മൊബിലിറ്റി ഹബ്ബ്‌ 24 മണിക്കൂര്‍ പ്രവര്‍ത്തനം തുടങ്ങി

Monday 17 October 2011 11:32 pm IST

വൈറ്റില: കൊച്ചിയുടെ സ്വപ്നപദ്ധതികളിലൊന്നായ വൈറ്റില മൊബിലിറ്റി ഹബ്ബ്‌ ബസ്ടെര്‍മിനല്‍ ഇന്നലെ മുതല്‍ 24 മണിക്കൂറും പ്രവര്‍ത്തനം തുടങ്ങി. തുടക്കത്തില്‍ രാവിലെ 8 മുതല്‍ രാത്രി 8 വരെയായിരുന്നു ബസ്സ്റ്റാന്റ്‌ പ്രവര്‍ത്തിച്ചിരുന്നത്‌. ബസ്സുകള്‍ക്കും യാത്രക്കാര്‍ക്കും കൂടുതല്‍ സൗകര്യങ്ങള്‍ ഒരുങ്ങിയതോടെയാണ്‌ ഹബ്ബ്‌ പകലും രാത്രിയും പ്രവര്‍ത്തനം തുടങ്ങിയിരിക്കുന്നത്‌.
രാത്രി 8 മണിക്കുശേഷം ബസ്സില്‍ കയറാന്‍ യാത്രക്കാര്‍ക്ക്‌ അസൗകര്യം നേരിടുന്നുവെന്ന പരാതിയെത്തുടര്‍ന്നാണ്‌ ബസ്‌ ടെര്‍മിനലിന്റെ പ്രവര്‍ത്തനം അധികം വൈകാതെതന്നെ മുഴുവന്‍ സമയമാക്കിയത്‌. എന്നാല്‍ രാത്രികാലങ്ങളില്‍ നഗരത്തിലെത്തുന്നതും കൊച്ചിവഴി കടന്നുപോവുന്നതുമായ ദീര്‍ഘദൂര കെഎസ്‌ആര്‍ടിസി ബസ്സുകള്‍ വൈറ്റില സ്റ്റാന്റില്‍ എത്തുമോ എന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്‌.
ബസ്സ്റ്റാന്റിലെ സെക്യൂരിറ്റി സംവിധാനവും പ്രീപെയ്ഡ്‌ ഓട്ടോ കൗണ്ടറുകളും പോലീസ്‌ എയ്ഡ്പോസ്റ്റും ഇന്നലെ മുതല്‍ പകലും രാത്രിയിലും ഒരുപോലെ പ്രവര്‍ത്തിച്ചു തുടങ്ങി. ഇതിന്‌ പുറമെ ലഘുഭക്ഷണശാലകളും രാത്രിയിലും തുറന്നുവെക്കാന്‍ തുടങ്ങിയിട്ടുണ്ട്‌.
യാത്രക്കാര്‍ക്കായി ഒട്ടേറെ സൗകര്യങ്ങള്‍ ഒരുങ്ങിയിട്ടുണ്ടെങ്കിലും അസൗകര്യങ്ങളെക്കുറിച്ചുള്ള പരാതികളും ഏറെയാണ്‌. ബസ്സ്റ്റാന്റിലേക്ക്‌ വാഹനങ്ങള്‍ കയറിയിറങ്ങുന്ന റോഡുകളില്‍ വഴിവിളക്കുകള്‍ സ്ഥാപിച്ചിട്ടില്ല. ഇതിന്‌ പുറമെ സ്വന്തം വാഹനങ്ങളില്‍ എത്തുന്നവര്‍ക്ക്‌ അവ സൗകര്യപ്രദമായി പാര്‍ക്ക്‌ ചെയ്യാന്‍ ഇടമില്ല എന്നതും ന്യൂനതയായി ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്‌.
പ്രീപെയ്ഡ്‌ ഓട്ടോറിക്ഷാ കൗണ്ടറില്‍ അമിതചാര്‍ജ്‌ ഈടാക്കുന്നതായി ചിലര്‍ക്ക്‌ പരാതിയുണ്ട്‌. ഇപ്പോള്‍ 50 ഓട്ടോറിക്ഷകളാണ്‌ കൗണ്ടറുമായി ബന്ധപ്പെട്ട്‌ പ്രവര്‍ത്തിക്കുന്നത്‌. പടിപടിയായി ഇത്‌ 200 എണ്ണമാക്കി ഉയര്‍ത്തുമെന്നാണ്‌ മൊബിലിറ്റി ഹബ്ബ്‌ അധികൃതര്‍ അറിയിക്കുന്നത്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.