മയക്കുമരുന്ന് മാഫിയയുടെ ലക്ഷ്യം സ്‌ക്കൂള്‍ കുട്ടികളെന്ന് പോലീസ്

Friday 19 December 2014 8:34 pm IST

ശ്രീനഗര്‍: ജമ്മു കശ്മീര്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ മയക്കു മരുന്ന് മാഫിയ അധികവും ലക്ഷ്യം വയ്ക്കുന്നത് സ്‌കൂള്‍ കുട്ടികളെയാണെന്ന് കണ്ടെത്തി.

കുട്ടികള്‍ക്ക് ആദ്യം സമ്മാന രൂപേണയാണ് മയക്കുമരുന്ന് നല്‍കുന്നത്. പിന്നീട് മയക്കുമരുന്നിന്റെ അളവു കൂട്ടി നല്‍കും. ഇതോടെ മയക്കുമരുന്നിന് അടിമപ്പെട്ടു തുടങ്ങുന്ന കുട്ടികളില്‍ നിന്ന് മാഫിയകള്‍ പണം ഈടാക്കി തുടങ്ങുമെന്നും പോലീസ് പറഞ്ഞു.

ഇത്തരത്തില്‍ കുട്ടികളില്‍ നിന്ന് 6000 മുതല്‍ 10000 രൂപ വരെ ഇവര്‍ ഈടാക്കുന്നതായി പോലീസ് കണ്ടെത്തി.

ജമ്മു മേഖലയില്‍ മയക്കുമരുന്ന് ഉപയോഗത്തിന്റെ ആധിക്യത്തില്‍ അടുത്തിടെ ദിവ്യ മന്‍ഹാസ് എന്ന പെണ്‍കുട്ടി മരിച്ചിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിന്റെ പശ്ചാത്തലത്തിലാണ് പോലീസിന് പുതിയ വിവരങ്ങള്‍ ലഭ്യമായത്.

ദിവ്യയുടെ മരണവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പിടികൂടിയിരുന്നു. പെണ്‍കുട്ടിക്ക് മയക്കുമരുന്ന് നല്‍കിയ ജമ്മു സ്വദേശികളായ വിക്രം സിംഗ്, റുബൈല്‍ ശര്‍മ്മ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ കൂടാതെ മയക്കു മരുന്ന് റാക്കറ്റിലെ പ്രധാന കണ്ണിയായ ഹിമാചല്‍ സ്വദേശി യശീത് ഏലിയാസ് കാലിയയേയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

മയക്കുമരുന്ന് റാക്കറ്റിലുള്‍പ്പെട്ട കൂടുതല്‍ പേര്‍ക്കായി തിരച്ചില്‍ നടത്തി വരികയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.