കാമുകിയെ യുവാവ് വെട്ടിക്കൊന്നു

Thursday 18 December 2014 8:26 pm IST

തൃപ്പൂണിത്തുറ: പിണക്കത്തിലായിരുന്ന കാമുകിയെ യുവാവ് വീട്ടില്‍ കയറി വെട്ടിക്കൊന്നു. ഉദയം പേരൂര്‍ ഫിഷര്‍മെന്‍ കോളനിക്ക് സമീപം മീന്‍കടവില്‍ പള്ളിപ്പറമ്പില്‍ വീട്ടില്‍ ബാബുവിന്റെ മകള്‍ നീതു(18) ആണ് കൊല്ലപ്പെട്ടത്.

സംഭവത്തില്‍ പെണ്‍കുട്ടിയുടെ കാമുകനായ ബിനു രാജി(31)നെ പോലീസ് പിടികൂടി. ഇന്ന് രാവിലെ എട്ടുമണിയോടെ പെണ്‍കുട്ടിയുടെ വീട്ടില്‍ വച്ചായിരുന്നു നാടിനെ നടുക്കിയ സംഭവം.

രാവിലെ എട്ടുമണിയോടെയാണ് ബിനുരാജ് നീതുവിന്റെ വീട്ടിലെത്തിയത്. തുടര്‍ന്ന് ടെറസില്‍ നില്‍ക്കുകയായിരുന്ന നീതുവിനെ പിന്നില്‍ നിന്നും വെട്ടിവീഴ്ത്തി. പെണ്‍കുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ വീട്ടുകാരെ കത്തികാട്ടി ഭീഷണിപ്പെടുത്തിയ ബിനുരാജ് ഓടി രക്ഷപ്പെടുകയായിരുന്നു. വെട്ടേറ്റ നീതു തല്‍ക്ഷണം മരിച്ചു. നാട്ടുകാര്‍ അറിയിച്ചതിനെതുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് വഴിക്കുവെച്ച് ബിനുരാജിനെ പിടികൂടി.

നീതുവിനെ തനിക്ക് വിവാഹംചെയ്തു തരണമെന്ന് മൂന്ന്മാസം മുന്‍പ് ബിനുരാജ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, പെണ്‍കുട്ടി പ്രായപൂര്‍ത്തിയാകാത്തതിനാല്‍ വീട്ടുകാര്‍ ബന്ധത്തെ എതിര്‍ക്കുകയും വഴക്കിടുകയും ചെയ്തിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിക്ക് പതിനെട്ട് വയസ്സു തികഞ്ഞാല്‍ വിവാഹം ചെയ്തു നല്‍കാമെന്ന് പോലീസ് സ്‌റ്റേഷനില്‍വച്ച് വീട്ടുകാര്‍ ഉറപ്പുനല്‍കി പിരിഞ്ഞു. ഇതിനിടെ, കഴിഞ്ഞദിവസം നീതുവും ബിനുരാജും തമ്മിലുണ്ടായ പിണക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.