്കയാണെന്നുള്ള ആക്ഷേപം ശക്തമായി. സാധാരണ ജനങ്ങള്‍പോലും വസ്തു ആധാരം ചെയ്യണമെങ്കില്‍ ഒരുലക്ഷം രൂപയ്ക്ക്‌ 1000 രൂപ എന്ന നിരക്കിലാണ്‌ കൈമടക്ക്‌. വസ്തു ആധാരം ചെയ്യുന്ന ആളുകളുടെ കയ്യില്‍നിന്ന്‌ 10 ശതമാനം നിര്‍ബന്ധമായി വാങ്ങുന്നതിന്‌ ആധാരമെഴുത്തുകാരാണ്‌ ഇടനിലക്കാര്‍. ഇവര്‍ ഇടനിലക്കാരായി നിന്നുകൊണ്ട്‌ പണം പിരിച്ച്‌ ജോലികഴിഞ്ഞ്‌ പോകുമ്പോള്‍ തുക ഉദ്യോഗസ്ഥന്മാര്‍ക്ക്‌ നല്‍കുന്ന പതിവാണ്‌ നിലവിലുള്ളത്‌. ഇതുമൂലം വിജിലന്‍സ്‌ അന്വേഷണം വന്നാലും ഉദ്യോഗസ്ഥര്‍ കുടുങ്ങുകയില്ല. വസ്തു ആധാരം ചെയ്യാന്‍ എത്തുമ്പോള്‍ ആധാരചെലവിന്റെ കൂടെ ഓഫീസിലേക്കുള്ള കിമ്പളവും ആധാരമെഴുത്തുകാര്‍ നേരത്തെ തന്നെ വാങ്ങിക്കുകയാണ്‌ പതിവ്‌.
കൂടാതെ ഓഫീസില്‍ നിന്നും ലഭിക്കേണ്ട വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ക്കും ഇപ്പോള്‍ കിമ്പളം നിര്‍ബന്ധമായും ഏര്‍പ്പെടുത്തിയിരിക്കുകയാണ്‌. ഓരോ സര്‍ട്ടിഫിക്കറ്റുകള്‍ക്കും നിശ്ചിത തുക താരിഫായി ഏര്‍പ്പെടുത്തിയിരിക്കുകയാണ്‌. ഇതുകൊടുത്തില്ലെങ്കില്‍ സര്‍ട്ടിഫിക്കറ്റ്‌ വാങ്ങാന്‍ വരുന്നവരെ ദിവസവും നടത്തിക്കുന്ന പതിവാണ്‌ ഉദ്യോഗസ്ഥര്‍ക്കുള്ളത്‌. മക്കളുടെ വിവാഹ ആവശ്യം, വിദ്യാഭ്യാസ ആവശ്യം തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ക്ക്‌ ലോണ്‍ എടുക്കുന്ന പാവപ്പെട്ടവരാണ്‌ സര്‍ട്ടിഫിക്കറ്റുകള്‍ക്ക്‌ ചെല്ലുമ്പോള്‍ ഉദ്യോഗസ്ഥര്‍ ഞെക്കിപിഴിയുന്നത്‌.
സര്‍ട്ടിഫിക്കറ്റുകള്‍ക്ക്‌ അപേക്ഷിക്കുമ്പോള്‍ തന്നെ കമ്മീഷന്‍ തുകയും കൃതമായി പറഞ്ഞ്‌ വാങ്ങിക്കുവാന്‍ ഇവിടെയുള്ളവര്‍ക്ക്‌ യാതൊരു പേടിയുമില്ല. മേലുദ്യോഗസ്ഥര്‍ പോലും തങ്ങളെ ഒന്നും ചെയ്യുകയില്ലെന്ന മട്ടിലാണ്‌ സബ്‌ രജിസ്ട്രാഫീസില്‍ വരുന്നവരെ ഞെക്കി പിഴിയുന്നത്‌. പരാതിപ്പെട്ടാല്‍ അവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ തെറ്റായി കൊടുക്കുന്ന നയവും ഇവിടെയുണ്ടെന്നാണ്‌ പറയപ്പെടുന്നത്‌.
ദിവസേന ആയിരങ്ങള്‍ ചിട്ടിപണമായി അടച്ചുവരുന്ന രീതിയില്‍ ദിവസ ചിട്ടിവരെ ഇവിടെ നടത്തുന്നുണ്ടെന്നും വേറെ സ്വകാര്യ സ്ഥാപനങ്ങളിലെ ചിട്ടിപണത്തിനായി പിരിവുകാര്‍ ഇവിടെ വന്നുപോകുന്നുണ്ടെന്നും പറയപ്പെടുന്നു. കൈക്കൂലിയായി കിട്ടുന്ന തുക എല്ലാവര്‍ക്കും വീതംവച്ച്‌ കൊടുത്ത്‌ ചിട്ടി ബിസിനസില്‍ അടച്ച്‌ വന്‍ പണമുണ്ടാക്കുന്ന റാക്കറ്റും ഇവിടെ വിലസുന്നുണ്ട്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.