ഇന്ത്യയെ പേടിയാണെന്ന്‌ പാക്‌ പ്രതിരോധമന്ത്രി

Tuesday 28 June 2011 9:30 pm IST

ഇസ്ലാമാബാദ്‌: ഇന്ത്യക്കൊപ്പം ആധുനിക ആയുധങ്ങള്‍ തങ്ങള്‍ക്കില്ലെന്നും ഒരു യുദ്ധത്തില്‍ കൂടുതല്‍ പിടിച്ചുനില്‍ക്കാന്‍ രാജ്യത്തിന്‌ കഴിയില്ലെന്നും പാക്കിസ്ഥാന്‍ പ്രതിരോധമന്ത്രി ചൗധരി അഹമ്മദ്‌ മുക്താര്‍ വ്യക്തമാക്കി. ഇന്ത്യയുടെ സാമ്പത്തികാവസ്ഥ പാക്കിസ്ഥാനേക്കാള്‍ ആറ്‌ മുതല്‍ ഏഴ്‌ ഇരട്ടിവരെ കൂടുതലാണെന്നും വ്യാപാരം 5 മുതല്‍ 6 ഇരട്ടിവരെയുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാക്കിസ്ഥാനും ഇന്ത്യക്കും 20-22 ദിവസംവരെ മാത്രമേ യുദ്ധത്തില്‍ തുടരാന്‍ കഴിയുമായിരുന്നള്ളൂ. പക്ഷെ ഇന്ന്‌ ഇന്ത്യക്ക്‌ തുടര്‍ച്ചയായി 45 ദിവസം യുദ്ധത്തിലേര്‍പ്പെടാന്‍ കഴിയും. ബിബിസിക്ക്‌ നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം അറിയിച്ചു. ഇന്ത്യയാണ്‌ പാക്കിസ്ഥാന്റെ ശത്രു എന്ന ആശയമാണോ രാജ്യത്തിന്റെ പ്രശ്നങ്ങള്‍ക്ക്‌ കാരണമെന്ന ചോദ്യത്തിനുത്തരം നല്‍കുകയായിരുന്നു മന്ത്രി. 2008 മുംബൈ ആക്രമണത്തിനുശേഷം രണ്ട്‌ രാജ്യങ്ങളും ബന്ധം മെച്ചപ്പെടുത്താന്‍ ശ്രമിക്കുകയാണ്‌. ഇപ്പോള്‍ ചര്‍ച്ചകളും യാത്രകളും നടക്കുന്നു. മതവും രാഷ്ട്രീയവും കൂട്ടിക്കലരരുതെന്ന്‌ തങ്ങളാഗ്രഹിക്കുന്നു. തനിക്കും ദൈവത്തിനുമിടയിലുള്ള സ്വകാര്യതയില്‍ ഒരു നിയന്ത്രണവും പാടില്ല, അദ്ദേഹം തുടര്‍ന്നു. ഒസാമ ബിന്‍ ലാദന്റെ സാന്നിധ്യം കണ്ടെത്താന്‍ കഴിയാത്തതിനെക്കുറിച്ചും അമേരിക്ക ലാദനെ രാജ്യത്തുനിന്ന്‌ പിടികൂടിയ സാഹചര്യത്തെക്കുറിച്ചും അന്വേഷിക്കും. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കരുതല്‍ നടപടികള്‍ സ്വീകരിക്കും. അന്വേഷണ കമ്മീഷന്റെ തീരുമാനങ്ങള്‍ നടപ്പാക്കും. താലിബാന്റെ സങ്കേതങ്ങള്‍ എവിടെയാണ്‌ സ്ഥിതിചെയ്യുന്നതെന്ന്‌ സര്‍ക്കാരിനറിയാം. അവരെ കാണാനോ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനോ പ്രയാസമില്ല, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.