കല്‍ക്കരിക്കോഴ: മന്‍മോഹനെ ചോദ്യം ചെയ്യാന്‍ സിബിഐ കോടതി ഉത്തരവ്

Wednesday 17 December 2014 1:15 am IST

ന്യൂദല്‍ഹി: കല്‍ക്കരിപ്പാടക്കോഴക്കേസില്‍ മുന്‍പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിനെ ചോദ്യം ചെയ്യാന്‍ പ്രത്യേക കോടതി സിബിഐയ്ക്ക് നിര്‍ദേശം നല്‍കി. കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയാണ് കോടതി ഉത്തരവ്.  മന്‍മോഹന്‍ പ്രധാനമന്ത്രിയായിരിക്കെ  കല്‍ക്കരി വകുപ്പിന്റെ ചുമതലകൂടി വഹിച്ചിരുന്നതിനാല്‍ അദ്ദേഹത്തിന്റെ മൊഴി അനിവാര്യമാണ്, കോടതി വ്യക്തമാക്കി. വ്യവസായ പ്രമുഖന്‍ കുമാരമംഗലം ബിര്‍ള അടക്കമുള്ളവര്‍ക്കെതിരായ കേസില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി. അനേ്വഷണം അവസാനിപ്പിക്കാന്‍ അനുവദിക്കണമെന്ന സിബിഐയുടെ അഭ്യര്‍ഥന  തള്ളിയ പ്രത്യേക ജഡ്ജി ഭരത് പരാശര്‍ കേസില്‍ കൂടുതല്‍ അന്വേഷണം നടത്താനും സിബിഐക്ക് ഉത്തരവ്  നല്‍കി. ഇനി ജനുവരി 27ന് വാദം തുടരും. ഉദ്യോഗസ്ഥര്‍ക്ക ുപുറമേ അന്നത്തെ കല്‍ക്കരി മന്ത്രിയുടെ(പ്രധാനമന്ത്രി)മൊഴിയും രേഖപ്പെടുത്തണം, പരാശര്‍ തുടര്‍ന്നു. കേസില്‍ കുമാരമംഗലം ബിര്‍ള, കല്‍ക്കരി വകുപ്പ് മുന്‍ സെക്രട്ടറി പി.സി. പരേഖ് എന്നിവര്‍ക്കെതിരെ സിബിഐ അന്വേഷണം നടക്കുകയാണ്. അന്വേഷണത്തിനിടെ ശേഖരിച്ച തെൡവുകള്‍ ആരോപണങ്ങള്‍ തെളിയിക്കാന്‍ പര്യാപ്തമല്ലെന്നും  അതിനാല്‍ കേസ് അവസാനിപ്പിക്കാന്‍ അനുമതി നല്‍കണമെന്നും അഭ്യര്‍ഥിച്ച് ആഗസ്റ്റ് 28നാണ് സിബിഐ പ്രത്യേക കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നത്. എന്തടിസ്ഥാനത്തിലാണ് സിബിഐ ഇത്തരമൊരു നിഗമനത്തില്‍ എത്തിയതെന്നും ഏതുതരം അന്വേഷണമാണ് ഇതുവരെ നടത്തിയതെന്നും കോടതി സിബിഐയോട് ആരാഞ്ഞിരുന്നു. ബിര്‍ളയുടെ ഹിന്‍ഡാല്‍കോയ്ക്ക് കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ചതില്‍ ക്രിമിനല്‍ സ്വഭാവം ഇല്ലേയെന്നും കോടതി ചോദിച്ചു. യുപിഎ സര്‍ക്കാരിന്റെ കാലത്ത് കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ചതില്‍ വന്‍ക്രമക്കേടാണ് നടന്നിരുന്നത്. ചട്ടങ്ങള്‍ ലംഘിച്ചും ഉൗഴംതെറ്റിച്ചും സ്വന്തക്കാര്‍ക്ക് കല്‍ക്കരിപ്പാടങ്ങള്‍ നല്‍കുകയായിരുന്നു. ഇടപാടിനെ സംബന്ധിച്ച് മന്‍മോഹന് കൃത്യമായ അറിവുണ്ടായിരുന്നുവെന്നും വെളിവായിരുന്നു. എന്നാല്‍ അദ്ദേഹത്തില്‍ നിന്ന്  തെളിവെടുത്തിരുന്നില്ല. തുടര്‍ന്ന് നവംബര്‍ 25ന്, എന്തുകൊണ്ടാണ് മന്‍മോഹനെ ചോദ്യംചെയ്യാത്തതെന്ന് കോടതി സിബിഐയോട് ചോദിച്ചിരുന്നു. അന്ന് കല്‍ക്കരിവകുപ്പിന്റെ ചുമതല വഹിച്ചിയാളെ ചോദ്യംചെയ്യേണ്ടത് അത്യാവശ്യമാണെന്ന് തോന്നിയില്ലേയെന്നും കോടതി ആരായുകയുണ്ടായി. അന്നു പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോസ്ഥരെ ചോദ്യംചെയ്‌തെന്നും മന്‍മോഹനെ ചോദ്യം ചെയ്യണമെന്ന് തോന്നിയില്ലെന്നുമായിരുന്നു സിബിഐയുടെ വിശദീകരണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.