സിപിഎമ്മും കോണ്‍ഗ്രസും നയം വ്യക്തമാക്കണം: വി.മുരളീധരന്‍

Sunday 21 December 2014 10:18 pm IST

കണ്ണൂര്‍: നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനെതിരായ നിയമത്തെക്കുറിച്ച് സിപിഎമ്മും കോണ്‍ഗ്രസും നയം വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് വി.മുരളീധരന്‍ കണ്ണൂരില്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആലപ്പുഴയിലും കൊല്ലത്തും കഴിഞ്ഞ ദിവസം നടന്നത് നിര്‍ബന്ധിത മതപരിവര്‍ത്തനമല്ല. ഹിന്ദു ധര്‍മ്മത്തിലേക്ക് അവര്‍ തിരിച്ചു വരികയാണ് ചെയ്തത്. പ്രലോഭിപ്പിച്ചും നിര്‍ബന്ധിച്ചും മതപരിവര്‍ത്തനം നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാണ് ബിജെപിയുടെ നയം. ഹിന്ദുമതത്തിലേക്ക് ആളുകള്‍ തിരിച്ചുവരുന്നത് വിവാദമാക്കിയ സാഹചര്യത്തില്‍ അത്തരം വിവാദങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന സിപിഎം നേതാക്കള്‍ ഉള്‍പ്പെടെയുളളവര്‍, കഴിഞ്ഞ ഒരു വര്‍ഷത്തിനുളളില്‍ സംസ്ഥാനത്ത് ഹിന്ദുമതത്തില്‍ നിന്ന് എത്രപേരെ നിര്‍ബന്ധിച്ച് മറ്റ് മതങ്ങളിലേക്ക് മാറ്റിയിട്ടുണ്ടെന്ന് കണക്കെടുക്കണം.പ്രലോഭിപ്പിച്ചും നിര്‍ബന്ധിച്ചും മതപരിവര്‍ത്തനം നടത്തുന്നത് നിരോധിക്കാന്‍ നിയമം കൊണ്ടുവരണമെന്നാണ് ബിജെപിയുടെ നയം. ന്യൂനപക്ഷത്തെ ആകര്‍ഷിക്കുന്നതിനുവേണ്ടി സിപിഎം ഇരട്ടത്താപ്പ് സ്വീകരിക്കുകയാണ്. ഹിന്ദു വിശ്വാസത്തിലുളളവരെ നിര്‍ബന്ധിച്ച് മതപരിവര്‍ത്തനം നടത്തുമ്പോള്‍ അതിനെ സ്വാഗതം ചെയ്യുന്ന നിലാപാടാണ് സിപിഎം കൈക്കൊണ്ടുവരുന്നത്. ഇസ്ലാം,ക്രിസ്തീയ മതവിശ്വാസത്തിലേക്ക് ഹിന്ദുമതത്തില്‍നിന്ന് ആളുകളെ പരിവര്‍ത്തനം ചെയ്യുന്നതിനുവേണ്ടി വിദേശങ്ങളില്‍ നിന്നടക്കം വലിയ രീതിയിലുളള ഫണ്ട് കേരളത്തിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ഈ ഫണ്ട് ഉപയോഗിച്ച് രാജ്യത്ത് വിഘടനവാദത്തേയും ഭീകരവാദത്തേയും പ്രോത്സാഹിപ്പിക്കുകയാണ്. കേരളത്തിലെ ദളിത്,പിന്നോക്ക വിഭാഗങ്ങള്‍ തങ്ങളുടെ കൂടെയാണെന്നാണ് സിപിഎം അവകാശപ്പെടുന്നത്.എന്നാല്‍ ആ വിഭാഗങ്ങള്‍ക്കിടയിലാണ് വിദേശ ഫണ്ടുപയോഗിച്ചുകൊണ്ട് മതപരിവര്‍ത്തനലോബി ശക്തമായി പ്രവര്‍ത്തിക്കുന്നത്. പ്രലോഭിപ്പിച്ചും നിര്‍ബന്ധിച്ചും മതപരിവര്‍ത്തനം നടത്തുന്നത് നിരോധിക്കുന്നതിന് സിപിഎമ്മും കോണ്‍ഗ്രസും സഹകരിക്കുമോയെന്നദ്ദേഹം ചോദിച്ചു. നിര്‍ബന്ധിത മതപരിവര്‍ത്തനത്തെ എന്നും എതിര്‍ത്ത പാരമ്പര്യമാണ് ബിജെപിക്കുളളതെന്നും അദ്ദേഹം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.