സസ്പെന്‍ഷന്‍ കഴിഞ്ഞു; സഭ പിരിഞ്ഞു

Wednesday 19 October 2011 12:51 am IST

തിരുവനന്തപുരം: എം.എല്‍.എമാരെ സസ്പെന്റ്‌ ചെയ്തതില്‍ പ്രതിഷേധിച്ച്‌ പ്രതിപക്ഷം നടത്തിയ സത്യഗ്രഹത്തിനിടെ നടപടികള്‍ പൂര്‍ത്തിയാക്കി നിയമസഭ ഇന്നലെയും നേരത്തേ പിരിഞ്ഞു. പ്രതിപക്ഷ ബഹളം മൂലം ചോദ്യോത്തരവേളയും ശൂന്യവേളയും സസ്പെന്റ്‌ ചെയ്ത്‌ ധനകാര്യം മാത്രം പരിഗണിച്ച്‌ സഭ പത്തുമിനിറ്റിനുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കുകയായിരുന്നു. സഭ തുടങ്ങുന്നതിന്‌ തൊട്ടുമുമ്പ്‌ തന്നെ സസ്പെന്‍ഷനിലായ അംഗങ്ങള്‍ ടി.വി.രാജേഷും ജയിംസ്‌ മാത്യുവും സഭവിട്ട്‌ പുറത്തുപോയി. തിങ്കളാഴ്ച സസ്പെന്‍ഷനിലായ ശേഷം ഇവര്‍ രണ്ടും സഭയ്ക്കുള്ളില്‍ നടുത്തളത്തില്‍ പ്രതിപക്ഷാംഗങ്ങള്‍ക്കൊപ്പം സത്യഗ്രഹമിരിക്കുകയായിരുന്നു. രണ്ടു ദിവസത്തേക്ക്‌ സഭയില്‍ നിന്ന്‌ സസ്പെന്റ്‌ ചെയ്യപ്പെട്ട ടി.വി.രാജേഷിന്റെയും ജയിംസ്‌ മാത്യുവിന്റെയും സസ്പെന്‍ഷന്‍ കാലാവധി കഴിഞ്ഞതായി സ്പീക്കര്‍ അംഗങ്ങള്‍ക്കു കത്തും നല്‍കി. തിങ്കളാഴ്ച മുതല്‍ ഇന്നലെ സഭ തീരുന്നതുവരെയായിരുന്നു സസ്പെന്‍ഷന്‍. ഇന്നലെ സഭ നേരത്തെ പിരിഞ്ഞതിനാലാണ്‌ രാവിലെ തന്നെ സസ്പെന്‍ഷന്‍ അവസാനിച്ചത്‌. രാവിലെ 8.30ന്‌ നടപടികള്‍ ആരംഭിച്ച ഉടന്‍ സഭയ്ക്കുള്ളില്‍ സത്യഗ്രഹം അനുവദിക്കാനാവില്ലെന്ന്‌ സ്പീക്കര്‍ വ്യക്തമാക്കി. 2000 ജൂലായ്‌ 17ന്‌ അന്നത്തെ സ്പീക്കര്‍ എം.വിജയകുമാര്‍ നടത്തിയ റൂളിങ്‌ ഉദ്ധരിച്ചായിരുന്നു സ്പീക്കര്‍ ജി.കാര്‍ത്തികേയന്റെ റൂളിംഗ്‌. അനിശ്ചിതകാല സത്യഗ്രഹം സഭയ്ക്കു പുറത്തു നടത്തുന്ന പതിവാണിവിടെ അംഗീകരിച്ചു പോന്നിട്ടുള്ളത്‌. സഭയ്ക്കുള്ളില്‍ അനിശ്ചിതകാല സമരം ഒരു കീഴ്‌വഴക്കമായി അംഗീകരിച്ചാല്‍ സഭാനടപടികള്‍ ഒരിക്കലും സുഗമമായി നടത്താന്‍ കഴിയില്ല. ജനാധിപത്യം സംരക്ഷിക്കുക മാത്രമല്ല, നല്ല കീഴ്‌വഴക്കം സൃഷ്ടിക്കേണ്ട ബാധ്യതയും ഈ സഭയ്ക്കുണ്ടെന്ന്‌ സ്പീക്കര്‍ വ്യക്തമാക്കി. തുടര്‍ന്ന്‌ സഭാനടപടികള്‍ സുഗമമായി നടത്തിക്കൊണ്ടുപോകാന്‍ കഴിയാത്ത സ്ഥിതിവിശേഷം ഉള്ളതിനാല്‍ ചോദ്യോത്തരവേളയും ശൂന്യവേളയും സസ്പെന്റ്‌ ചെയ്യാന്‍ തീരുമാനിച്ചതായി അറിയിച്ചു. ഇതേ തുടര്‍ന്ന്‌ സ്പീക്കര്‍ അടുത്ത നടപടികളിലേക്ക്‌ കടന്നു. ഈസമയത്ത്‌ പ്രതിപക്ഷാംഗങ്ങള്‍ നടുത്തളത്തില്‍ കുത്തിയിരുന്ന്‌ സര്‍ക്കാരിന്റെയും സ്പീക്കറുടെയും നടപടിയ്ക്കെതിരേ മുദ്രാവാക്യം വിളിയ്ക്കുകയായിരുന്നു. മന്ത്രി കെ.