ഭരണഘടനാവകാശങ്ങള്‍ പട്ടികജാതി വിഭാഗത്തിന് ഉറപ്പ് വരുത്തണം: ഗവര്‍ണര്‍

Saturday 20 December 2014 8:50 pm IST

തിരുവനന്തപുരം: ഭരണഘടന അനുശാസിക്കുന്ന അവകാശങ്ങളും കടമകളും പട്ടികജാതി വര്‍ഗ്ഗ വിഭാഗത്തിന് ലഭിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തണമെന്ന് ഗവര്‍ണര്‍ പി. സദാശിവം. ആള്‍ ഇന്ത്യ ഡോസ് എസ്‌സി-എസ്റ്റി എംപ്ലോയീസ് അസോസിയേഷന്‍ (എഡിഒഎസ്എസ്ഇഎ) ഏര്‍പ്പെടുത്തിയ മെരിറ്റ് പുരസ്‌കാരങ്ങള്‍ സമ്മാനിക്കുകയായിരുന്നു അദ്ദേഹം. ഉയരങ്ങള്‍ കീഴടക്കാന്‍ ജാതിയോ മതമോ നാടോ പ്രശ്‌നമില്ല. ഇന്ത്യയെ ലോകത്തിന്റെ നെറുകയിലെത്തിച്ച മംഗള്‍യാന്‍ ദൗത്യത്തില്‍ എണ്ണൂറോളം എസ് സി, എസ് റ്റി ജീവനക്കാരുടെ പങ്കുണ്ട്. ഇനിയും ഇത്തരം ഉയരങ്ങള്‍ കീഴടക്കാന്‍ ഐഎസ്ആര്‍ഒയ്ക്ക് കഴിയണം. താന്‍ ഒരു ഗ്രാമത്തിലാണ് ജനിച്ചത്. പഠിച്ചത് സര്‍ക്കാര്‍ സ്‌കൂളിലാണ്. എന്നിട്ടും പരമോന്നത നീതിപീഠത്തിലെത്താന്‍ കഴിഞ്ഞു. ഇത് പോലെ ഓരോരുത്തരും കഠിനാധ്വാത്തിലൂടെ വിജയം നേടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഐസിഎസ്ഇ, സിബിഎസ്ഇ, വിഎസ്എസ്‌സി സെന്‍ട്രല്‍ സ്‌കൂള്‍, സ്റ്റേറ്റ് സിലബസ് എന്നിവയിലെ ഒന്നാം ക്ലാസ് മുതല്‍ പ്ലസ് റ്റു വരെയുള്ള 48 കുട്ടികള്‍ക്കാണ് പുരസ്‌കാരം നല്‍കിയത്. തിരുവനന്തപുരം ജില്ലയില്‍ നിന്ന് തെരഞ്ഞെടുത്ത നിര്‍ധനരായ 10 പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കുള്ള ധനസഹായവും ഗവര്‍ണര്‍ വിതരണം ചെയ്തു. ചടങ്ങില്‍ എസ്എസി എസ്റ്റി കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് പി.എന്‍. വിജയകുമാര്‍ അധ്യക്ഷത വഹിച്ചു. എല്‍പിഎസ്‌സി ഡയറക്ടര്‍ ഡോ. കെ. ശിവന്‍ മുഖ്യ പ്രഭാഷണം നടത്തി. എഡിഒഎസ്എസ്ഇഎ പ്രസിഡന്റ് കെ. സുരേഷ്, ജനറല്‍ സെക്രട്ടറി എം.എം. സന്തോഷ് കുമാര്‍, എസ്. മുരുകന്‍, കെ. ബാബു എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.