ശബരിമല തീര്‍ത്ഥാടനം; ദേവസ്വം ബോര്‍ഡ്‌ ഒരുക്കങ്ങളാരംഭിച്ചു

Tuesday 18 October 2011 11:46 pm IST

എരുമേലി: ശബരിമല മണ്ഡല-മകരവിളക്ക്‌ തിരുവുത്സവവുമായി ബന്ധപ്പെട്ട്‌ ഇടത്താവളമായ എരുമേലിയിലെ ഒരുക്കങ്ങള്‍ ദേവസ്വം ബോര്‍ഡ്‌ ആരംഭിച്ചു. ശബരിമല സീസണില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ട പേട്ടതുള്ളിവരുന്ന തീര്‍ത്ഥാടകര്‍ക്ക്‌ കുളിക്കാനുള്ള സൌകര്യമൊരുക്കുന്നതിനെക്കുറിച്ചുള്ള നടപടികള്‍ക്കാണ്‌ ഇത്തവണയും ബോര്‍ഡ്‌ മുന്‍തൂക്കം നല്‍കിയിരിക്കുന്നത്‌. കഴിഞ്ഞവര്‍ഷം നിര്‍മ്മിച്ച ഷവര്‍ബാത്തിനോട്‌ ചേര്‍ന്നുള്ള അമ്പലം തോട്ടരികില്‍ തന്നെയാണ്‌ പുതിയ ഷവര്‍ബാത്തിണ്റ്റെ നിര്‍മ്മാണം ആരംഭിച്ചിരിക്കുന്നത്‌. നവംബറിലെത്തുന്ന തീര്‍ത്ഥാടകരെ വരവേല്‍ക്കാന്‍ ക്ഷേത്രവും അനുബന്ധ കെട്ടിടങ്ങള്‍, നടപ്പന്തല്‍, കൊച്ചമ്പലം എന്നിവ പെയിണ്റ്റിംഗ്‌ നടത്തുന്ന ജോലി കഴിഞ്ഞദിവസം തുടങ്ങിക്കഴിഞ്ഞു. കുത്തക കച്ചവടലേലത്തിനുപുറമേയുള്ള അടിസ്ഥാന സൌകര്യങ്ങള്‍ ഒരുക്കിക്കൊട്ടുക്കുന്നതിനായുള്ള ലേലങ്ങളും നടന്നു കഴിഞ്ഞു. ആലംമ്പളിമൈതാനത്തിന്‌ ഹൈമാക്സ്‌ ലൈറ്റ്‌ കഴിഞ്ഞദിവസം സ്ഥാപിച്ചു. സ്കൂള്‍വക വലിയ ഗ്രൌണ്ടിലും ലൈറ്റ്‌ സ്ഥാപിക്കാനുള്ള പണികള്‍ നടന്നുകൊണ്ടിരിക്കുന്നു. വഴിപാട്‌ സാധനങ്ങളായ അപ്പം, അരവണ എന്നിവ മെച്ചപ്പെട്ടരീതിയില്‍ കൊടുക്കാനാകുമെന്നും എരുമേലി ദേവസ്വം എ.ഒ.എം. പ്രകാശ്‌ പറഞ്ഞു. തീര്‍ത്ഥാടകവാഹനങ്ങള്‍ പാര്‍ക്ക്‌ ചെയ്യുന്ന മൈതാനങ്ങളില്‍ മിക്കവയും പൂര്‍ണ്ണമായും ഉപയോഗിക്കാന്‍ കഴിയുന്നില്ലെന്നാണ്‌ കരാറുകാര്‍ പറയുന്നത്‌. മൈതാനങ്ങളിലെ കുഴികളും വെള്ളക്കെട്ടുകളും കാടുംമറ്റുമാണ്‌ തീര്‍ത്ഥാടകര്‍ക്ക്‌ അസൌകര്യങ്ങളായിരിക്കുന്നത്‌. അമ്പലം തോട്‌ വൃത്തിയാക്കല്‍, ശൌചാലയങ്ങളുടെ അറ്റകുറ്റപണി അടക്കമുള്ള ജോലികളും ചെയ്തു തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.