കണ്ടത്‌ നാണംകെട്ട നാടകങ്ങള്‍

Wednesday 19 October 2011 1:00 am IST

തിരുവനന്തപുരം: കഴിഞ്ഞ വെള്ളിയാഴ്ചത്തെ സംഭവങ്ങള്‍ തിങ്കളാഴ്ചത്തെ നടപടികളെ തകിടം മറിച്ചു. സ്പീക്കറെ ധിക്കരിച്ചതിന്റെ പേരില്‍ രണ്ടുപേരെ സസ്പെന്റ്‌ ചെയ്യാനുള്ള തീരുമാനം സഭ അംഗീകരിച്ചത്‌ നാടകീയമായിരുന്നു. അതിനെ അംഗീകരിക്കുന്നില്ലെന്നാണ്‌ പ്രതിപക്ഷനേതാവ്‌ വി.എസ്‌.അച്യുതാനന്ദന്‍ പ്രഖ്യാപിച്ചത്‌. അതിന്റെ ഫലമായിരുന്നു സഭയ്ക്കകത്തെ കുത്തിയിരിപ്പ്‌. കുത്തിയിരുന്ന്‌ മടുത്തപ്പോള്‍ കിടക്കാന്‍ പട്ടുമെത്തകളെത്തി. ശീതീകരിച്ച നിയമസഭാ മന്ദിരത്തിനകത്ത്‌ തിന്നാനും കുടിക്കാനും സംവിധാനമൊരുക്കി. എല്ലാം സ്പീക്കറുടെ ഔദാര്യത്തോടെ. സ്പീക്കറെ അവഹേളിച്ചവരും സൗജന്യം അനുഭവിച്ചു. സഭാഹാളില്‍ ഒരു രാത്രിമുഴുവന്‍ അംഗങ്ങളിരുന്നത്‌ മുന്‍പ്‌ സഭാനടപടികള്‍ പൂര്‍ത്തീകരിക്കാന്‍ മാത്രമായിരുന്നു. സത്യഗ്രഹം ആദ്യ അനുഭവം. തലേന്ന്‌ അംഗീകരിക്കില്ലെന്ന്‌ പറഞ്ഞ സസ്പെന്‍ഷന്‍ നേരം വെളുത്തപ്പോള്‍ സ്വീകാര്യമായി. പ്രതിപക്ഷ കക്ഷിനേതാക്കള്‍ ആലോചിച്ച്‌ ചൊവ്വാഴ്ച സഭ തുടങ്ങും മുമ്പ്‌ സസ്പെന്‍ഷനിലായ ടി.വി.രാജേഷും ജയിംസ്‌ മാത്യുവും പുറത്തു പോകണമെന്ന നിലപാടെടുത്തു. അതവരെ അറിയിക്കുകയും ചെയ്തു. സഭ കൂടാന്‍ ഒന്നാം മണി മുഴങ്ങും മുമ്പുതന്നെ രണ്ടുപേരും സഭാഹാള്‍ വിട്ടു. അതിനെക്കുറിച്ച്‌ രാജേഷ്‌ പറഞ്ഞതാണ്‌ വിചിത്രം. 'പ്രാഥമിക കൃത്യങ്ങള്‍ ചെയ്യാനും ചായകുടിക്കാനുമാണ്‌ പുറത്തുവന്നത്‌'. സ്വന്തം കക്ഷിനേതാക്കളുടെ തീരുമാനം പോലും അവര്‍ക്ക്‌ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ലെന്ന്‌ സാരം. ചായ കുടിച്ച്‌ തിരിച്ചെത്തിയപ്പോള്‍ സഭ പിരിഞ്ഞത്രെ. സഭയുടെ തീരുമാനം അംഗീകരിക്കുന്നത്‌ അഭിമാനമായാണ്‌ ജനാധിപത്യബോധമുള്ളവര്‍ ചെയ്യുക. സസ്പെന്‍ഷനിലായവര്‍ പറഞ്ഞ ന്യായമല്ല പ്രതിപക്ഷനേതാവും സിപിഐ അംഗം സുനില്‍കുമാറും പറഞ്ഞത്‌. സസ്പെന്‍ഷനിലായവര്‍ സഭയിലിരിക്കാന്‍ പാടില്ലെന്ന തീരുമാനപ്രകാരം അവരോട്‌ പുറത്തുപോകാന്‍ പറഞ്ഞു എന്നാണ്‌ ഇരുവരും അറിയിച്ചത്‌. തലേന്ന്‌ ചെയ്തതിലെ പിശക്‌ പിറ്റേന്ന്‌ തിരുത്താന്‍ പ്രതിപക്ഷ നേതൃത്വത്തിനായി. പക്ഷേ രണ്ട്‌ കണ്ണൂര്‍ക്കാര്‍ സഭയുടെയും കേരളത്തിന്റെയും