സമാധാനത്തിന്റെ ശാന്തിദൂതരാകുക ആര്‍ച്ച് ബിഷപ് ഡോ. ഫ്രാന്‍സിസ് കല്ലറക്കല്‍

Monday 22 December 2014 10:55 pm IST

കൊച്ചി: മനുഷ്യരേവരും സമാധാനത്തിന്റെ ശാന്തിദൂതരാകുക എന്ന് വരാപ്പുഴ ആര്‍ച്ച് ബിഷപ് ഡോ. ഫ്രാന്‍സിസ് കല്ലറയ്ക്കല്‍ ക്രിസ്മസ് സന്ദേശത്തില്‍ പറഞ്ഞു. മനുഷ്യഹൃദയത്തില്‍ സ്‌നേഹം വരണ്ടുണങ്ങുകയും മനുഷ്യത്വത്തില്‍ നിന്ന് മൃഗീയതയിലേക്ക് മനുഷ്യന്‍ മടങ്ങുകയും ചെയ്യുമ്പോള്‍ ലോകത്ത് അത് വന്‍ദുരന്തങ്ങള്‍ക്ക് വഴിയൊരുക്കുമെന്ന് വരാപ്പുഴ അതിമെത്രാസന മന്ദിരത്തില്‍ ക്രിസ്മസ് ദിന സന്ദേശത്തിനായി വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ ആര്‍ച്ച് ബിഷപ് ചൂണ്ടിക്കാട്ടി. ശിശുക്കളെ പോലും കൂട്ടത്തോടെ വധിക്കുന്ന അതിദാരുണമായ സംഭവങ്ങളിലേക്കുവരെ ലോകം എത്തിക്കൊണ്ടിരിക്കുന്നുവെന്ന് പാക്കിസ്ഥാനിലും ഓസ്‌ട്രേലിയയിലും അടുത്തയിടെയുണ്ടായ മൃഗീയവും ദാരുണവുമായ സംഭവങ്ങള്‍ എടുത്തു കാട്ടി ആര്‍ച്ച് ബിഷപ് കല്ലറയ്ക്കല്‍ പറഞ്ഞു. സന്മനസുള്ള മനുഷ്യര്‍ക്ക് സമാധാനം എന്നാണ് യേശുവിന്റെ തിരുപ്പിറവി ലോകത്തോടു വിളംബരം ചെയ്തത്. സന്മനസുള്ള മനുഷ്യരാണ് ഇന്നു ലോകത്തുണ്ടാകേണ്ടത്. ഇവരാണ് ലോക നേതൃത്വത്തിലേക്ക് കടന്നു വരേണ്ടത്. എങ്കിലേ ലോകം രക്ഷപ്പെടൂ - ആര്‍ച്ച് ബിഷപ് കൂട്ടിച്ചേര്‍ത്തു. ക്രിസ്മസ് ദിനങ്ങളിലെ ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും ബാഹ്യമായ സന്തോഷം ആന്തരികമായ സന്തോഷത്തിലേക്കും സമാധാനത്തിലേക്കും നമ്മെ എത്തിക്കട്ടെ എന്നും ആര്‍ച്ച് ബിഷപ് ഡോ. ഫ്രാന്‍സിസ് കല്ലറയ്ക്കല്‍ ആശംസിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.