യുവമോര്‍ച്ച മാര്‍ച്ചിനുനേരെ പോലീസ് അതിക്രമം; 14 പേര്‍ക്ക് പരിക്ക്

Wednesday 17 December 2014 11:17 pm IST

മന്ത്രി കെ. എം. മാണിയുടെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച നടത്തിയ നിയമസഭാ മാര്‍ച്ചിന് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോള്‍

തിരുവനന്തപുരം: ബാര്‍കോഴ ഇടപാടിലെ മുഖ്യപ്രതിയായ ധനമന്ത്രി കെ.എം. മാണി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച നടത്തിയ നിയമസഭാ മാര്‍ച്ചിന് നേരെ പോലീസ് അതിക്രമം. പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് ഗ്രനേഡും കണ്ണീര്‍ വാതക ഷെല്ലുകളും ജലപീരങ്കിയും പ്രയോഗിച്ചു. പതിനാല് പ്രവര്‍ത്തകര്‍ക്കു പരിക്കേറ്റു. ഇവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് സെക്രട്ടറിയേറ്റിനു മുന്നില്‍നിന്ന് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രകടനം ആരംഭിച്ചത്. പാളയം യുദ്ധസ്മാരകത്തിനു സമീപംവച്ച് ബാരിക്കേഡുയര്‍ത്തി പോലീസ് മാര്‍ച്ച് തടഞ്ഞു. ബാരിക്കേഡുകള്‍ക്ക് അരുകിലേക്ക് നീങ്ങിയ പ്രവര്‍ത്തകര്‍ക്കുനേരെ പോലീസ് പ്രകോപനമില്ലാതെ ജലപീരങ്കിയും ഗ്രനേഡുകളും കണ്ണീര്‍വാതകവും പ്രയോഗിക്കുകയായിരുന്നു. ജലപീരങ്കി പ്രയോഗത്തില്‍പ്പെട്ട് രണ്ടുപ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. മറ്റുള്ളവര്‍ ഗ്രനേഡുകളില്‍ നിന്നും കണ്ണീര്‍വാതക ഷെല്ലുകളില്‍ നിന്നുമുള്ള വിഷപ്പുക ശ്വസിച്ച് കുഴഞ്ഞുവീണു. കാലാവധി കഴിഞ്ഞ ഗ്രനേഡുകളും ഷെല്ലുകളുമാണ് പോലീസ് ഉപയോഗിച്ചത്. മാധ്യമപ്രവര്‍ത്തകരെ ലക്ഷ്യമിട്ടും പോലീസ് ഷെല്ലുകള്‍ എടുത്തെറിഞ്ഞു.

പരിക്കേറ്റ യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറിമാരായ ലിജിന്‍ലാല്‍, സജി കരവാളൂര്‍, സംസ്ഥാന സമിതിയംഗം എസ്. നിശാന്ത്, കൊല്ലം ജില്ലാ പ്രസിഡന്റ് പ്രശാന്ത്, ജില്ലാ മണ്ഡലം ഭാരവാഹികളായ കിരണ്‍, സുജിത്, വിഷ്ണു, കരമന പ്രവീണ്‍, ആനന്ദ്, അരുണ്‍, സുധീഷ് മോഹന്‍, ജ്യോതിഷ്, അനില്‍ നെട്ടമ്പള്ളി, അനീഷ് എന്നിവരാണ് ചികിത്സതേടിയത്.

ബിജെപി ദേശീയ നിര്‍വ്വാഹകസമിതിയംഗം സി.കെ. പത്മനാഭന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. പി. സുധീര്‍, ബിജെപി സംസ്ഥാന സെക്രട്ടറി സി. ശിവന്‍കുട്ടി, സംസ്ഥാന വക്താവ് വി.വി. രാജേഷ്, ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.എസ്. സുരേഷ്, യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. ബിനുമോന്‍, വൈസ് പ്രസിഡന്റുമാരായ അഡ്വ. ആര്‍.എസ്. രാജീവ്, അഡ്വ.കെ.എസ്. ഷൈജു, ലിജിന്‍ലാല്‍, സജി കരവാളൂര്‍, ജില്ലാ പ്രസിഡന്റ് മുളയറ രതീഷ് എന്നിവര്‍ സംസാരിച്ചു. കൊല്ലം ജില്ലാ പ്രസിഡന്റ് അഡ്വ.ആര്‍.എസ്. പ്രശാന്ത്, സംസ്ഥാന സമിതിയംഗങ്ങളായ ആര്‍.എസ്. സമ്പത്ത്, മണവാരി രതീഷ്, കെ.ആര്‍. രാധാകൃഷ്ണന്‍, എസ്. നിശാന്ത് എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.