കൂടം‌കുളം പ്രവര്‍ത്തനം നിര്‍ത്തണം - ജയലളിത

Tuesday 18 October 2011 4:19 pm IST

ചെന്നൈ: ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നത്‌ വരെ കൂടംകുളം ആണവ നിലയത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തി വയ്ക്കണമെന്ന്‌ തമിഴ്‌നാട്‌ മുഖ്യമന്ത്രി ജയലളിത ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരും പ്രധാനമന്ത്രിയും തമിഴ്‌നാടിനെ കൈയൊഴിയുന്ന നിലപാടാണ്‌ സ്വീകരിക്കുന്നതെന്നും ജയലളിത കുറ്റപ്പെടുത്തി. കൂടംകുളം പ്രശ്നത്തില്‍ തമിഴ്‌നാടിനെ കൈവെടിയുന്ന നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നത്. പദ്ധതി കൂടുതല്‍ പ്രയോജനപ്പെടുന്നതു തമിഴ്‌നാടിനായിരിക്കും എന്നു ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി അയച്ചെന്നു പറയുന്ന കത്തു ലഭിച്ചിട്ടില്ലെന്നു ജയലളിത പറഞ്ഞു. ഇപ്പോഴത്തെ സാഹചര്യത്തില്‍ പദ്ധതിയുമായി മുന്നോട്ടു പോകാനാവില്ലെന്നും അവര്‍ വ്യക്തമാക്കി. തമിഴ്‌നാടിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ആസൂത്രിതമായ ശ്രമമാണ്‌ നടക്കുന്നതെന്ന്‌ പറഞ്ഞ ജയലളിത, പദ്ധതി നിര്‍ത്തിവയ്ക്കാത്തതില്‍ ജനങ്ങള്‍ രോഷാകുലരാണെന്നും വ്യക്തമാക്കി. നിരാഹാര സമരം ഉള്‍പ്പെടെയുള്ള മാര്‍ഗങ്ങളിലേക്ക്‌ ജനങ്ങള്‍ പിന്തിരിയുമെന്നും ജയ മുന്നറിയിപ്പ്‌ നല്‍കി. കൂടംകുളം പദ്ധതിയുമായി ബന്ധപ്പെട്ട്‌ തമിഴ്‌നാടിന്റെ നിലപാട്‌ കാത്തിരിക്കുകയാണെന്ന പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള സഹമന്ത്രി വി.നാരായണസ്വാമിയുടെ പരാമര്‍ശത്തെ ജയലളിത രൂക്ഷമായി വിമര്‍ശിച്ചു. അതേസമയം തെരഞ്ഞെടുപ്പിനെ തുടര്‍ന്നു രണ്ടു ദിവസമായി നിര്‍ത്തിവച്ച സമരം ശക്തമാക്കാന്‍ സമരസമിതി തീരുമാനിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.