പി.മോഹനനെതിരെ നടപടി വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെടുന്നുണ്ടായിരുന്നു. ബഹളത്തിനിടെ പ്രതിപക്ഷനേതാവ്‌ വി.എസ്‌.അച്യുതാനന്ദന്‍ പ്രസംഗിക്കാന്‍ എഴുന്നേറ്റെങ്കിലും സ്പീക്കര്‍ മൈക്ക്‌ അനുവദിച്ചില്ല. കോഴിക്കോട്‌ വെടിവെയ്പിനെ കുറിച്ചുള്ള ഡി.ജി.പിയുടെ അന്വേഷണം എന്തായെന്നും എ.സി.പി രാധാകൃഷ്ണപിള്ളയ്ക്കെതിരെ എന്തു നടപടി സ്വീകരിച്ചുവെന്ന്‌ സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും വി.എസ്‌ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ബഹളത്തിനിടെ മന്ത്രി കെ.പി.മോഹനന്‍ മേശയ്ക്കു മേല്‍ കയറിയ സംഭവവുമായി ബന്ധപ്പെട്ട്‌ എം.എ.ബേബി കത്തുനല്‍കിയതായും ഇക്കാര്യത്തില്‍ ചേമ്പറില്‍ വിളിച്ചുവരുത്തി വിശദീകരണം ചോദിച്ചതായും അതിന്റെ അടിസ്ഥാനത്തില്‍ മന്ത്രി ഖേദം എഴുതി തന്നതായും സ്പീക്കര്‍ അറിയിച്ചു. ചില അംഗങ്ങളുടെ ഭാഗത്തുനിന്നുണ്ടായ പെരുമാറ്റവും മോശമായിരുന്നു. ഒരിക്കലും സഭയ്ക്കുള്ളില്‍ പറയാന്‍ പാടില്ലാത്ത വാക്കുകളുപയോഗിച്ച്‌ കടുത്ത ഭാഷയില്‍ പറഞ്ഞതിനാലാണ്‌ അത്തരം നടപടിയുണ്ടായതെന്ന്‌ മന്ത്രി വിശദീകരിച്ചതായും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു. മുന്‍ എം.എല്‍.എ കടകംപള്ളി സുരേന്ദ്രന്‍ കഴിഞ്ഞദിവസം സഭാഹാളില്‍ പ്രവേശിച്ചത്‌ മനപൂര്‍വമല്ലെന്നും ഓര്‍ക്കാതെ കടന്നുപോയതാണെന്നും ഉള്ളവിവരമാണ്‌ കിട്ടിയിട്ടുള്ളത്‌. കടകംപള്ളി സുരേന്ദ്രന്‍ ഇക്കാര്യത്തിലുള്ള വിഷമം നേരിട്ട്‌ അറിയിച്ചതിനാല്‍ ആ വിഷയവും ഇവിടെ അവസാനിപ്പിക്കുകയാണെന്ന്‌ സ്പീക്കര്‍ അറിയിച്ചു. തുടര്‍ന്ന്‌ ധനകാര്യത്തിലേക്ക്‌ കടന്ന സഭ, ഭക്ഷ്യം, ക്ഷീരവികസനം, സാമൂഹ്യവികസന വകുപ്പുകളുടെ ധനാഭ്യര്‍ഥന പാസാക്കി നടപടികള്‍ പൂര്‍ത്തിയാക്കി പിരിയുകയായിരുന്നു. രണ്ട്‌ അംഗങ്ങളുടെ സസ്പെന്‍ഷന്‍ കാലാവധി അവസാനിച്ചതോടെ പ്രതിപക്ഷം സഭയ്ക്കുള്ളില്‍ നടത്തിയ സത്യഗ്രഹം അവസാനിപ്പിച്ചു. പ്രതിപക്ഷാംഗങ്ങള്‍ പ്രതിപക്ഷ നേതാവ്‌ വി.എസ്‌.അച്യുതാനന്ദന്റെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിലേക്ക്‌ പ്രകടനം നടത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.