സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പെന്‍ഷന്‍ പ്രായം 60

Saturday 20 December 2014 8:43 pm IST

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പെന്‍ഷന്‍ പ്രായം 60 ആക്കി ഇറക്കിയിരിക്കുന്ന ഉത്തരവുകള്‍ തൊഴില്‍രഹിതര്‍ക്ക് തിരിച്ചടിയാവുന്നു. ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലും കെഎസ്എഫ്ഇയും പെന്‍ഷന്‍ പ്രായം 60 ആക്കി ഇറക്കിയ ഉത്തരവ് മറയാക്കി പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ കോടതിയെ സമീപിച്ച് പെന്‍ഷന്‍ കാലാവധി നീട്ടിയെടുക്കുകയാണ്. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും പെന്‍ഷന്‍ പ്രായം ഇപ്പോള്‍ 56 വയസ്സാണ്. മുമ്പ് പെന്‍ഷന്‍ പ്രായം 55 വയസ്സ് ആയിരുന്നപ്പോള്‍ ചില പൊതു മേഖലാ സ്ഥാപനങ്ങളിലെയും ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ കീഴില്‍ വരുന്ന നാറ്റ്പാക് മുതലായ സ്ഥാപനങ്ങളിലെയും ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 58 ആയിരുന്നു. ഇവിടങ്ങളിലെ ജീവനക്കാര്‍ക്ക് പെന്‍ഷന്‍് അര്‍ഹതയില്ലായിരുന്നു. ക്രമേണ നാറ്റ്പാക് മുതലായ സ്ഥാപനങ്ങളില്‍ പെന്‍ഷന്‍ നിയമം ബാധകമാക്കി. പെന്‍ഷന്‍ പ്രായം കുറയ്ക്കുന്നതിനു പകരം ഇത്തരം സ്ഥാപനങ്ങളിലെ എല്ലാ വിഭാഗം ജീവനക്കാരുടെയും പെന്‍ഷന്‍ പ്രായം 60 ആയി ഉയര്‍ത്തിക്കൊണ്ട് 2013 ല്‍ ഉത്തരവ് ഇറങ്ങി. ഇത് മുഖ്യമന്ത്രിയുടെ ചുമതലയില്‍ ഉള്ള വകുപ്പാണ്. ഇതിന്റെ ചുവട് പിടിച്ച് ധനമന്ത്രിയുടെ കീഴിലുള്ള കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനില്‍ പെന്‍ഷന്‍ പ്രായം 60 ആക്കി. ഇതിനു വേണ്ടി വന്‍തോതിലുള്ള പണപ്പിരിവ് നടന്നതായി ആരോപണം ഉയര്‍ന്നിരുന്നു. കെഎസ്എഫ്ഡിസിയിലെ ഭരണകക്ഷിയിലെ യൂണിയന്റെ പ്രസിഡന്റ് ഭരണകക്ഷിയിലെ പ്രബല പാര്‍ട്ടിയുടെ സമുന്നതനായ നേതാവാണ്. ഇവിടെയും പെന്‍ഷന്‍ പ്രായം 58 വയസ്സ് ആണ്. പെന്‍ഷനും ഇല്ല. സംഘടനയിലെ മൂന്നു ജീവനക്കാര്‍ 2014 ഒക്ടോബര്‍ മാസം വിരമിക്കേണ്ടതുണ്ട്. പെന്‍ഷന്‍ പ്രായം 60 ആക്കണമെന്ന് ആവശ്യപ്പെട്ട് സംഘടന സര്‍ക്കാരിനും, കോര്‍പ്പറേഷനും നിവേദനം നല്കി. കോര്‍പ്പറേഷന്റെ ഡയറക്ടര്‍ ബോര്‍ഡ് ഇതു പാസ്സാക്കി സര്‍ക്കാരിന്റെ അംഗീകാരത്തിനായി അയച്ചു. ഇതിനിടെ മിക്ക സ്ഥാപനങ്ങളിലും പെന്‍ഷന്‍ പ്രായം 60 ആക്കണമെന്ന ആവശ്യം ശക്തമായതോടെ സര്‍ക്കാര്‍ ഇക്കാര്യം പരിശോധിക്കുകയും പെന്‍ഷന്‍ പ്രായം 60 ആക്കേണ്ടെന്ന് തീരുമാനിച്ച് ഉത്തരവ് 2014 ഒക്ടോബറില്‍ പുറപ്പെടുവിക്കുകയും ചെയ്തു. ഇതിന് മന്ത്രിസഭയുടെ അംഗീകാരമില്ലായിരുന്നു. അതിനാല്‍ ഇത് നയപരമായ തീരുമാനമാണെന്ന് കരുതാന്‍ നിര്‍വ്വാഹമില്ല. ഈ ഉത്തരവ് ഇറങ്ങുന്നതിന് സമാന്തരമായി തന്നെ വ്യവസായ വകുപ്പിന്റെ കീഴിലുള്ള കെ വിബ് എന്ന സ്ഥാപനത്തില്‍ പെന്‍ഷന്‍ പ്രായം 60 ആക്കി ഉത്തരവ് പുറപ്പെടുവിച്ചു. 2013 മുതല്‍ സംസ്ഥാനത്ത് 20 ഓളം സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം 60 ആക്കി ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇതില്‍ ഏറിയ കൂറും വ്യവസായ വകുപ്പിന്റെ കീഴിലുള്ള സ്ഥാപനങ്ങളിലാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.