അനധികൃത വാഹന്യൂപാര്‍ക്കിംഗ്: കളക്ടറുടെ പ്രഖ്യാപനം നടപ്പായില്ല

Monday 15 December 2014 11:28 pm IST

കൊച്ചി: വല്ലാര്‍പാടം കണ്ടെയ്‌നര്‍ റോഡിലെ അനധികൃത വാഹന്യൂപാര്‍ക്കിംഗിനെതിരെ നടപടിയെടുക്കുമെന്ന കളക്ടറുടെ പ്രഖ്യാപനം നടപ്പായില്ല. പാര്‍ക്കിംഗ് സ്ഥലമില്ലാത്തതാണു കാരണമായി ചൂണ്ടിക്കാട്ടുന്നത്. പാതയിലെ അനധികൃത പാര്‍ക്കിംഗ് മൂലം നിരവധി അപകടങ്ങളുണ്ടായിട്ടുണ്ട്. യാത്രക്കാര്‍ക്ക് അസൗകര്യമുണ്ടാക്കുന്ന വിധത്തില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന ട്രെയിലറുകളാണ് അപകടങ്ങള്‍ക്ക് കാരണമെന്നു കണ്ടെത്തിയതിനെത്തുടര്‍ന്ന് അപകടങ്ങള്‍ ഒഴിവാക്കാന്‍ ട്രെയിലറുകളുടെ അനധികൃത വാഹനപാര്‍ക്കിംഗ് ഒഴിവാക്കാന്‍ നടപടിയെടുക്കുമെന്ന് കഴിഞ്ഞമാസം കളക്ടര്‍ എം. ജി. രാജമാണിക്യം വിളിച്ചു ചേര്‍ത്ത യോഗത്തില്‍ തീരുമാനമെടുത്തിരുന്നു. യോഗത്തില്‍ ആര്‍ടിഒ കെ.എം. ഷാജി, ട്രാഫിക് അസിസ്റ്റന്റ് കമ്മീഷണര്‍ ബേബി വിനോദ്, ആലുവ ജോയിന്റ് ആര്‍ടിഒ എകെ. ശശികുമാര്‍ എന്നിവര്‍ക്കു പുറമെ കൊച്ചി പോര്‍ട്ട് ട്രസ്റ്റ്, ഡിപി വേള്‍ഡ്, തൊഴിലാളി യൂണിയന്‍ ഭാരവാഹികള്‍ എന്നിവരും പങ്കെടുത്തിരുന്നു. നവംബര്‍ 19നകം പാതയിലെ അനധികൃത വാഹനങ്ങളുടെ പാര്‍ക്കിംഗ് ഒഴിവാക്കുമെന്നും കള്കടര്‍ അറിയിച്ചു. നടപടിയെടുക്കാന്‍ കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിനോട് കളക്ടര്‍ ഉത്തരവിടുകയും ചെയ്തു. എന്നാല്‍ സമയപരിധി കഴിഞ്ഞിട്ടും യാതൊരു ്യൂനടപടിയുമുണ്ടായില്ല. അതേസമയം അനധികൃത പാര്‍ക്കിംഗ് നടത്തുന്ന വാഹനം പിടിച്ചെടുക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് ശ്രമം ആരംഭിച്ചെങ്കിലും പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ നീക്കം ചെയ്യാനുള്ള ക്രെയിന്‍ വകുപ്പിന്റെ കൈവശമില്ല. മാത്രമല്ല പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ എവിടെ കൊണ്ടു പോയി പാര്‍ക്ക് ചെയ്യുമെന്ന ആശയക്കുഴപ്പവും മോട്ടോര്‍ വാഹന വകുപ്പിനെ കുഴപ്പിക്കുന്നു. കളമശേരി, ചേരാനെല്ലൂര്‍, മുളവുകാട് എന്നീ കവലകളിലാണ് അനധികൃത പാര്‍ക്കിംഗ് കൂടുതലുള്ളത്. ഇതുമൂലം പാതയില്‍ ഗതാഗതക്കുരുക്കും അപകടങ്ങളും പതിവാണ്. വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനലിനടുത്തു കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന്റെ ഭൂമിയില്‍ പാര്‍ക്കിംഗ് സ്ഥലം ഒരുക്കുമെന്നു പ്രഖ്യാപനമുണ്ടായിരുന്നു. എന്നാല്‍ അവിടെയും ഇതുവരെ പാര്‍ക്കിംഗ് സൗകര്യമൊരുക്കാന്‍ സാധിച്ചിട്ടില്ല. പാര്‍ക്കിംഗ് ഗ്രൗണ്ടൊരുക്കാന്‍ ടെന്‍ഡര്‍ വിളിച്ചെങ്കിലും കരാറുകാരെ കിട്ടിയിട്ടില്ലെന്നാണു പോര്‍ട്ട് അധികൃതര്‍ പറയുന്നത്. 2015 ജനുവരി 31കം ഈ സ്ഥലം പാര്‍ക്കിംഗിന് സജ്ജമാക്കണമെന്നു ്യൂനിര്‍ദേശം നല്‍കിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.