അച്ചന്‍കോവില്‍ കറുപ്പന്‍തുള്ളലിന് ഇന്ന് തുടക്കം

Thursday 18 December 2014 10:30 pm IST

പുനലൂര്‍: അച്ചന്‍കോവില്‍ ക്ഷേത്രോത്സവത്തിന്റെ മൂന്നാംദിവസമായ ഇന്ന് പ്രസിദ്ധമായ കറുപ്പന്‍തുള്ളലിന് ആരംഭമാകും. ക്ഷേത്രാരാധകര്‍ക്ക് നവ്യാനുഭൂതി പ്രദാനം ചെയ്യുന്ന ഈ ചടങ്ങ് ദര്‍ശിക്കാന്‍ കേരളത്തില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നും ദിനംപ്രതി നൂറുകണക്കിന് ഭക്തജനങ്ങളാണ് ഈ ശാസ്താസന്നിധിയില്‍ എത്തിച്ചേരുന്നത്. പൂര്‍ണമായും ദൈവികപരിവേഷമുള്ള ഒരു പരിപാടിയാണ് കറുപ്പന്‍തുള്ളല്‍. അച്ചന്‍കോവില്‍ ക്ഷേത്രത്തില്‍ മാത്രം കാണുന്ന തനതും ദൃശ്യസമ്പന്നവുമായ ഈ ചടങ്ങ് കാണുക എന്നതുതന്നെ ഏറെ ഭക്തിദായകമാണ്. ആചാരപ്പെരുമയില്‍ അച്ചന്‍കോവില്‍ ധര്‍മ്മശാസ്താവിന്റെ പരിവാരമൂര്‍ത്തിയായ കറുപ്പസ്വാമിക്ക് ഏറെ പ്രാധാന്യമുണ്ട്. ഇവിടെ കറുപ്പന്‍തുള്ളല്‍ ദര്‍ശിക്കാന്‍ എത്തുന്നവര്‍ അഭീഷ്ടസിദ്ധിക്ക് കറുപ്പനൂട്ട് നടത്തിയാണ് മടങ്ങുക. കറുപ്പന്‍ കോവിലിലെ കാര്‍മ്മികസ്ഥാനം കറുപ്പന്‍ പൂജാരിക്കാണ്. വെള്ളാള സമുദായത്തില്‍പ്പെട്ട താഴത്തേതില്‍ കുടുംബത്തിനാണ് പൂജാരിസ്ഥാനം. ഉത്സവത്തിന് ചപ്രം എഴുന്നള്ളിപ്പിനും രഥോത്സവത്തിന് അകമ്പടി സേവിക്കാനും കറുപ്പസ്വാമിയുണ്ടാകും. പരമശിവന്‍ മഹിഷിനിഗ്രഹത്തിന് നിയുക്തനായ മണികണ്ഠസ്വാമിയെ സഹായിക്കാന്‍ മൂര്‍ച്ചയുള്ള കുശ എന്ന പുല്ലുപയോഗിച്ച് സിദ്ധികര്‍മ്മത്തിലൂടെ സൃഷ്ടിച്ച ശക്തിമാനായ ഭൂതഗണമാണ് കറുപ്പസ്വാമി. ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ കാലുറകളണിഞ്ഞ് കച്ചമണികള്‍കെട്ടി ശിരസില്‍ അലങ്കാരവസ്ത്രം ചുറ്റി വലംകയ്യില്‍ വേലും ഇടംകയ്യില്‍ ഭസ്മകൊപ്പാരയും വഹിച്ച് പ്രത്യേക ഭാവാദികളോടെ കറുപ്പസ്വാമി രംഗത്തെത്തുമ്പോള്‍ സ്ത്രീജനങ്ങള്‍ വായ്ക്കുരവയുടെ അകമ്പടിയോടെ സ്വീകരിക്കും. കറുപ്പന്‍തുള്ളലിന് അകമ്പടിയായി പാണ്ടിമേളവുമുണ്ടാകും. പാണ്ടിമേളത്തിന്റെ ചടുലതക്കൊപ്പമാണ് കറുപ്പസ്വാമി ഉറഞ്ഞുതുള്ളുന്നത്. അച്ചന്‍കോവില്‍ ക്ഷേത്രത്തിന് പുറകിലാണ് കൂടുതലായി കറുപ്പന്‍തുള്ളല്‍ ചടങ്ങ് അരങ്ങേറുക. വാള്‍ചൂടേറ്റി, ഭസ്മം വാരിവിതറി കറുപ്പസ്വാമി ഉറഞ്ഞുതുള്ളുമ്പോള്‍ അത് ഭക്തജനങ്ങള്‍ക്ക് ഭക്തിയുടെ പരവശ്യമാകും സമ്മാനിക്കുക. ഇത് അച്ചന്‍കോവിലിന് മാത്രം സ്വന്തം. ഈ പൗരാണിക ചടങ്ങിലെ തമിഴ്, മലയാള സംയോജിത ദ്രാവിഡ പഴമ നഷ്ടമാകാതെ ഇന്നും കാത്തുസൂക്ഷിച്ച് വരികയാണ്. കഴിഞ്ഞ അഞ്ചുവര്‍ഷമായി താഴത്തേതില്‍ കുടുംബാംഗമായ പ്രദീപാണ് കറുപ്പസ്വാമിയായി വേഷം ധരിക്കുന്നതും കറുപ്പന്‍കോവില്‍ പൂജാരിസ്ഥാനം വഹിക്കുന്നതും. കേരള, തമിഴ്‌നാട് അതിര്‍ത്തി ഗ്രാമമായതിനാലാകാം ചടങ്ങുകളില്‍ ഒരു തമിഴ്മയമെന്നും താഴത്തേതില്‍ കുടുംബം തമിഴ്‌നാട്ടില്‍ നിന്നും കുടിയേറി പാര്‍ത്തതിനാലാകാം എന്നും രണ്ട് അഭിപ്രായം ഇന്നും ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. എന്തുതന്നെയായാലും ആചാരതനിമയില്‍ ഇനി ഏഴുദിവസം കറുപ്പസ്വാമി ഉറഞ്ഞുതുള്ളും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.