മദ്യ നയം: മുസ്ലിം ലീഗിന് അടവു നയം

Saturday 20 December 2014 10:33 pm IST

കോഴിക്കോട്: മദ്യ നയത്തില്‍ മുസ്ലിം ലീഗിന്റെ കോണി രണ്ട് തോണിയില്‍. അട്ടിമറിക്കപ്പെട്ട മദ്യനയത്തില്‍ എതിര്‍പ്പുമായി തങ്ങള്‍ക്ക് കോണ്‍ഗ്രസിന്റെ അഭിപ്രായവുമായി യോജിച്ച് പോകാന്‍ കഴിയില്ലെന്ന് പ്രഖ്യാപിക്കുമ്പോഴും കടുത്ത നടപടികളിലേക്ക് ഇല്ലെന്നും മുസ്ലിംലീഗ് അര്‍ത്ഥശങ്കക്കിടയില്ലാത്ത വിധം വ്യക്തമാക്കുന്നു. ഉമ്മന്‍ചാണ്ടി മന്ത്രിസഭയുടെ പുതിയ തീരുമാനത്തിനെതിരെ കെപിസിസി പ്രസിഡന്റ് പോലും ശക്തമായി രംഗത്തു വന്നു. എന്നാല്‍ അത്തരമൊരു കടുത്ത ഭാഷ പോലും മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയില്‍ നിന്നുണ്ടായില്ല. കോഴിക്കോട് വാര്‍ത്താ സമ്മേളനം വിളിച്ചുകൂട്ടി മദ്യനയം അട്ടിമറിക്കപ്പെട്ടതില്‍ പ്രതിഷേധം പ്രകടിപ്പിച്ച യൂത്ത് ലീഗ് നേതാക്കളും ഇതിന്റെ പേരില്‍ സര്‍ക്കാരില്‍ നിന്ന് വിട്ടുപോരണമെന്ന വാദത്തോട് യോജിപ്പില്ലെന്ന് പ്രഖ്യാപിച്ചു. മദ്യ നയത്തില്‍ കോണ്‍ഗ്രസ് നിലപാടിനോട് യോജിപ്പില്ലെന്നാണ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി കോഴിക്കോട് മാധ്യമങ്ങളോട് പ്രതികരിച്ചത്. ഘട്ടം ഘട്ടമായല്ല സമ്പൂര്‍ണ്ണമദ്യ നിരോധനമാണ് ലീഗിന്റെ നയം. ഇനി മറ്റൊരു ഘട്ടമില്ലെന്നും മദ്യ നയം അട്ടിമറിക്കപ്പെട്ടതില്‍ ഇനി പ്രക്ഷോഭത്തിന്റെ ഘട്ടം മാത്രമേ ഉള്ളുവെന്നും മന്ത്രി കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു. മദ്യ നയം അട്ടിമറിക്കപ്പെട്ടാലും സര്‍ക്കാരിനെ താങ്ങി നിര്‍ത്തണമെന്ന തീരുമാനമാണ് മുസ്ലിം ലീഗ് പ്രകടിപ്പിക്കുന്നത്. മദ്യ നിരോധന നിയമം എടുത്തുകളഞ്ഞ 1967 ലെ ഇഎംഎസ് മന്ത്രിസഭയില്‍ വിയോജനക്കുറിപ്പെഴുതിയ പാരമ്പര്യം ആവര്‍ത്തിക്കുമെന്നാണ് യൂത്ത് ലീഗ് നേതാക്കള്‍ പറഞ്ഞത്. അന്ന് ലീഗ് മന്ത്രിസഭയില്‍ നിന്ന് വിട്ടു പോയിരുന്നെങ്കില്‍ മലപ്പുറം ജില്ലാ രൂപീകരണം തുടങ്ങിയ കാര്യങ്ങള്‍ നേടിയെടുക്കാന്‍ കഴിയുമായിരുന്നില്ലെന്നും യൂത്ത് ലീഗ് നേതാക്കള്‍ ഓര്‍മ്മിപ്പിച്ചു. മന്ത്രി സഭയില്‍ നിന്നുള്ള പിന്മാറ്റം ഒന്നിനും പരിഹാരമല്ലെന്നാണ് മുസ്ലിം ലീഗിന്റെ നിലപാട്. വി.എം. സുധീരന്‍ എതിര്‍ത്താലും മദ്യനയത്തില്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കുമെന്ന് അര്‍ത്ഥശങ്കക്കിടയില്ലാത്ത വിധം മുസ്ലിംലീഗ് പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രക്ഷോഭമാണ് ഇനി അടുത്ത ഘട്ടമെന്ന് പ്രഖ്യാപിക്കുമ്പോഴും അതെന്താണെന്നോ എന്നാണെന്നോ ലീഗ് നേതൃത്വത്തിന് വ്യക്തതയില്ല. മന്ത്രിസഭയിലെ പല പ്രമുഖര്‍ക്കും ബാര്‍ കോഴയില്‍ പങ്കുണ്ടെന്ന ആരോപണത്തിന് അടിവരയിടുന്നതാണ് ലീഗ് നിലപാട്. ബാര്‍ വിഷയത്തില്‍ മദ്യ മുതലാളിമാര്‍ക്കെതിരായ നിലപാടെടുത്താല്‍ മുസ്ലിം ലീഗ് നേതൃത്വവും വെട്ടിലാകുമെന്നറിയാവുന്ന മുതിര്‍ന്ന നേതാക്കളാണ് പാര്‍ട്ടിയെ കടുത്ത തീരുമാനത്തില്‍ നിന്നും പിന്തിരിപ്പിക്കുന്നത്. മദ്യനയം അട്ടിമറിക്കപ്പെട്ടതില്‍ പേരിന് പ്രതിഷേധം പ്രകടിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രിയെയും മന്ത്രി സഭയേയും താങ്ങി നിര്‍ത്താനാണ് ലീഗ് നീക്കം. യുഡിഎഫിനെ ദുര്‍ബലപ്പെടുത്തുന്ന ഒരു നീക്കവും തങ്ങളില്‍ നിന്നുണ്ടാവില്ലെന്ന ഉറപ്പാണ് ലീഗ് വച്ചു നീട്ടുന്നത്. അതിന് വലിയ വില ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് നല്‍കേണ്ടി വരുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.