അന്തസ്സിടിച്ചു എന്നു തന്നെ പറയാം. രണ്ടല്ല നാലുപേര്‍. വെള്ളിയാഴ്ച അധ്യക്ഷവേദിയിലേക്ക്‌ രണ്ടുപേര്‍ ഇടിച്ചുകയറിയത്‌ പ്രതിപക്ഷ ഉപനേതാവ്‌ കോടിയേരിബാലകൃഷ്ണന്റെ സമ്മതത്തോടെയെന്നാണ്‌ ഭരണപക്ഷത്തിന്റെ ആക്ഷേപം. പ്രതിപക്ഷ ഉപനേതാവ്‌ കണ്ണൂരുകാരനാണല്ലൊ. തിങ്കളാഴ്ച പ്രതിപക്ഷത്തിന്റെ പ്രകോപനത്തില്‍ വീണുപോയ കൃഷിമന്ത്രിയും കണ്ണൂരുകാരന്‍ തന്നെ. പ്രതിപക്ഷത്തെ ജയിംസ്‌ മാത്യുവും രാജേഷും കെ.പി.മോഹനനെ നോക്കി 'ഇറങ്ങിവാടാ' എന്ന വിളി പലകുറി ആവര്‍ത്തിച്ചപ്പോഴാണ്‌ സ്വതവെ ശാന്തനായ മോഹനന്‍ ഇടതുകാലുയര്‍ത്തി ഡസ്ക്കില്‍ വച്ച്‌ മറുകണ്ടം ചാടാനൊരുങ്ങിയത്‌. അതോടൊപ്പം മുന്‍വശത്തെ മുണ്ട്‌ നല്ലപോലെ നീക്കിയെന്ന ആരോപണവും പ്രതിപക്ഷനേതാവ്‌ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്‌. മോഹനനെ സസ്പെന്റ്‌ ചെയ്യണമെന്ന ആവശ്യവും ഉയര്‍ന്നു കഴിഞ്ഞു. രേഖാമൂലം കൃഷിമന്ത്രി ഖേദം പ്രകടിപ്പിച്ചതായി സ്പീക്കര്‍ സഭയെ അറിയിച്ചെങ്കിലും പ്രതിപക്ഷം അതുകൊണ്ട്‌ തൃപ്തരാകുമെന്ന്‌ തോന്നുന്നില്ല. ഇനി മോഹനനെ സസ്പെന്റ്‌ ചെയ്യണമെന്ന ആവശ്യത്തിനായിരിക്കും ശക്തികൂടുക. ഇന്നലെ സഭ ഒന്‍പത്‌ മിനിട്ടുമാത്രമാണ്‌ ചേര്‍ന്നത്‌. ചോദ്യോത്തരവും ശൂന്യവേളയും സസ്പെന്റ്‌ ചെയ്ത്‌ ധനാഭ്യര്‍ഥന പാസ്സാക്കുകയായിരുന്നു. പ്രതിപക്ഷനേതാവ്‌ മാത്രമാണ്‌ ഇരിപ്പിടത്തിലുണ്ടായിരുന്നത്‌. മറ്റുള്ളവര്‍ കുത്തിയിരിക്കുക മാത്രമാണ്‌ ചെയ്തത്‌. എന്നിട്ടും 57 പേര്‍ ഹാജര്‍ബുക്കില്‍ ഒപ്പിട്ടിരിക്കുന്നു എന്ന അദ്ഭുതപ്പെടുത്തുന്ന വസ്തുതയാണ്‌ പുറത്തുവന്നിരിക്കുന്നത്‌. സഭ അലങ്കോലപ്പെട്ടാലും അലവന്‍സ്‌ മുടങ്ങരുത്‌! ദീപസ്തംഭം മഹാശ്ചര്യം, നമുക്കും കിട്ടണം പണം. നോക്കുകൂലി ചുമട്ടുതൊഴിലാളികളുടെ കുത്തകയല്ല. സാമാജികരും അതിന്റെ അവകാശികളാണെന്നാണ്‌ ഇന്നലെ തെളിയിച്ചത്‌. നോക്കുകൂലി അവസാനിപ്പിക്കുമെന്ന്‌ കഴിഞ്ഞദിവസം തൊഴില്‍മന്ത്രി ഷിബു സഭയെ അറിയിച്ചിരുന്നു. അത്‌ ചുമട്ടുതൊഴിലാളികള്‍ക്കല്ലാതെ എംഎല്‍എമാരെ ബാധിക്കാന്‍ പോകുന്നേയില്ല. ശമ്പളവും അലവന്‍സും ഇരട്ടിയാക്കാനുള്ള തീവ്രശ്രമം ആരംഭിച്ച സാഹചര്യത്തില്‍ എന്തെങ്കിലും ചെയ്തല്ലെ പറ്റൂ!

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.