വ്യോമാഭ്യാസപ്രകടനങ്ങള്‍ ഇന്നും നാളെയും ശംഖുമുഖത്ത്

Monday 22 December 2014 10:20 pm IST

തിരുവനന്തപുരം: ദക്ഷിണ വ്യോമസേനയുടെ 30-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ശംഖുമുഖം കടപ്പുറത്ത് ഇന്നും നാളെയും യുദ്ധവിമാനങ്ങളുടെ അഭ്യാസ പ്രകടനങ്ങള്‍ നടക്കും. രാവിലെ 10.30 മുതല്‍ 12 മണി വരെ നടക്കുന്നപ്രകടനങ്ങള്‍ വീക്ഷിക്കാന്‍ പൊതുജനങ്ങള്‍ക്ക് നിശ്ചിത സമയങ്ങളില്‍ അവസരമുണ്ടാകും. സമാപന ദിനമായ നാളെ ഗവര്‍ണ്ണറും, മറ്റ് മുതിര്‍ന്ന നേതാക്കന്‍മാരും, ഉദ്യോഗസ്ഥ പ്രമുഖരും പ്രദര്‍ശനങ്ങള്‍ വീക്ഷിക്കും. പ്രകടനങ്ങളില്‍ സാരംഗ് ഹെലികോപ്റ്ററുകളാവും ആദ്യമെത്തുക. തുടര്‍ന്ന് വായുസേനയുടെ മുന്‍നിര പോര്‍വിമാനങ്ങളായ ജഗ്വാറും, സുഖോയ്-30 ഉം ആകാശത്ത് അദ്ഭുതങ്ങള്‍ സൃഷ്ടിക്കും. തുടര്‍ന്ന് “ആകാശ് ഗംഗ” സ്‌കൈ ഡൈവിംഗ് ടീമിന്റെ സ്‌കൈ ഡൈവിങ്ങ്,പാരാഗ്ലൈഡിംങ്ങ് പ്രദര്‍ശനങ്ങളും എയര്‍ വാരിയര്‍ ഡ്രില്‍ ടീമിന്റെ അത്യാകര്‍കഷകമായ ഡ്രില്ലും അരങ്ങേറും. എയര്‍ഫോഴ്‌സ് ബാന്റ് സംഘടിപ്പിക്കുന്ന സംഗീത പരിപാടികളും നടക്കും. സംസ്ഥാന സര്‍ക്കാരിന്റെ പോലീസ്, അഗ്നിശമനസേന, വിദ്യുച്ഛക്തി വിഭാഗം, പൊതുമരാമത്ത് വകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് ഈ പ്രകടനങ്ങള്‍ നടക്കുക. പക്ഷി ശല്യം ഒഴിവാക്കുന്നതിനായി പൊതുജനങ്ങള്‍ ബീച്ചില്‍ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ വലിച്ചെറിയരുതെന്നും പ്രദര്‍ശനസമയങ്ങളില്‍ ശംഖുമുഖത്ത് ഗതാഗത നിയന്ത്രണം ഉളളതിനാല്‍ ഗതാഗത കുരുക്ക് ഒഴിവാക്കാന്‍ പരമാവധി പൊതുവാഹനങ്ങള്‍ ഉപയോഗിക്കണമെന്നും വാഹനങ്ങള്‍ നിശ്ചിത മേഖലകളില്‍ മാത്രം പാര്‍ക്ക് ചെയ്യണമെന്നും വായുസേന അഭ്യര്‍ത്ഥിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.