അരവണ കിട്ടാതെ ഭക്തര്‍ മടങ്ങുന്നു

Sunday 21 December 2014 10:17 pm IST

ശബരിമല:  അരവണ കിട്ടാതെ ഭക്തര്‍ മടങ്ങുന്നു. ശബരിമലയില്‍ പ്രസാദത്തിന്റെ പ്രതിസന്ധി പുതിയതലങ്ങളിലേക്ക്. ഒരുഭക്തന് വാങ്ങാവുന്ന അരവണയുടെ എണ്ണം മൂന്നായി വെട്ടിച്ചുരുക്കിയതോടെ അന്യസംസ്ഥാനത്തുനിന്ന് എത്തിയ ഭക്തര്‍ പ്രസാദത്തിനായി സന്നിധാനത്ത് തങ്ങുകയാണ്. ഇതോടെ അരവണയുടെ ക്യൂ മുമ്പ് കാണാത്ത വിധം നീണ്ടു. സന്നിധാനത്ത് തിരക്ക് വര്‍ദ്ധിക്കുകയും ചെയ്തു. ഇതിനെതുടര്‍ന്നാണ് പലരും ഏറെനേരം ക്യൂനിന്നശേഷം അരവണ വാങ്ങാതെ മടങ്ങിയ അവസ്ഥയുണ്ടായത്. പ്രസാദം ലഭിക്കാതെവരുന്നത് തീര്‍ത്ഥാടനത്തെ ദോഷകകരമായി ബാധിക്കും . ദക്ഷിണഭാരതത്തിന് പുറത്തുനിന്നുപോലും ഭക്തരെത്തുന്ന സ്ഥലമാണ് ശബരിമല. മണ്ഡലകാലം പൂര്‍ത്തിയാകാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ അരവണപ്രസാദത്തിനുണ്ടായ ദൗര്‍ലഭ്യം ഭക്തരെപ്പോലും പ്രതിഷേധിക്കാന്‍ പഠിപ്പിക്കുകയാണ്. വര്‍ഷത്തില്‍ ഒരുദിനംമാത്രം ശബരിമലയിലെത്തുന്ന അന്യസംസ്ഥാന തീര്‍ത്ഥാടകരാണ് പ്രസാദനിയന്ത്രണത്തില്‍ വലയുന്നത്. കരുതല്‍ ശേഖരമില്ലാതെയാണ് അരവണ വിതരണം മുമ്പോട്ട് പോകുന്നത്. മണ്ഡലകാലം വരെ പിടിച്ചുനില്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് അരവണ വെട്ടിക്കുറച്ചതെന്നാണ് സൂചന. നിലവിലുള്ള രീതിയില്‍ ഉത്പാദനം നടന്നാല്‍ യന്ത്രങ്ങളോ യന്ത്രഭാഗങ്ങളോ മാറ്റേണ്ടിവരുമെന്നും പറയുന്നു. കഴിഞ്ഞ വര്‍ഷം നാല് കോടിയില്‍പരം രൂപ അരവണയില്‍ നിന്നും ബോര്‍ഡിന് അധികവരുമാനം ലഭിച്ചിരുന്നു. എന്നാല്‍ ഇക്കുറി വിതരണം നിലനിര്‍ത്താന്‍ ബോര്‍ഡ് പെടാപാടുപെടുകയാണ്. ഒരുദിവസം രണ്ടര ലക്ഷം ടിന്‍ അരവണ വില്‍പ്പനയാണ് സന്നിധാനത്ത് നടക്കുന്നത്. എന്നാല്‍ കൂടിയാല്‍ 25 ലക്ഷം ടിന്‍ അരവണ ശേഖരിച്ച് സൂക്ഷിക്കാനുള്ള സൗകര്യംമാത്രമെ സന്നിധാനത്തുള്ളു. പലസ്ഥലത്തും ശുചിത്വം കുറവുമാണ്. തീര്‍ത്ഥാടനം ആരംഭിക്കുന്ന സമയം തന്നെ അരവണയുടെ വന്‍ശേഖരം സൂക്ഷിക്കാനാവില്ല. തന്നെയുമല്ല എല്ലാവര്‍ഷവും 15 ശതമാനത്തിനുമുകളില്‍ പ്രസാദവില്‍പ്പന വര്‍ധിക്കാറുമുണ്ട്. ഈ സാഹചര്യത്തില്‍ അരവണ ഉത്പാദനം സംബന്ധിച്ച് വ്യക്തമായ കാഴ്ചപ്പാടുണ്ടാവേണ്ടതുണ്ട്. കഴിഞ്ഞ രണ്ട് ദിവസമായി ദര്‍ശനത്തിനുള്ള ക്യൂവിനുസമാനമായി അരവണ കൗണ്ടറിലും ക്യൂ രൂപപ്പെടുകയുണ്ടായി. ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയില്‍ റിവ്യൂപെറ്റീഷന്‍ നല്‍കിയെങ്കിലും ഫലമുണ്ടായില്ല. മറ്റ് പോംവഴിയില്ലെങ്കില്‍ ബോര്‍ഡ് സുപ്രീംകോടതിയിലേക്ക് നീങ്ങാനും സാധ്യതയേറി. അരവണ പ്രതിസന്ധി: സിഎഫ്ടിആര്‍ഐയെ സമീപിച്ചു ശബരിമല: അരവണയിലെ ജലാംശം സംബന്ധിച്ച് അവസാനവാക്കിനായി  ദേവസ്വം അധികൃതര്‍ മൈസൂര്‍ ആസ്ഥാനമായ സെന്‍ട്രല്‍ ഫുഡ് ടെക്‌നോളജിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റൂട്ടിനെ സമീപിച്ചു. നിലവിലുള്ള  അരവണ പ്രതിസന്ധി കണക്കിലെടുത്ത് ശബരിമല ചീഫ് കോര്‍ഡിനേറ്റര്‍ കെ.ആര്‍.ജ്യോതിലാലാണ് വിദഗ്ധാഭിപ്രായത്തിനായി സിഎഫ്ടിആര്‍ഐയെ സമീപിച്ചത്. ഡയറക്ടര്‍മാരായ ഡോ.റാം, ഡോ.രേണു അഗര്‍വാള്‍, എന്നിവര്‍ക്കാണ് അധികൃതര്‍ ഇതുസംബന്ധിച്ച് സന്ദേശം കൈമാറിയത്. ഇന്ത്യയില്‍തന്നെ  മികച്ച ലാബായി അറിയപ്പെടുന്ന സിഎഫ്ടിആര്‍ഐയെ യുടെ നിരീക്ഷണം ഏറെ പ്രാധാന്യത്തോടെയാണ് അധികൃതര്‍ കാണുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.