മാലിന്യസംസ്‌കരണം പ്രതിസന്ധിയില്‍

Saturday 20 December 2014 9:36 pm IST

എരുമേലി: ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ചുണ്ടാകുന്ന ടണ്‍കണക്കിന് മാലിന്യങ്ങള്‍ സംസ്‌കരിക്കാന്‍ കഴിയാത്ത പഞ്ചായത്തധികൃതര്‍ നട്ടംതിരിയുന്നതിനിടെ മാലിന്യങ്ങള്‍ കത്തിക്കാനും കഴിയാതെ തള്ളാന്‍ സ്ഥലവുമില്ലാതെ വിശുദ്ധി സേനക്കാര്‍ നെട്ടോട്ടമോടുകയാണ്. കൊടിത്തോട്ടം പ്ലാന്റില്‍ ചിരട്ടകള്‍ ഇല്ലാത്തതിനാല്‍ മാലിന്യ സംസ്‌കരണം കഴിഞ്ഞ കുറേ ദിവസങ്ങളായി പ്രതിസന്ധിയിലായിരുന്നു. ലോറിയില്‍ കൊണ്ടുവരുന്ന മാലിന്യങ്ങള്‍ തുറസ്സായ സ്ഥലത്ത് തള്ളി കത്തിക്കാനുള്ള ശ്രമവും പരാജയപ്പെട്ടതോടെയാണ് മാലിന്യസംസ്‌കരണം പ്രതിസന്ധിയിലായത്. കൊടിത്തോട്ടം പ്ലാന്റില്‍ കത്തിക്കാവുന്നതിനേക്കാള്‍ പത്തിരട്ടി മാലിന്യങ്ങളാണ് ഇപ്പോള്‍ എത്തിക്കുന്നതെന്നും തൊഴിലാളികള്‍ പറയുന്നു. മാലിന്യങ്ങള്‍ റോഡരികില്‍ തള്ളിയതോടെ കൊടിത്തോട്ടം മേഖലയിലെ ജനങ്ങള്‍ക്കും ആശുപത്രി പരിസരത്തെ വീടുകള്‍ക്കും കനത്ത ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത്. എന്നാല്‍ ലക്ഷങ്ങള്‍ ചെലവഴിച്ച് നിര്‍മ്മിച്ച കവുങ്ങുംകുഴിയിലെ മാലിന്യസംസ്‌കരണ പ്ലാന്റ് പ്രവര്‍ത്തിപ്പിക്കാത്തതിനെതിരെ വ്യാപക പ്രതിഷേധമാണുയര്‍ന്നിരിക്കുന്നത്. പ്ലാന്റ് തുറക്കണമെങ്കില്‍ വീണ്ടും ലക്ഷങ്ങള്‍ ചെലവഴിക്കേണ്ടിവരുമെന്ന് നേരത്തെ പഞ്ചായത്ത്തന്നെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ കൊടിത്തോട്ടം മാലിന്യസംസ്‌കരണ പ്ലാന്റ് യഥാസമയം അറ്റകുറ്റപ്പണി നടത്താത്തതാണ് പ്രതിസന്ധിക്ക് കാരണമെന്നും പറയുന്നു. എരുമേലിയിലേതടക്കം വരുന്ന പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ നിന്നും കൊണ്ടുവരുന്ന ഖരമാലിന്യങ്ങള്‍ സംസ്‌കരിക്കാനോ തള്ളാനോ സ്ഥലമില്ലാതായതോടെ എരുമേലിയില്‍ ദുര്‍ഗന്ധം വമിച്ചുതുടങ്ങിയിരിക്കുന്നു. കഴിഞ്ഞ രണ്ടു ദിവസമായി മാലിന്യശേഖരണം പോലും പാതിവഴിമുടങ്ങിയിരിക്കുകയാണെന്നും തൊഴിലാളികള്‍ പറഞ്ഞു. എന്നാല്‍ പ്ലാന്റില്‍ അമിതമായി വന്ന മാലിന്യങ്ങള്‍ തത്കാലത്തേക്ക് റോഡില്‍ തള്ളിയതാണെന്നും കത്തുന്നത് അനിസരിച്ചാണ് മാലിന്യങ്ങള്‍ തിരികെ പ്ലാന്റില്‍ കയറ്റുന്നതെന്നും പഞ്ചായത്ത് സെക്രട്ടറി പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.