നികുതിവര്‍ധനവിനെതിരെ ഗ്രീസില്‍ തൊഴിലാളി പണിമുടക്ക്‌

Tuesday 28 June 2011 9:34 pm IST

ഏതന്‍സ്‌: നികുതികള്‍ വര്‍ധിപ്പിച്ച്‌ ചെലവുചുരുക്കി സാമ്പത്തിക ക്ലേശം മറികടക്കാനുള്ള ഗ്രീക്ക്‌ പ്രധാനമന്ത്രി ജോര്‍ജ്‌ പപ്പന്‍ഡ്ര്യൂറിന്റെ നിര്‍ദ്ദേശത്തോട്‌ എതിര്‍പ്പ്‌ പ്രകടിപ്പിച്ചുകൊണ്ട്‌ ഗ്രീസിലെ തൊഴിലാളി സംഘടനകള്‍ 48 മണിക്കൂര്‍ പൊതുപണിമുടക്കാരംഭിച്ചു.ഇതേത്തുടര്‍ന്ന്‌ ഏഥന്‍സ്‌ തെരുവുകള്‍സമരാനുകൂലികളെക്കൊണ്ട്‌ നിറയുകയും പൊതുഗതാഗതം സ്തംഭിക്കുകയും ചെയ്തു. തന്റെ 28 ബില്യണ്‍ യൂറോ പദ്ധതി ഗ്രീസിനെ സാമ്പത്തികമായി സ്വന്തം കാലില്‍ നില്‍ക്കാന്‍ സഹായിക്കുമെന്ന്‌ കഴിഞ്ഞ തിങ്കളാഴ്ച പ്രധാനമന്ത്രി അറിയിച്ചിരുന്നു.സര്‍ക്കാര്‍ സാമ്പത്തികമായി പരാജയപ്പെട്ടാല്‍ യൂറോപ്യന്‍ സമൂഹവും അന്താരാഷ്ട്ര നാണയനിധിയും 12 ബില്യണ്‍ യൂറോയുടെ വായ്പ മരവിപ്പിക്കുകയും രാജ്യം ആഴ്ചകള്‍ക്കുള്ളില്‍ സാമ്പത്തിക ഞെരുക്കത്തിലാവുകയും ചെയ്യും. ഗ്രീസിന്‌ 30 കൊല്ലത്തെ ദീര്‍ഘകാല വായ്പയനുവദിക്കാന്‍ ഫ്രഞ്ച്‌ ബാങ്കുകള്‍ തയ്യാറാണെന്ന്‌ ഫ്രഞ്ച്‌ പ്രസിഡന്റ്‌ നിക്കോളാസ്‌ സര്‍കോസി അറിയിച്ചു. ഇതുപോലെ ഗ്രീസിന്‌ വായ്പ നല്‍കിയിട്ടുള്ള യൂറോപ്യന്‍ രാജ്യങ്ങളിലെ ബാങ്കുകളും കൂടുതല്‍ ഉദാരസമീപനം സ്വീകരിക്കുമെന്നാണ്‌ താന്‍ കരുതുന്നതെന്ന്‌ ഫ്രഞ്ച്‌ പ്രസിഡന്റ്‌ അറിയിച്ചു. പക്ഷേ ബാങ്കുകളെ കുടിശിക പിരിക്കാന്‍ തങ്ങള്‍ സമ്മര്‍ദം ചെലുത്തുകയാണെന്ന്‌ ഇംഗ്ലണ്ട്‌ പറഞ്ഞു.ഏഥന്‍സിന്റെ കേന്ദ്രഭാഗത്ത്‌ പാര്‍ലമെന്റ്‌ മാര്‍ച്ച്‌ നടത്തുന്ന തൊഴിലാളികളെ നിയന്ത്രിക്കാന്‍ 5000 പോലീസുകാരെ പ്രത്യേകമായി നിയോഗിച്ചിട്ടുണ്ട്‌. പണിമുടക്കില്‍ ഡോക്ടര്‍മാര്‍, ആംബുലന്‍സ്‌ ഡ്രൈവര്‍മാര്‍, പത്രപ്രവര്‍ത്തകര്‍ എന്തിന്‌ ചലച്ചിത്ര താരങ്ങള്‍വരെ പങ്കെടുത്തു. വിമാനത്താവളത്തില്‍ എയര്‍ട്രാഫിക്‌ നിയന്ത്രകര്‍ സമരത്തിലായതിനാല്‍ വിമാന ഗതാഗതം തകരാറിലായി. മിനിമം ശമ്പളം കിട്ടുന്നവര്‍ക്കുപോലും നികുതികള്‍ അടിച്ചേല്‍പ്പിച്ച സര്‍ക്കാര്‍ നടപടിയാണ്‌ തൊഴിലാളി യൂണിയനുകളെ രോഷാകുലരാക്കിയത്‌. രാജ്യത്തെ തൊഴിലില്ലായ്മ 16 ശതമാനമായി ഉയര്‍ന്നു. ഈ നടപടികള്‍ തൊഴിലാളി ദ്രോഹമാണ്‌. തൊഴിലെടുക്കുന്നവര്‍ക്ക്‌ ശരിക്കും നരകമായിരിക്കും. സമരംകൊണ്ട്‌ എല്ലാം നിശ്ചലമായി. തന്നാസിസ്‌ പഫിലിസ്‌ എന്ന്‌ ഗ്രീക്ക്‌ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി പാര്‍ലമെന്റംഗം വാര്‍ത്താലേഖകരെ അറിയിച്ചു.ഈ നടപടികള്‍ നിയമമായാല്‍ ഗ്രീസിന്‌ അടുത്ത തവണത്തെ വായ്പയായി 110 ബില്യണ്‍ യൂറോ യൂറോപ്യന്‍ യൂണിയനില്‍നിന്നും അന്താരാഷ്ട്ര നാണ്യനിധിയില്‍നിന്നും ലഭിക്കും. രണ്ടാമതായി രാജ്യത്തിന്‌ 120 ബില്യണ്‍ യൂറോ വായ്പയുടെ കാര്യവും പരിഗണനയിലുണ്ട്‌. ഈ വായ്പകൊണ്ട്‌ മുമ്പുവാങ്ങിയ വായ്പകളുടെ കുടിശികകള്‍ 2014 വരെ അടച്ചുതീര്‍ക്കാമെന്ന്‌ കണക്കാക്കപ്പെടുന്നു. ഇതിനിടെ ചെലവുചുരുക്കല്‍ നടപടികള്‍ പരാജയപ്പെട്ടാല്‍ ഖജനാവ്‌ ദിവസങ്ങള്‍ക്കുള്ളില്‍ കാലിയാകുമെന്നും തങ്ങളുടെ രാജ്യസ്നേഹത്തിലധിഷ്ഠിതമായ കടമ ചെയ്യാന്‍ അംഗങ്ങള്‍ തയ്യാറാകണമെന്നും ഗ്രീക്ക്‌ പ്രധാനമന്ത്രി പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടു. രാഷ്ട്രത്തിന്റെ സ്വയംപര്യാപ്തതക്കായി വോട്ടുചെയ്യാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. "വളര്‍ച്ചയെ തടയാതെ, പൗരന്മാരെ ശ്വാസംമുട്ടിക്കാതെ കടം തന്നുതീര്‍ക്കാനുള്ള വ്യവസ്ഥകളും സമയവും അനുവദിക്കണമെന്ന്‌ മറ്റ്‌ യൂറോപ്യന്‍ രാജ്യങ്ങളോട്‌ ഞാനഭ്യര്‍ത്ഥിക്കുകയാണ്‌", പ്രധാനമന്ത്രിതുടര്‍ന്നു.ചെലവു ചുരുക്കുന്നതും ശമ്പളം കുറക്കുന്നതും നല്ലതല്ലെങ്കിലും അവ ഒഴിവാക്കാനാവില്ലെന്ന്‌ ധനമന്ത്രി ഇവാന്‍ജലോ വെനിസിലോസ്‌ ചൂണ്ടിക്കാട്ടി. ചെലവ്‌ ചുരുക്കുന്നതോടൊപ്പം നികുതികളും കുറക്കണമെന്നും അതുകൊണ്ടുമാത്രമേ രാജ്യത്തിന്‌ സുസ്ഥിരത ലഭിക്കൂ എന്നും മുഖ്യ പ്രതിപക്ഷമായ ന്യൂ ഡെമോക്രാറ്റിക്‌ പാര്‍ട്ടിയിലെ അന്റോണിസ്‌ സമറാസ്‌ പറഞ്ഞു. ഭരണകക്ഷിക്ക്‌ 300 പേരുള്ള ഗ്രീക്ക്‌ പാര്‍ലമെന്റില്‍ 155 സീറ്റുകളാണുള്ളത്‌.